9 പേരുള്ള എലിമിനേഷന്‍ ലിസ്റ്റ്; ഈ വാരം ആരൊക്കെ പുറത്താവും?
ഒന്നര മാസം എന്ന് പറയുന്നത് ബിഗ് ബോസ് ഷോയെ സംബന്ധിച്ച് ഒരു വലിയ കാലയളവാണ്. പ്രേക്ഷകപ്രീതിയും അപ്രീതിയുമൊക്കെ നേടാന്‍ മത്സരാര്‍ഥികളെ സംബന്ധിച്ച് അവശ്യം വേണ്ട സമയമായി
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആറ് ആഴ്ചകള്‍ പിന്നിടാന്‍ ഒരുങ്ങുകയാണ്. അതായത് ഒന്നര മാസം. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനുമായി എത്തിയ സീസണ്‍ 6 അതിനെ ശരിവെക്കുന്ന തരത്തില്‍ പുതുമ നിറഞ്ഞ ഫോര്‍മാറ്റിലാണ് എത്തിയിരിക്കുന്നത്. നാല് കിടപ്പുമുറികളും അതിലൊന്ന് ബിഗ് ബോസ് ഹൗസിലെ സര്‍വ്വാധികാരികളായ പവര്‍ ടീം താമസിക്കുന്ന പവര്‍ റൂമുമൊക്കെയാക്കിയ സീസണ്‍ 6 അതിനാല്‍ത്തന്നെ മുന്‍ മാതൃകകള്‍ ഇല്ലാത്തതുമാണ്. മുന്‍പ് വിജയിച്ചവരുടെ സ്ട്രാറ്റജികള്‍ ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്ത സീസണാണ് ഇത്. അത് മത്സരാര്‍ഥികള്‍ക്ക് ഗുണമല്ല, മറിച്ച് ദോഷമാണ് ഉണ്ടാക്കുന്നത്. കോണ്ടന്‍റ് ഇല്ലെന്ന് പരാതിപ്പെട്ട ആരാധകര്‍ക്ക് മുന്നിലേക്ക് നാലാം വാരാന്ത്യത്തിലാണ് ബിഗ് ബോസ് ആറ് വൈല്‍ഡ് കാര്‍ഡുകളെ ഒരുമിച്ച് ഇറക്കിവിട്ടത്. ബിഗ് ബോസ്, ബിഗ് ബോസ് ആയത് അതിനുശേഷമാണെന്ന് പറയാം. ഷോ ഒന്നര മാസം പിന്നിടുമ്പോള്‍ പുതിയ നോമിനേഷന്‍ ലിസ്റ്റില്‍ ഒന്‍പത് പേരാണ് ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ വാരം പുതിയ നോമിനേഷന്‍ ഉണ്ടായിരുന്നില്ല. വിഷു വാരാന്ത്യം പരിഗണിച്ച് മാറ്റിവെക്കപ്പെട്ട എവിക്ഷനില്‍ ഉണ്ടായിരുന്ന നോമിനേഷന്‍ ലിസ്റ്റ് തന്നെയാണിത്. അതേ ലിസ്റ്റ് ഒരാഴ്ച കൂടി വോട്ടിംഗിന് ഇടുകയായിരുന്നു ബിഗ് ബോസ്.
ഒന്നര മാസം എന്ന് പറയുന്നത് ബിഗ് ബോസ് ഷോയെ സംബന്ധിച്ച് ഒരു വലിയ കാലയളവാണ്. പ്രേക്ഷകപ്രീതിയും അപ്രീതിയുമൊക്കെ നേടാന്‍ മത്സരാര്‍ഥികളെ സംബന്ധിച്ച് അവശ്യം വേണ്ട സമയമായി. മറ്റൊരു എവിക്ഷന് ഒരു ദിവസം മാത്രം ശേഷിക്കെ നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട മത്സരാര്‍ഥികളുടെ സാധ്യതകളും വെല്ലുവിളികളും പരിശോധിക്കാം.
അഭിഷേക് ശ്രീകുമാര്‍
വൈല്‍ഡ് കാര്‍ഡ് ആയി വന്ന ദിവസം തന്നെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിക്കുകയെന്ന അപൂര്‍വ്വതയ്ക്ക് ഉടമയാണ് അഭിഷേക് ശ്രീകുമാര്‍. പ്രീ പ്ലാന്‍ ചെയ്ത് വന്നതുപോലെ വന്ന ദിവസം തന്നെ മറ്റൊരു വൈല്‍ഡ് കാര്‍ഡ് ആയ അഭിഷേക് ജയദീപിനെതിരെയും ജാന്‍മോണിക്കെതിരെയുമൊക്കെ സംസാരിക്കാന്‍ ആരംഭിച്ച അഭിഷേക് ശ്രീകുമാറിന്‍റെ പ്രസ്താവനകള്‍ എല്‍ജിബിടിക്യു സമൂഹത്തിനെതിരായുള്ളതായും വിലയിരുത്തപ്പെട്ടു. താന്‍ ഒരു സമൂഹത്തിനെതിരെ അല്ലെന്നും മറിച്ച് ചില വ്യക്തികള്‍ക്ക് എതിരെയാണെന്നുമൊക്കെ അഭിഷേക് പറഞ്ഞുനോക്കിയെങ്കിലും വന്ന ഇമേജ് മാറ്റാന്‍ അതൊന്നും വിലപ്പോയില്ല. ഫലം ഏറ്റവുമധികം വോട്ടുകളോടെ നോമിനേഷന്‍ ലിസ്റ്റില്‍. വിഷു വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാലില്‍ നിന്ന് ഈ വിഷയത്തില്‍ ശാസനയും ഒപ്പം രണ്ടാഴ്ചത്തേക്ക് ഡയറക്റ്റ് നോമിമേഷനും അഭിഷേകിന് ലഭിച്ചു.
താന്‍ പ്ലാന്‍ ചെയ്തുവന്ന വഴി പാളി എന്ന് മനസിലാക്കി പെട്ടെന്ന് റൂട്ട് മാറ്റാന്‍ സാധിച്ചു എന്നത് അഭിഷേകിന്‍റെ പ്ലസ് ആണ്. വാരാന്ത്യ എപ്പിസോഡിന് ശേഷം വിവാദ വിഷയങ്ങളൊന്നും അഭിഷേക് ഹൗസില്‍ സംസാരിച്ചിട്ടില്ല. കാര്യങ്ങളെ ലൈറ്റ് ആയി എടുക്കുന്ന മത്സരാര്‍ഥി എന്ന ഇമേജ് ആണ് ഇപ്പോള്‍ അദ്ദേഹത്തിന് ഉള്ളത്. ഈ വാരം പുറത്താവാന്‍ സാധ്യത കുറഞ്ഞ മത്സരാര്‍ഥിയാണ് അഭിഷേക് ശ്രീകുമാര്‍
ശ്രീരേഖ
ഷോ ഒന്നര മാസം പിന്നിടുമ്പോള്‍ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് ശ്രീരേഖ. ആദ്യ വാരങ്ങളില്‍ പലപ്പോഴും ആശയക്കുഴപ്പവും നിലപാടിലെ വ്യക്തതയില്ലായ്മയും ശ്രീരേഖയ്ക്ക് വെല്ലുവിളി ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത്തരം കണ്‍ഫ്യൂഷനൊന്നുമില്ലാത്ത ഒരു മത്സരാര്‍ഥിയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍. ഹൗസില്‍ വലിയ ശത്രുക്കളോ ബന്ധുക്കളോ ഇല്ല. എന്നാല്‍ ജാസ്മിന്‍- ഗബ്രി കോമ്പോയോട് നീരസമുണ്ട്. അവരോടും മറ്റാരോടുമുള്ള എതിര്‍പ്പുകള്‍ കൃത്യമായി പ്രകടിപ്പിക്കാറുമുണ്ട്. സീസണ്‍ 6 ല്‍ ഏറ്റവും നന്നായി സംസാരിക്കാന്‍ അറിയാവുന്ന മത്സരാര്‍ഥി കൂടിയാണ് ശ്രീരേഖ. ഗെയിമുകളിലെയും ടാസ്കുകളിലെയുമൊക്കെ മികച്ച പ്രകടനമാണ് മറ്റൊരു പ്ലസ്. അഭിപ്രായം തുറന്ന് പ്രകടിപ്പിക്കുന്നതുകൊണ്ടും ഒരു ഗ്രൂപ്പിന്‍റെയും ഭാഗമല്ലാത്തതുകൊണ്ടുമാണ് ശ്രീരേഖ നോമിനേഷന്‍ ലിസ്റ്റുകളിലേക്ക് വരുന്നത്. ഈ വാരം പുറത്താവാന്‍ സാധ്യത കുറഞ്ഞ മത്സരാര്‍ഥി.
ഋഷി
ഒന്നര മാസം പിന്നിടുമ്പോള്‍ തുടക്കത്തിലെ ഇമേജ് അല്ല ഋഷിക്ക് ഇപ്പോള്‍. സീസണ്‍ 6 ല്‍ ഏറ്റവും വൈകാരിക സത്യസന്ധതയുള്ള മത്സരാര്‍ഥിയെന്ന് ഋഷിക്ക് തുടക്കത്തിലും ഇപ്പോഴും പേരുണ്ട്. എന്നാല്‍ ഈ സ്വഭാവം ആദ്യ വാരങ്ങളില്‍ ഋഷിക്കുതന്നെ വലിയ വെല്ലുവിളിയായിരുന്നു. അടുത്ത സുഹൃത്തുക്കളെന്ന് കരുതുന്നവര്‍ ഗെയിമുകളില്‍ തനിക്കെതിരെ തിരിഞ്ഞാല്‍ സ്വയം കൈവിട്ടുപോകുന്ന ഋഷിയെ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ആദ്യ സമയത്തുണ്ടായിരുന്ന പല സൗഹൃദങ്ങളും ഋഷി ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. ഉദാഹരണത്തിന് അര്‍ജുനുമായുള്ള സൗഹൃദം. എന്നാല്‍ അന്‍സിബ, ജാന്‍മോണി, ജിന്‍റോ തുടങ്ങിയവരുമായുള്ള സൗഹൃദം കേടുപാടൊന്നുമില്ലാതെ ഇപ്പോഴും നിലനിര്‍ത്തുകയും ചെയ്യുന്നു. വൈല്‍ഡ് കാര്‍ഡുകളില്‍ ഒരാളായ സിബിന്‍റെ ഗെയിമര്‍ എന്ന നിലയിലെ മികവിനെ അംഗീകരിക്കുന്നുണ്ട് ഋഷി ഇപ്പോള്‍. സിബിന്‍ കൂടി ഉള്‍പ്പെട്ട പവര്‍ ടീമിന്‍റെ ഭാഗവുമാണ്. അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ ഋഷി ഈ വാരം സേഫ് ആണ്.
നോറ
അഭിപ്രായം തുറന്നുപറയാന്‍ ഒരു മടിയുമില്ലാത്ത മത്സരാര്‍ഥിയെന്ന ഇമേജ് ആണ് നോറയ്ക്ക്. ആരുടെ മുഖത്ത് നോക്കിയും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ നോറ ഉറക്കെ പറയും. വൈല്‍ഡ് കാര്‍ഡുകള്‍ വന്നത് ഏറെ ആത്മവിശ്വാസമുണ്ടാക്കിയ മത്സരാര്‍ഥി കൂടിയാണ് നോറ. അതിന് മുന്‍പുള്ള ആഴ്ചകളില്‍ ഹൗസില്‍ കാര്യമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന നോറയെയാണ് കണ്ടത്. അപ്പോഴും അവര്‍ക്ക് സ്വന്തം അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. സഹമത്സരാര്‍ഥികള്‍ വലിയ വില കൊടുക്കാതിരുന്ന അവസ്ഥയില്‍ നിന്ന് ഏറെ മാറിയിട്ടുണ്ട് നോറയുടെ സാന്നിധ്യം. ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാത്തയാള്‍ എന്നതും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ആള്‍ എന്നതും നോറയ്ക്ക് പോസിറ്റീവ് ആണ്. എന്നാല്‍ ആവശ്യമുള്ളതിനും ഇല്ലാത്തതിനും ബഹളമുണ്ടാക്കുന്നയാള്‍ എന്ന് നോറയ്ക്ക് സഹമത്സരാര്‍ഥികള്‍ക്കിടയില്‍ ഒരു ഇമേജ് ഉണ്ട്. പ്രേക്ഷകരില്‍ ചിലരിലും അത് ഉണ്ടാവാം. ഏതായാലും നോമിനേഷനെ സംബന്ധിച്ച് സേഫ് ആയ മത്സരാര്‍ഥി ആയിരിക്കും നോറ.
ശ്രീതു
ഒന്നരമാസ കാലയളവില്‍ മത്സരാര്‍ഥി എന്ന നിലയില്‍ സാന്നിധ്യം അനുഭവപ്പെടുത്താന്‍ കഴിയാതെപോല മത്സരാര്‍ഥികളുടെ കൂട്ടത്തിലാണ് ശ്രീതു. തമിഴ്നാട് സ്വദേശിയായ ശ്രീതുവിന് മലയാളഭാഷ അനായാസം പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അത് പലപ്പോഴും ഉണ്ടാവുന്ന തര്‍ക്കങ്ങളില്‍ കൃത്യമായി പോയിന്‍റുകള്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് അവരെ തടയുന്നുണ്ടാവണം. അര്‍ജുനുമായുള്ള സൗഹൃദത്തിന്‍റെ ഒരു ട്രാക്ക് മാത്രമാണ് ബിഗ് ബോസില്‍ ഇതുവരെ ശ്രീതുവിന് പറയാനുള്ളത്. അതാണെങ്കില്‍ ഗബ്രി- ജാസ്മിന്‍ കോമ്പോയ്ക്ക് മുന്നില്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുമില്ല. നോമിനേഷന്‍ ലിസ്റ്റില്‍ കുറച്ച് പരുങ്ങലിലാണ് ശ്രീതുവിന്‍റെ നില.
അന്‍സിബ
വൈല്‍ഡ് കാര്‍ഡുകള്‍ വന്നപ്പോഴാണ് അന്‍സിബ ഒരു നിശബ്ദ ഗെയിമര്‍ ആണെന്ന് ഒപ്പമുണ്ടായിരുന്ന സഹമത്സരാര്‍ഥികളില്‍ പലരും തിരിച്ചറിഞ്ഞത്. പലപ്പോഴും റൂമില്‍ത്തന്നെ ഇരുന്ന് അടുത്ത സുഹൃത്തായ ഋഷിയുമായി ചേര്‍ന്ന് അന്‍സിബ തന്ത്രങ്ങള്‍ മെനയുകയാണെന്ന് വൈല്‍ഡ് കാര്‍ഡ് ആയ സിബിന്‍ അടക്കമുള്ളവര്‍ ഒന്നിലധികം തവണ പറഞ്ഞു. ഗെയിമര്‍ എന്ന നിലയില്‍ അന്‍സിബയിലും അത് മാറ്റങ്ങള്‍ ഉണ്ടാക്കി. പഴയതിലും ആക്റ്റീവ് ആണ് ഈ മത്സരാര്‍ഥി ഇപ്പോള്‍. പറയാനുള്ള പോയിന്‍റുകള്‍ പഴയതിലും ഊര്‍ജ്ജസ്വലമായി കുറിക്കുകൊള്ളും വിധം അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ മത്സരാര്‍ഥിയെ ഒഴിവാക്കി സീസണ്‍ 6 ആലോചിക്കാനാവില്ല എന്ന തലത്തിലേക്ക് എത്തിയിട്ടുമില്ല അന്‍സിബ. നോമിനേഷന്‍ കാര്യം പരിശോധിക്കുമ്പോള്‍ 50:50 ചാന്‍സ് ആണ് അന്‍സിബയ്ക്ക്.
ജിന്‍റോ
സീസണ്‍ 6 ല്‍ ഏറ്റവും ശ്രദ്ധ നേടിയ മത്സരാര്‍ഥികളില്‍ ഒരാള്‍. പറയുന്നതില്‍ പലതും അബദ്ധവും പൊളിറ്റിക്കല്‍ കറക്റ്റ്നസ് പ്രശ്നവുമൊക്കെ ഉള്ളതാണെങ്കിലും ഗെയിമര്‍ എന്ന നിലയില്‍ തന്‍റെ പരിമിതികള്‍ എന്തെന്ന് നന്നായി അറിയുന്ന മത്സരാര്‍ഥിയാണ് ജിന്‍റോ. അതുതന്നെയാണ് അയാളുടെ കരുത്തും. അന്‍സിബ ഒരിക്കല്‍ മറ്റൊരാളോട് ജിന്‍റോയെക്കുറിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്. വെറുപ്പ് ഉളവാക്കുന്ന പല പ്രവര്‍ത്തികളും ജിന്‍റോയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പക്ഷേ ജിന്‍റോയെ അങ്ങോട്ട് വെറുക്കാനും പറ്റുന്നില്ല. ബിഗ് ബോസ് പ്രേക്ഷകരെ സംബന്ധിച്ചും ജിന്‍റോയുടെ ഇമേജ് ഇതാണ്. ആക്റ്റീവ് ആണെന്നതും ജിന്‍റോ സീരിയസ് ആയി ചെയ്യുന്ന പല കാര്യങ്ങളിലും എന്‍റര്‍ടെയ്ന്‍മെന്‍റ് കോണ്ടന്‍റ് ഉണ്ട് എന്നതുമാണ് മത്സരാര്‍ഥി എന്ന നിലയില്‍ ഇദ്ദേഹത്തിന്‍റെ പ്ലസ്. വീക്കെന്‍ഡ് എപ്പിസോഡില്‍ ജിന്‍റോയുടെ അഭിപ്രായങ്ങള്‍ക്ക് കാണികളില്‍ നിന്ന് വരുന്ന പ്രതികരണം തന്നെ ഉദാഹരണം. നോമിനേഷനില്‍ ഉള്ളവരില്‍ ഏറ്റവും സേഫ് ആയ മത്സരാര്‍ഥികളിലൊരാളാണ് ജിന്‍റോ.
ശരണ്യ
വിഷു വാരാന്ത്യത്തില്‍ നടക്കേണ്ടിയിരുന്ന എവിക്ഷന്‍ റദ്ദാക്കപ്പെട്ടിരുന്നില്ലെങ്കില്‍ പുറത്താവേണ്ടിയിരുന്ന മത്സരാര്‍ഥി. ശ്രീതുവിനെപ്പോലെ ഇതുവരെ തന്‍റേതായ സാന്നിധ്യം അടയാളപ്പെടുത്താല്‍ കഴിയാതിരുന്ന മത്സരാര്‍ഥിയാണ് ശരണ്യയും. ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന ശരണ്യയ്ക്ക് ഭാഷാപരമായ പ്രശ്നങ്ങളുമുണ്ട്. ഇപ്പോള്‍ പവര്‍ ടീമില്‍ ആയിരിക്കുമ്പോഴും സ്വാധീനശേഷിയുള്ള മറ്റുള്ളവര്‍ പറയുന്നത് പ്രാവര്‍ത്തികമാക്കുക എന്നതില്‍ കവിഞ്ഞ് ശരണ്യയ്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ നോമിനേഷന്‍ ലിസ്റ്റില്‍ ഏറെ റിസ്ക് നേരിടുന്ന മത്സരാര്‍ഥി.
ജാന്‍മോണി
ഈ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാള്‍. ഒന്നര മാസത്തിനിടെ ഹൗസില്‍ ഏറ്റവും മുഴങ്ങിക്കേട്ട ശബ്ദങ്ങളിലൊന്നും ജാന്‍മോണി ദാസിന്‍റേത് ആണ്. പെട്ടെന്ന് പ്രകോപിതയാവുന്ന, എതിരാളികളെ ശപിക്കുന്ന ജാന്‍മോണിയെ എക്സ്പോസ് ചെയ്തത് മോഹന്‍ലാലിലൂടെ ബിഗ് ബോസ് തന്നെയാണ്. ജാന്‍മോണി ശാപവാക്കുകള്‍ പറയുന്ന ഒരു വീഡിയോ വാരാന്ത്യ എപ്പിസോഡില്‍ പ്ലേ ചെയ്യുന്നത് വരെ ഹൗസില്‍ അധികം പേര്‍ അവര്‍ക്കെതിരെ വന്നിരുന്നില്ല. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന ടാഗ് ആണ് ആര്‍ട്ടിസ്റ്റുകളായ മത്സരാര്‍ഥികള്‍ ജാന്‍മോണിക്കെതിരെ നില്‍ക്കാത്തതെന്ന് പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായമുണ്ടായിരുന്നു. അതില്‍ സത്യമുണ്ടായിരുന്നുതാനും. ജാന്‍മോണിക്ക് ആദ്യ വാരങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്ന പ്രിവിലേജ് ഹൗസില്‍ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. നെഗറ്റീവ് ആയി വരാവുന്ന ഒരുപാട് സംഭവങ്ങള്‍ ബിഗ് ബോസില്‍ ജാന്‍മോണിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വാരത്തിലെ എവിക്ഷനിലൂടെ പുറത്താക്കപ്പെടേണ്ടിയിരുന്ന മത്സരാര്‍ഥിയുമാണ് ജാന്‍മോണി. നിലവില്‍ പവര്‍ ടീമിന്‍റെ ഭാഗമാണെന്നത് ഒഴിച്ചാല്‍ ജാന്‍മോണിയില്‍ നിന്ന് ശ്രദ്ധേയ പ്രകടനങ്ങളൊന്നും കഴിഞ്ഞ ഒരു വാരത്തില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ജനപ്രീതിയുള്ള സിബിന്‍, ജിന്‍റോ, ഋഷി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്നതിന്‍റെ ഗുണം വോട്ടിംഗില്‍ ജാന്‍മോണിക്ക് ലഭിക്കും. എന്നിരുന്നാലും നോമിനേഷനിലെ സാന്നിധ്യം ജാന്‍മോണിക്ക് റിസ്ക് ആണ്.
ബിഗ് ബോസ് സീസണ്‍ 6 റിവ്യൂസ് വായിക്കാം
ജിന്‍റോയുടെ 'പവര്‍' കുറയ്ക്കുമോ അര്‍ജുന്‍? എന്നെത്തും സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്?
റോക്കിയുടെ അപ്രതീക്ഷിത എക്സിറ്റ്; ഇനി നേട്ടമുണ്ടാക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ?
കളിക്കാന്‍ മറന്ന കോമണര്‍, ബിഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍
പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബിഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?
കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ
എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?