പൊട്ടിച്ചിരിപ്പിക്കുന്ന സ്‍കിറ്റുമായി അഖിലും സുചിത്രയും; തങ്ങളെ മോശമാക്കിയെന്ന് റിയാസും ലക്ഷ്‍മിപ്രിയയും
ആവേശകരമായ എട്ടാം വാരത്തില്‍ ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) എട്ടാം വാരം ഏറെ രസകരമായാണ് മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നത്. 50 ദിനങ്ങള്‍ പിന്നിട്ടിരിക്കുന്ന ഷോയില്‍ ഈ വാരത്തിലെ വീക്കിലി ടാസ്‍ക് ഏറെ കൌതുകകരമായിരുന്നു. ഹൌസില്‍ മത്സരാര്‍ഥികള്‍ അനുഭവിക്കുന്ന സൌകര്യങ്ങളൊക്കെയും ഒറ്റ രാത്രി കൊണ്ട് തടഞ്ഞുവച്ച് അവരെ അമ്പരപ്പിക്കുകയായിരുന്നു ബിഗ് ബോസ്. വെള്ളം, ഭക്ഷ്യവസ്തുക്കള്‍, പാചകവാതകം, കിടപ്പുമുറി തുടങ്ങി എടുത്തുമാറ്റപ്പെട്ട സൌകര്യങ്ങള്‍ തിരികെ നേടിയെടുക്കാനായി ബിഗ് ബോസ് നല്‍കുന്ന ടാസ്കുകള്‍ അവര്‍ ഓരോന്നായി വിജയിക്കേണ്ടിയിരുന്നു. ഇതില്‍ വെള്ളം, പാത്രങ്ങള്‍, കിടപ്പുമുറി, പാചകവാതകം എന്നിവയൊക്കെ മത്സരാര്‍ഥികള്‍ ടാസ്കുകള്‍ വിജയിച്ച് ഇതിനകം നേടിയെടുത്തുകഴിഞ്ഞു. ടാസ്കുകള്‍ക്കിടെ രണ്ട് മത്സരാര്‍ഥികളോട് ഒരു തമാശ സ്കിറ്റ് അവതരിപ്പിക്കാനും ബിഗ് ബോസ് പറഞ്ഞു. അഖിലിനോടും സുചിത്രയോടുമായിരുന്നു അത്.
പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായ റിയാസും വിനയ്‍യും വന്ന കഴിഞ്ഞ വാരം ഏറ്റവും സംഘര്‍ഷഭരിതമായിരുന്നു ബിഗ് ബോസ് വീട്. എന്നാല്‍ എല്ലാവരും ചേര്‍ന്നുനില്‍ക്കുക അതിജീവനത്തിന്റെ ഭാഗമായി മാറിയ ഒരു വീക്കിലി ടാസ്ക് വന്നതിനാല്‍ ഈ വാരം സമാധാനപൂര്‍ണ്ണവുമാണ് ബിഗ് ബോസ് വീട്. ഈ രണ്ട് അവസ്ഥകളെയും ദൃശ്യവല്‍ക്കരിക്കുന്ന ഒരു ടാസ്ക് അവതരിപ്പിക്കാനാണ് ബിഗ് ബോസ് ഇരുവരോടും ആവശ്യപ്പെട്ടത്. ടാസ്ക് വിചാരിച്ച രീതിയില്‍ പൂര്‍ത്തീകരിക്കാനായി സൂരജിനെക്കൂടി അഖില്‍ ക്ഷണിച്ചു.
പ്രധാനമായും ഹൌസിലെ അഞ്ച് പേരുടെ പല സമയത്തെ രീതികളെയാണ് അഖിലും സംഘവും സ്കിറ്റിലൂടെ അവതരിപ്പിച്ചത്. പുതിയ വൈല്‍ഡ് കാര്‍ഡുകളായ റിയാസ്, വിനയ് എന്നിവര്‍ക്കൊപ്പം ലക്ഷ്മിപ്രിയ, റോണ്‍സണ്‍, റോബിന്‍ എന്നിവരെയും ഇവര്‍ തമാശ രൂപേണ അവതരിപ്പിച്ചു. ഏറെ രസകരമായാണ് അവര്‍ സ്കിറ്റ് പൂര്‍ത്തിയാക്കിയത്. മത്സരാര്‍ഥികളില്‍ പലരും പല രംഗങ്ങളും കണ്ട് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ സ്കിറ്റിനു ശേഷം രണ്ടുപേര്‍ തങ്ങളെ ചിത്രീകരിച്ചതിലെ ചില പാളിച്ചകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തി. ലക്ഷ്മിപ്രിയയും റിയാസുമായിരുന്നു അത്. സുചിത്ര അവതരിപ്പിച്ചപ്പോള്‍ താന്‍ ഒരു വില്ലത്തിയെപ്പോലെ തോന്നി എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ പരാതി. എന്നാല്‍ ഗൌരവത്തോടെയല്ല ലക്ഷ്മി ഈ പരാതി ഉന്നയിച്ചത്. തന്നെ ശരിയായി അവതരിപ്പിച്ചില്ല എന്ന പരാതിയാണ് റിയാസും ഉയര്‍ത്തിയത്.
ALSO READ : ഒടുവില്‍ ലോകേഷും സമ്മതിച്ചു; കമലിനും ഫഹദിനുമൊപ്പം സൂര്യയുമുണ്ട്
പിന്നീട് സുചിത്രയും അഖിലും ഈ വിഷയം മാറിയിരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ വിനയ് അവരെ പിന്തുണച്ചു. ഒരു സ്കിറ്റിനെ സ്കിറ്റ് ആയി കാണണമെന്നായിരുന്നു വിനയ്‍യുടെ അഭിപ്രായം. അതേസമയം തങ്ങള്‍ക്കിടയിലെ സൌഹൃദത്തെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സുചിത്ര അഖിലിനോട് പരാതിയും പറയുന്നുണ്ടായിരുന്നു.