കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

രതീഷിന്‍റെ പരാജയപ്പെട്ട സ്ട്രാറ്റജി മറ്റ് പല മത്സരാര്‍ഥികളുടെയും ഗെയിം പ്ലാനുകളെ കാര്യമായി സ്വാധീനിച്ചെന്ന് ഉറപ്പാണ്

bigg boss malayalam season 6 review impact of eviction of ratheesh kumar who will win more screen space here after nsn

പ്രേക്ഷകര്‍ക്ക് എപ്പോഴും അപ്രതീക്ഷിതത്വങ്ങള്‍ കാത്തുവെക്കാറുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. അതുകൊണ്ടാണ് വന്ന ഭാഷകളിലെല്ലാം അത് ജനപ്രീതിയുടെ ഉയരങ്ങളില്‍ നില്‍ക്കുന്നത്. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനില്‍ ആരംഭിച്ചിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കും ഞായറാഴ്ച നല്‍കിയത് ഒരു ഷോക്കിംഗ് സര്‍പ്രൈസ് ആയിരുന്നു. ആദ്യ വാരം ഹൗസിനുള്ളില്‍ ഏറ്റവും മുഴങ്ങിക്കേട്ട ശബ്ദത്തിന്‍റെ ഉടമ തന്നെ ആദ്യ എവിക്ഷനിലൂടെ പുറത്ത്! ബിഗ് ബോസിന്‍റെ ആദ്യ വാര കണ്ടന്‍റില്‍ ഒരു നല്ല ശതമാനവും അപഹരിച്ച രതീഷ് കുമാറിന്‍റെ പുറത്താവല്‍ ഇനിയങ്ങോട്ടുള്ള, പ്രത്യേകിച്ചും രണ്ടാം ആഴ്ചയിലെ ഗെയിമിനെ കാര്യമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്. രതീഷ് കുമാറിന്‍റെ അപ്രതീക്ഷിത പുറത്താവല്‍ സീസണ്‍ 6 ഉണ്ടാക്കാന്‍ സാധ്യതയുള്ള ഇംപാക്റ്റ് എന്തൊക്കെയെന്ന് നോക്കാം.

ആര്‍ക്കുമില്ല, ഒരെത്തും പിടിയും

സീസണ്‍ 6 തുടങ്ങി ആദ്യ ദിവസം തന്നെ അതിന്‍റെ സ്വഭാവം നിര്‍ണ്ണയിച്ചതില്‍ പ്രധാന പങ്ക് വഹിച്ച ആളാണ് രതീഷ് കുമാര്‍. രോഷം പ്രകടിപ്പിക്കുന്ന, ടോക്സിക് ഘടകങ്ങളുള്ള പുരുഷ മത്സരാര്‍ഥികള്‍ക്ക് മുന്‍ സീസണുകളില്‍ ലഭിച്ചിട്ടുള്ള പ്രേക്ഷകപിന്തുണ മനസിലാക്കി അതേ മാതൃക, അല്‍പം കൂടിയ സ്കെയിലില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച മത്സരാര്‍ഥിയായി രതീഷിനെ മനസിലാക്കാം. വെറും സാധാരണ പ്രതികരണങ്ങള്‍ ആവശ്യമായ ഇടത്ത് ഓവര്‍ റിയാക്ഷന്‍ നടത്തുന്ന (അതും വലിയ ശബ്ദത്തില്‍) രതീഷിനെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ കാണുന്നുണ്ട്. ഇതിന് പ്രേക്ഷകരുടെ വലിയ പിന്തുണ കിട്ടുമെന്നായിരിക്കുന്ന രതീഷ് കരുതിയത്. എവിക്ഷന് ശേഷം ഹൗസിന് പുറത്തിറങ്ങവെ താന്‍ ബിഗ് ബോസില്‍ കണ്ടതുപോലെയുള്ള ഒരാള്‍ അല്ലെന്ന് രതീഷ് വ്യക്തമാക്കുന്നുമുണ്ട്. പ്രേക്ഷകപിന്തുണ പ്രതീക്ഷിച്ച് അയാള്‍ കെട്ടിയാടി, അവസാനം പരാജയപ്പെട്ട ഒരു വേഷമായിരിക്കും ആദ്യ വാരം നമ്മള്‍ കണ്ട മത്സരാര്‍ഥിയായ രതീഷ് കുമാര്‍.

bigg boss malayalam season 6 review impact of eviction of ratheesh kumar who will win more screen space here after nsn

 

എന്നാല്‍ രതീഷിന്‍റെ ഈ പരാജയപ്പെട്ട സ്ട്രാറ്റജി മറ്റ് പല മത്സരാര്‍ഥികളുടെയും ഗെയിം പ്ലാനുകളെ കാര്യമായി സ്വാധീനിച്ചെന്ന് ഉറപ്പാണ്. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗുമായി എത്തിയ സീസണ്‍ 6 ല്‍ ബിഗ് ബോസ് മത്സരാര്‍ഥികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള ഓവര്‍ റിയാക്ഷനുകളും വയലന്‍റ് ബിഹേവിയറുമൊക്കെ ആയിരിക്കാമെന്ന് പലരും ധരിച്ചു. രതീഷ് കുമാറിനെപ്പോലെ പലരും ഉച്ചത്തില്‍ സംസാരിക്കാനും ഓവര്‍ റിയാക്ഷനുമൊക്കെ ആരംഭിച്ചതോടെയാണ് ആദ്യ വാരം ബഹളമയമായത്. ക്യാപ്റ്റന്‍ അര്‍ജുനെപ്പോലെ ബഹളങ്ങള്‍ക്ക് നില്‍ക്കാത്ത, എന്നാല്‍ സെന്‍സിബിളായി പെരുമാറുന്ന മത്സരാര്‍ഥികള്‍ പ്രേക്ഷകശ്രദ്ധയിലേക്ക് കാര്യമായി എത്താതിരിക്കാനും ഈ ബഹളം കാരണമായി. അതേസമയം രതീഷ് കുമാര്‍ പോവുമ്പോള്‍ ഇത്തവണത്തെ ബിഗ് ബോസിലെ വിജയമാതൃക എന്തെന്നതിനെ സംബന്ധിച്ച് അവശേഷിക്കുന്ന 18 മത്സരാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം വീണ്ടും രൂപപ്പെടുകയാണ്. രതീഷിന്‍റെ പുറത്താവലിനെത്തുടര്‍ന്ന് അദ്ദേഹത്തെപ്പോലെ ബഹളം വച്ചിരുന്നവര്‍ പൊടുന്നനെ അത് നിര്‍ത്തിയാല്‍ അതും പ്രേക്ഷകര്‍ ശ്രദ്ധിക്കുകയും ഇതുവരെ നടത്തിയതെ വെറും വേഷംകെട്ടല്‍ ആയിരുന്നെന്ന് മനസിലാക്കുകയും ചെയ്യും.

ഏതാണ് നിങ്ങളുടെ ഗ്രൂപ്പ്?

ബിഗ് ബോസ് മുന്‍ സീസണുകളില്‍ മത്സരാര്‍ഥികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായിരുന്നു ഗ്രൂപ്പിസം. അഥവാ കളി മുന്നോട്ട് നീങ്ങവെ ഒന്നോ അതിലധികമോ സഹമത്സരാര്‍ഥികളുടെ തണല്‍ ഇല്ലാതെ അവിടെ നില്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളവര്‍ മലയാളം ബിഗ് ബോസിന്‍റെ ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വ്വമാണ്. ഒരാഴ്ച എന്നത് ഒരു ചെറിയ കാലയളവ് ആണെങ്കിലും സീസണ്‍ 6 ല്‍ ഇതുവരെ കാര്യമായ ഗ്രൂപ്പുകളൊന്നും ആരംഭിച്ചിട്ടില്ല. ഉള്ളത് ഗബ്രിക്കും ജാസ്മിനും ഇടയിലുള്ള അടുപ്പം മാത്രമാണ്. ആ അടുപ്പത്തിന്‍റെ ആഴം അളക്കാനുള്ള സന്ദര്‍ഭം പ്രേക്ഷകര്‍ക്ക് കിട്ടിയിട്ടില്ലതാനും. ബഹളം വെക്കുന്ന കുറേപ്പേര്‍ സ്ക്രീന്‍സ്പേസ് നേടിയ ആദ്യ വാരം കാര്യമായി പരസ്പരം പരിചയപ്പെടാന്‍ പോലും മത്സരാര്‍ഥികള്‍ക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം. അഭിപ്രായങ്ങളിലും അഭിരുചികളിലുമൊക്കെ സമാനതയുള്ളവര്‍ക്കിടയിലാണല്ലോ സൗഹൃദവും പിന്നീട് ഗ്രൂപ്പുമൊക്കെ വരുന്നത്. രതീഷിന്‍റെ പുറത്താവലിനെത്തുടര്‍ന്നുള്ള ആശയക്കുഴപ്പത്തില്‍ കൂടുതല്‍ സൗഹൃദങ്ങളും ഗ്രൂപ്പിസവുമൊക്കെ സീസണ്‍ 6 ല്‍ വരാന്‍ സാധ്യതയുണ്ട്.

bigg boss malayalam season 6 review impact of eviction of ratheesh kumar who will win more screen space here after nsn

 

ജെന്‍ഡര്‍ ടോക്സ്

മെയില്‍ ഷോവനിസം, ടോക്സിക് മസ്കുലിനിറ്റി തുടങ്ങിയ വാക്കുകളൊക്കെ പുതുതലമുറയുടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ കാര്യമായി എത്തിച്ച ഷോ ആണ് ബിഗ് ബോസ്. ഒപ്പം ട്രാന്‍സ് സമൂഹത്തെക്കുറിച്ച് തിരിച്ചറിവുകള്‍ നല്‍കുന്നതിനും ബിഗ് ബോസ് വേദിയായിട്ടുണ്ട്. ഇത്തരം വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും പിഴവ് പറ്റിയ ആളാണ് രതീഷ് കുമാര്‍. ഉദാഹരണത്തിന് ജാന്‍മണിയുമായും സുരേഷ് മേനോനുമായും ഉണ്ടായ പ്രശ്നങ്ങള്‍. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട ശ്രദ്ധയെക്കുറിച്ച് അവശേഷിക്കുന്ന മത്സരാര്‍ഥികളെ ചിന്തിപ്പിക്കാന്‍ രതീഷിന്‍റെ പുറത്താവല്‍ ഇടയാക്കിയേക്കാം.

പവര്‍ റൂം ഇംപാക്റ്റ്

സീസണ്‍ 6 ല്‍ മുന്‍ മാതൃകകളൊന്നും ഫലിക്കാത്തതിന്‍റെ കാരണം അതിന്‍റെ ഘടനയില്‍ത്തന്നെയുള്ള ഒരു വ്യത്യാസമാണ്. ഇതുവരെ എല്ലാവരും ഉറങ്ങിയിരുന്നത് ഒന്നോ രണ്ടോ മുറികളിലായിരുന്നെങ്കില്‍ ഈ സീസണില്‍ ബെഡ് റൂമുകള്‍ നാലെണ്ണമുണ്ട്. മൂന്ന് ചെറിയ മുറികളും വലിപ്പമുള്ള ഒരു പവര്‍ റൂമും. പവര്‍ റൂമിലുള്ളവര്‍ക്കുള്ള സവിശേഷ അധികാരം എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനത്ത് വരുന്നവര്‍ക്കും ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കും. പ്രശ്നങ്ങള്‍ക്കും അടിപിടിക്കുമൊക്കെ ഒടുവില്‍ മുന്‍പ് എല്ലാവരും ഒന്നോ രണ്ടോ മുറികളിലാണ് ഉറങ്ങിയിരുന്നത് എന്നതിനാല്‍ പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കപ്പെടുമായിരുന്നു. ഇത്തവണ യഥാര്‍ഥ ഗെയിം ആരംഭിച്ചാല്‍ അത് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തലത്തിന് മുകളിലേക്ക് പോകാന്‍ സാധ്യതയുണ്ട്. പവര്‍ റൂമിനെ സംബന്ധിച്ച് മോഹന്‍ലാല്‍ തന്നെ ഓര്‍മ്മപ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ ആഴ്ച മുതല്‍ അവിടെയുള്ളവര്‍ സൂക്ഷിച്ച് കളിക്കും. ഒപ്പം പുതിയ ക്യാപ്റ്റനും.

bigg boss malayalam season 6 review impact of eviction of ratheesh kumar who will win more screen space here after nsn

 

സ്റ്റാര്‍ മെറ്റീരിയല്‍സ്

ഒരു താരോദയം ഈ സീസണില്‍ ഇതുവരെ ഉണ്ടായിട്ടില്ല. താരമാവുമെന്ന് ഏറ്റവും ആത്മവിശ്വാസത്തോടെ എത്തിയ ആളാണ് ആദ്യം തന്നെ പുറത്തായിരിക്കുന്നത്. ആ പദവിയിലേക്ക് എത്താന്‍ അല്ലെങ്കില്‍ വലിയ ഫാന്‍ ഫോളോവിംഗ് ഉണ്ടാക്കാന്‍ നിലവില്‍ സാധ്യത തോന്നിപ്പിക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന് നോക്കാം.

സിജോ ജോണ്‍

ആദ്യ ദിനം മുതല്‍ ബിഗ് ബോസ് ഷോ എന്തെന്ന് കൃത്യമായി മനസിലാക്കി വന്നയാണെന്ന് തോന്നിപ്പിച്ച അപൂര്‍വ്വം മത്സരാര്‍ഥികളില്‍ ഒരാള്‍. രതീഷ് കുമാര്‍ മാതൃകയില്‍ ബഹളം വച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവര്‍ക്കിടയിലുള്ള പ്രശ്നങ്ങളില്‍ പലപ്പോഴും കൃത്യ സമയത്ത് ഫലപ്രദമായി ഇടപെടുന്നു. യുട്യൂബര്‍ ആയതിനാല്‍ വേണ്ട സമയത്ത് കൃത്യമായ വാക്കുകളിലൂടെ ഒഴുക്കോടെ സംസാരിക്കാനറിയാം. ഒരു ഗെയിമര്‍ എന്ന നിലയില്‍ വിജയത്തിനായി തന്ത്രങ്ങള്‍ മെനയുന്നതിലും മിടുക്കന്‍.

bigg boss malayalam season 6 review impact of eviction of ratheesh kumar who will win more screen space here after nsn
 

അസി റോക്കി

ആദ്യ ദിനങ്ങളില്‍ വെറും ബഹളക്കാരനെന്ന് തോന്നിപ്പിച്ചെങ്കിലും സഹമത്സരാര്‍ഥികള്‍ക്കെതിരെ ഏറ്റവും മികച്ച ചില പോയിന്‍റുകള്‍ ആദ്യ ആഴ്ചയില്‍ ഉന്നയിച്ചത് റോക്കി ആയിരുന്നു. മോഹന്‍ലാല്‍ എത്തിയ വീക്കെന്‍ഡ് എപ്പോസോഡില്‍ ഗബ്രിയെ ഉത്തരം മുട്ടിച്ച കാര്യങ്ങള്‍ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം. ആരുടെ മുഖത്തും നോക്കി എന്തും പറയാനുള്ള ധൈര്യമാണ് റോക്കിയെ ശ്രദ്ധേയനാക്കുന്നത്. സ്ത്രീകളോട് ഏറ്റുമുട്ടുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിക്കാത്തത് വിനയായേക്കാമെന്നതൊഴിച്ചാല്‍ ബിഗ് ബോസ് ഷോയില്‍ ഏറെ മുന്നോട്ടുപോകാന്‍ സാധ്യതയുള്ള മത്സരാര്‍ഥിയാണ് അസി റോക്കി.

അപ്സര രത്നാകരന്‍

എപ്പോഴും സ്ക്രീന്‍ സ്പേസ് ലഭിക്കുന്നില്ലെങ്കിലും ലഭിക്കുന്ന സ്പേസിലൂടെ വന്‍ ഇംപാക്റ്റ് സൃഷ്ടിക്കുന്ന ചില മത്സരാര്‍ഥികളുണ്ട്. അതിലൊരാളാണ് അപ്സര രത്നാകരന്‍. അവസാനത്തെ ക്യാപ്റ്റന്‍സി ടാസ്ക് തന്നെ അതിന് വലിയ ഉദാഹരണം. ടാസ്കിന് മുന്‍പ് അസി റോക്കി പറഞ്ഞ കമന്‍റിന് ശക്തമായ ഭാഷയില്‍ പ്രതികരണം അറിയിച്ച അപ്സരയാണ് സിജോയും ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപിക റസ്മിനുമായി മത്സരിച്ച് ജയിച്ച് പുതിയ ക്യാപ്റ്റന്‍ ആയിരിക്കുന്നത്. ക്യാപ്റ്റന്‍ ആയ ശേഷവും റോക്കിയോട് അവര്‍ തന്‍റെ പ്രതികരണം അറിയിക്കുന്നുണ്ട്. ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയത് അപ്സരയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് ഉറപ്പാണ്. ഈ സീസണില്‍ ഏറെ മുന്നോട്ടുപോകാന്‍ സാധ്യതയുള്ള മത്സരാര്‍ഥിയാണ് അപ്സര.

bigg boss malayalam season 6 review impact of eviction of ratheesh kumar who will win more screen space here after nsn
 

നോറ മുസ്കാന്‍

ആദ്യ ദിനങ്ങളില്‍ വീക്ക് എന്ന് തോന്നിപ്പിച്ച് ആഴ്ചയുടെ അവസാനമായപ്പോള്‍ അത് തിരുത്തിയ ആളാണ് നോറ. എന്തിലും കയറി അഭിപ്രായം പറയുന്ന സ്വഭാവമില്ലെങ്കിലും തന്‍റെ വ്യക്തിത്വത്തെ ബാധിക്കുന്ന പ്രധാന വിമര്‍ശനങ്ങളിലും മറ്റും വേണ്ട സമയത്ത് ശക്തമായി പ്രതികരിക്കുന്നു. വൈകാരിക സത്യസന്ധതയുണ്ടെന്ന് പ്രേക്ഷകരില്‍ ഇതിനകം തോന്നലുളവാക്കാന്‍ കഴിഞ്ഞതാണ് നോറയുടെ മറ്റൊരു വിജയം.

അര്‍ജുന്‍ ശ്യാം ഗോപന്‍

ഈ സീസണിലെ ഏറ്റവും മാന്യന്‍. രതീഷ് കുമാര്‍ തുടക്കമിട്ട ബഹളമയമായ സീസണിന്‍റെ ആദ്യ വാരത്തിലെ ക്യാപ്റ്റന്‍ സ്ഥാനമെന്ന കടുകട്ടി പദവി ലഭിച്ച ആളാണ് അര്‍ജുന്‍. ഒന്നിലും ഇടപെടാത്ത മോശം ക്യാപ്റ്റന്‍ ആയിരിക്കുമെന്ന തോന്നല്‍ അര്‍ജുന്‍ ആദ്യദിനങ്ങളില്‍ത്തന്നെ പൊളിച്ചിരുന്നു. എന്നാല്‍ വലിയ ബഹളങ്ങളുടെ ഇടയില്‍ മുങ്ങിപ്പോയ ശബ്ദം കൂടിയാണ് അര്‍ജുന്‍റേത്. ക്യാപ്റ്റന്‍റെ കുപ്പായം അഴിച്ചുവെച്ചതിന് ശേഷമുള്ള അര്‍ജുന്‍ എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സഹമത്സരാര്‍ഥികളും പ്രേക്ഷകരും.

bigg boss malayalam season 6 review impact of eviction of ratheesh kumar who will win more screen space here after nsn
 

റസ്മിന്‍ ബായ്

അഭിപ്രായങ്ങള്‍ പറയാന്‍ മടിയില്ലാത്ത, സെന്‍സിബിള്‍ ആയി പ്രതികരിക്കുന്നെന്ന് തോന്നിപ്പിച്ച മത്സരാര്‍ഥി. കോമണര്‍ ആയി വന്ന ആളാണെങ്കിലും പല സെലിബ്രിറ്റികളെക്കാള്‍ എനര്‍ജി ലെവല്‍ ഉണ്ട് റസ്മിന്. ആദ്യ വാരം സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വേണ്ട രീതിയില്‍ പ്രതികരിച്ച അപൂര്‍വ്വം മത്സരാര്‍ഥികളില്‍ ഒരാള്‍ കൂടിയാണ് റസ്മിന്‍ ബായ്.

ALSO READ : രഞ്ജിത്ത് സജീവ്, ജോണി ആന്‍റണി ചിത്രം ഈരാറ്റുപേട്ടയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios