മറാത്തി ബിഗ് ബോസിലും ഫിനാലെയ്ക്ക് തൊട്ടുമുന്‍പ് ട്വിസ്റ്റ്! ടൈറ്റില്‍ വിജയി ഞായറാഴ്ച, സമ്മാനത്തുക എത്ര?
നടന്‍ റിതേഷ് ദേശ്മുഖ് ആണ് ബിഗ് ബോസ് മറാത്തിയുടെ അവതാരകന്‍
മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് ആണ്. മലയാളത്തിലെന്നല്ല സംപ്രേഷണം ചെയ്യുന്ന ഏത് ഭാഷയിലും അങ്ങനെ തന്നെയാണ് കാര്യങ്ങള്‍. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് അടുത്തിരിക്കുന്ന മറാത്തി ബിഗ് ബോസിന്‍റെ കാര്യവും അങ്ങനെതന്നെ. മറാത്തി ബിഗ് ബോസിന്‍റെ അഞ്ചാം സീസണിന് ഈ ഞായറാഴ്ച ഫൈനല്‍ വിസില്‍ മുഴങ്ങുകയാണ്. ബിഗ് ബോസ് ഷോയുടെ സവിശേഷതയായ ട്വിസ്റ്റ് അവിടെയുമുണ്ട്.
ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ആറ് പേര്‍ ഉള്ള ഫൈനല്‍ സിക്സ് ആയിരിക്കുമെന്ന് തോന്നല്‍ ഉളവാക്കിയ ബിഗ് ബോസ് ആറിലൊരാളെ എവിക്റ്റ് ചെയ്യുന്നുണ്ട്. ഈ എവിക്ഷന്‍ സൂചിപ്പിച്ചുകൊണ്ടുള്ള പ്രൊമോ പുറത്തെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന അഞ്ചില്‍ ഒരാളായിരിക്കും ഗ്രാന്‍ഡ് ഫിനാലെ വിജയി. സൂരജ് ചവാന്‍, അങ്കിത പ്രഭു വലവാക്കര്‍, ധനഞ്ജയ് പൊവാര്‍, അഭിജീത് സാവന്ത്, നിക്കി തമ്പോളി, ജാഹ്‍നവി കില്ലേക്കര്‍ എന്നിവരാണ് ബിഗ് ബോസ് മറാത്തി 5 ലെ ഫൈനല്‍ സിക്സ്. ഇവരിലൊരാള്‍ ഫിനാലെയ്ക്ക് മുന്‍പ് പുറത്താവും.
നടന്‍ റിതേഷ് ദേശ്മുഖ് ആണ് ബിഗ് ബോസ് മറാത്തിയുടെ അവതാരകന്‍. കളേഴ്സ് മറാത്തി ടിവി ചാനലിലും ഒടിടി പ്ലാറ്റ്ഫോം ആയ ജിയോ സിനിമയിലും ഷോ കാണാനാവും. ടൈറ്റില്‍ വിജയിക്ക് ട്രോഫിയും 25 ലക്ഷത്തിന്‍റെ സമ്മാനത്തുകയുമാവും ലഭിക്കുക. ജൂലൈ 28 നാണ് സീസണ്‍ 5 ആരംഭിച്ചത്. അതേസമയം സോഷ്യല്‍ മീഡിയ ബിഗ് ബോസ് ഗ്രൂപ്പുകളിലൊക്കെ വിജയിയെ പ്രവചിച്ചുകൊണ്ടുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും കൊഴുക്കുകയാണ്.
ALSO READ : സംഗീത സാന്ദ്രമായ പ്രണയകഥ; 'ഓശാന’ ഫസ്റ്റ് ലുക്ക് എത്തി