Bigg Boss grand finale Highlights : മലയാളം ബിഗ് ബോസില്‍ ആദ്യമായി വനിതാ ടൈറ്റില്‍ വിന്നര്‍
ബിഗ് ബോസില്‍ ഇത്തവണ ആരാകും വിജയിയാകുക? (Bigg Boss).
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ടൈറ്റില്‍ വിജയിയെ പ്രഖ്യാപിച്ചു. മലയാളം ബിഗ് ബോസില്‍ ആദ്യമായി ഒരു വനിതാ വിജയി എന്ന പ്രത്യേകതയുമായി ദില്‍ഷയാണ് വിജയ കിരീടം ചൂടിയത്. ഫിനാലെയില്‍ പങ്കെടുത്ത ആറ് മത്സരാര്‍ഥികളില്‍ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നീ ക്രമത്തിലാണ് പുറത്തായത്. അവശേഷിച്ച രണ്ടുപേര്‍ ദില്‍ഷയും ബ്ലെസ്‍ലിയും ആയിരുന്നു. ബിഗ് ബോസ് ഷോയുടെ പതിവ് പോലെ ഇവര്‍ ഇരുവരെയും മോഹന്‍ലാല്‍ വീട്ടിലേക്ക് നേരിട്ടുപോയി അവാര്‍ഡ് പ്രഖ്യാപന വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. വേദിയില്‍ സജ്ജീകരിച്ച സ്‍കീനില്‍ ഇരുവര്‍ക്കും ലഭിച്ച വോട്ടുകള്‍ ഡിസ്‍പ്ലേ ചെയ്‍തുകൊണ്ടാണ് ബിഗ് ബോസ് ടീം വിജയിയെ പ്രഖ്യാപിച്ചത്. ദില്‍ഷയുടെ കൈ പിടിച്ച് ഉയര്‍ത്തിക്കൊണ്ട് പ്രഖ്യാപനം ഔദ്യോഗികമാക്കി.
വര്‍ണാഭമായ തുടക്കം
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വര്‍ണ്ണാഭമായ തുടക്കമായിരുന്നു. അഞ്ച് പേര്‍ അടങ്ങുന്ന ഫൈനല്‍ ഫൈവ് ആണ് ബിഗ് ബോസിന്‍റെ പതിവെങ്കില്‍ ഇത്തവണ അത് ഫൈനല്‍ സിക്സ് ആണ്. ബ്ലെസ്ലി, റിയാസ്, സൂരജ്, ധന്യ, ദില്‍ഷ, ലക്ഷ്മിപ്രിയ എന്നിവരാണ് ഫൈനലില്‍ പ്രേക്ഷകരുടെ വോട്ട് അഭ്യര്‍ഥിച്ച മത്സരാര്‍ഥികള്‍. സുരാജ് വെഞ്ഞാറമൂടിന്റെ അടക്കം കലാ പരിപാടികളോടെയായിരുന്നു ഇത്തവണത്തെ ഗ്രാൻഡ് ഫിനാലെ.
ആദ്യം പുറത്തായത് സൂരജ്
ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലാണ് ഫിനാലെയിലെ ആദ്യ എവിക്ഷന്‍ ബിഗ് ബോസ് പ്രഖ്യാപിച്ചത്. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ബ്ലൈന്‍ഡ് ഫോള്‍ഡ്‍സ് എടുത്തുകൊണ്ടുവരാന്‍ ബ്ലെസ്ലിയോട് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ അത് ധരിക്കാന്‍ എല്ലാ മത്സരാര്‍ഥികളോടും ആവശ്യപ്പെട്ടു. അത് ധരിച്ചുനിന്ന ഓരോരുത്തരോടും വീട്ടിലെ ഓരോ സ്ഥലത്ത് പോയി നില്‍ക്കാനായിരുന്നു തുടര്‍ന്നുള്ള നിര്‍ദേശം. പിന്നീട് മുഖ്യ വാതില്‍ തുറന്ന് ബിഗ് ബോസ് ടീമിലെ രണ്ടുപേര്‍ വീട്ടിലേക്ക് എത്തി ആദ്യം പുറത്താവുന്നയാളെ കണ്‍ഫെഷന്‍ റൂം വഴി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സൂരജിനെയാണ് അവര്‍ കൊണ്ടുപോയത്. സൂരജ് ആണ് ഗ്രാന്‍ഡ് ഫിനാലെയില്‍ എവിക്റ്റ് ആയ ആദ്യ മത്സരാര്‍ഥി.
രണ്ടാമത് പുറത്തായത് ധന്യ
പ്രത്യേക രീതിയില്‍ നടത്തിയ ഒരു നടപടി ക്രമത്തോടെയായിരുന്നു പുറത്താകല്‍ പ്രഖ്യാപിച്ചത്. ലക്ഷ്‍മി പ്രിയ, റിയാസ്, ദില്‍ഷ, ധന്യ, ബ്ലസ്‍ലി എന്നിവരുടെ ഓരോ പ്രതിമകള്‍ ആക്റ്റിവിറ്റി ഏരിയയില്‍ വെച്ചിട്ടുണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ നേരെയുള്ള ലിവര്‍ വലിക്കുമ്പോള്‍ ആരുടെ പ്രതിമയാണോ താഴുന്നത് അവര്‍ പുറത്താകും എന്നാണ് അറിയിച്ചത്. ധന്യ ലിവര്‍ വലിച്ചപ്പോള്‍ പ്രതിമ താണുപോകുകയും അവരെ പുറത്തായതായി പ്രഖ്യാപിക്കുകയും ചെയ്‍തു.
മൂന്നാമത് ലക്ഷ്‍മി പ്രിയ
ബിഗ് ബോസ് വീടിന്‍റെ മുഖ്യ വാതില്‍ തുറന്ന് നാല് ബൈക്കര്‍മാര്‍ എത്തി. ബുള്ളറ്റ് ബൈക്കുകളില്‍ ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ചിരുന്നു ഇവര്‍. അവരവരുടെ പേരുകള്‍ എഴുതിവച്ച ബൈക്കുകളില്‍ കയറാനായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. തുടര്‍ന്ന് ഗാര്‍ഡന്‍ ഏരിയയില്‍ കുറച്ചുനേരം ഓടിച്ചശേഷം ഒരു ബൈക്ക് മാത്രം പുറത്തേയ്‍ക്ക് പോയി. പുറത്തായ ആള്‍ ഇരുന്ന ബൈക്ക് ആയിരുന്നു അത്. ലക്ഷ്‍മിപ്രിയയായിരുന്നു ആ ബൈക്കില്‍ ഉണ്ടായിരുന്നത്. ഇതോടെ ഗ്രാന്‍ഡ് ഫിനാലെയില്‍ നിന്ന് പുറത്താവുന്ന മൂന്നാമത്തെ മത്സരാര്‍ഥിയായി ലക്ഷ്‍മിപ്രിയ.
ഞെട്ടിക്കുന്ന പുറത്താകല്‍
മൂന്ന് പേരില്‍ നിന്ന് ഒരാളെ പുറത്താക്കിയ സന്ദര്‍ഭം അത്യധികം ആകാംക്ഷയും പിരിമുറക്കവും നിറഞ്ഞതായിരുന്നു. ആക്റ്റീവീറ്റി ഏരിയയില്‍ പോയി ബിഗ് ബോസിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു മോഹൻലാല്‍ പറഞ്ഞത്. വ്യത്യസ്‍ത പ്രകാശ വിന്യാസങ്ങളായിരുന്നു ആക്റ്റീവിറ്റി ഏരിയയില്‍ ഉണ്ടായത്. ബിഗ് ബോസ് വിജയിക്ക് ലഭിക്കുന്ന ട്രോഫി അവിടെ കാണിച്ചു. ആരുടെ ദേഹത്താണോ വെളിച്ചം തെളിയുന്നത് അവര്‍ ട്രോഫിക്ക് അരികിലേക്ക് മുന്നോട്ട് വന്ന് നില്‍ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ നില്‍ക്കുമ്പോള്‍ ആരുടെ ദേഹത്താണോ ചുവപ്പ് വെളിച്ചം തെളിയുന്നത് അവര്‍ പുറത്താകും എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. അങ്ങനെയാണ് റിയാസിന്റെ പുറത്താകല്‍ ബിഗ് ബോസ് അറിയിച്ചത്.
ടൈറ്റില്‍ വിജയിയായി ദില്‍ഷ
ഒടുവില്‍ ദില്‍ഷയും ബ്ലസ്‍ലിയും മാത്രം ബാക്കിയായി. ഇരുരുവരെയും മോഹന്‍ലാല്‍ വീട്ടിലേക്ക് നേരിട്ടുപോയി അവാര്‍ഡ് പ്രഖ്യാപന വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. വേദിയില്‍ സജ്ജീകരിച്ച സ്‍കീനില്‍ ഇരുവര്‍ക്കും ലഭിച്ച വോട്ടുകള്‍ ഡിസ്‍പ്ലേ ചെയ്‍തുകൊണ്ടാണ് ബിഗ് ബോസ് ടീം വിജയിയെ പ്രഖ്യാപിച്ചത്. ദില്‍ഷയുടെ കൈ പിടിച്ച് ഉയര്‍ത്തിക്കൊണ്ട് മോഹൻലാല്‍ പ്രഖ്യാപനം ഔദ്യോഗികമാക്കി. മൊത്തം വോട്ടിന്റെ 39 ശതമാനം ദില്‍ഷ നേടി.
Read More : ബിഗ് ബോസ് മലയാളത്തില്‍ ഇത് ചരിത്രം; സീസണ്‍ 4 വിജയിയെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍