'ഇനി നിങ്ങള്‍ സ്വന്തം കളിക്കും': പത്താം ആഴ്ചയില്‍ ബിഗ് ബോസില്‍ വന്‍ ട്വിസ്റ്റ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍
പവര്‍ ടീം സംവിധാനത്തിനെതിരെ പ്രേക്ഷകര്‍ക്കിടയിലും വീട്ടിലെ അംഗങ്ങള്‍ക്കിടയിലും അതൃപ്തിയുണ്ടായിരുന്നു.
തിരുവനന്തപുരം: മലയാളം ബിഗ് ബോസ് സീസണ്‍ 6ലെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു പവര്‍ ടീം. ഒരോ ആഴ്ചയില്‍ നടക്കുന്ന ഗെയിമുകളുടെ അടിസ്ഥാനത്തില്‍ ഒരു പവര്‍ ടീമിനെ വീട്ടില്‍ തിരഞ്ഞെടുക്കും അവര്‍ക്ക് വീട്ടില്‍ സര്‍വ്വാധികാരം ലഭിച്ചിരുന്നു. പവര്‍ ടീമില്‍ എത്തുന്നവര്‍ നോമിനേഷന്‍ ഫ്രീയും ആയിരുന്നു. ഇത്തവണത്തെ ബിഗ് ബോസിലെ കളികളുടെ അടിസ്ഥാനം തന്നെ പവര്‍ ടീം ആയിരുന്നു.
എന്നാല്‍ ഈ പവര്‍ ടീം സംവിധാനത്തിനെതിരെ പ്രേക്ഷകര്‍ക്കിടയിലും വീട്ടിലെ അംഗങ്ങള്‍ക്കിടയിലും അതൃപ്തിയുണ്ടായിരുന്നു. സെയ്ഫ് ഗെയിം കളിക്കുന്ന പലരും ജനവിധി തേടാതെ രക്ഷപ്പെട്ട് പോകുന്നുവെന്നായിരുന്നു പലരുടെയും അഭിപ്രായം. അതിന് പുറമേ അധികാരം ലഭിക്കുന്നതോടെ പലരും തങ്ങളുടെ അധികാര മനോഭാവം കാണിക്കുന്നുവെന്നും ബിഗ് ബോസ് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഞായറാഴ്ച വീക്ക് എന്‍റ് എപ്പിസോഡില്‍ ബിഗ് ബോസ് അവതാരകന്‍ മോഹന്‍ലാല്‍ മലയാളം ബിഗ് ബോസ് സീസണ്‍ 6 ല്‍ തുടര്‍ന്നുള്ള നാളുകളില്‍ പവര്‍ ടീം എന്ന സംവിധാനം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ആഴ്ച പവര്‍ ടീമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീതു, ജിന്‍റോ, അര്‍ജുന്‍ എന്നിവരെ വിളിച്ച് നിര്‍ത്തിയാണ് ഈ കാര്യം മോഹന്‍ലാല്‍ പറഞ്ഞത്.
ഇത് പ്രഖ്യാപിക്കും മുന്‍പ് മോഹന്‍ലാല്‍ വീട്ടിലുള്ള പലരുടെയും അഭിപ്രായം ചോദിച്ചിരുന്നു. ഇതില്‍ പവര്‍ ടീമില്‍ ഇതുവരെ അംഗമാകാത്തവര്‍ പവര്‍ ടീം സെയ്ഫ് ഗെയിം കളിക്കുന്നവര്‍ക്ക് അവസരമാണ് എന്ന് പറഞ്ഞു. ചിലര്‍ ഇതിലൂടെ രക്ഷപ്പെടുന്നുണ്ടെന്നും പവര്‍ ടീം ഒഴിവാക്കി വ്യക്തിഗതമായി കളിക്കാന്‍ അവസരം നല്‍കണം എന്ന് ജാസ്മിനും അഭിപ്രായപ്പെട്ടു.
അധികാരം ഉപയോഗിക്കുമ്പോള്‍ അത് തെറ്റിദ്ധരിക്കപ്പെടുന്നുവെന്ന് പവര്‍ ടീമില്‍ കൂടുതല്‍ തവണ അംഗങ്ങളായ ശ്രീരേഖ, റസ്മിന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടപ്പോള്‍ സമാന അഭിപ്രായമാണ് അന്‍സിബയും പറഞ്ഞത്. പിന്നീടാണ് 10ാം ആഴ്ചയില്‍ പവര്‍ ടീം ഉണ്ടാകില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചു. പിന്നാലെ പവര്‍ റൂം ഇനി പീപ്പിള്‍സ് റൂം എന്ന് അറിയിപ്പെടും എന്നും അവിടെ ആര്‍ക്കും കയറാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
കൃതി സനോൻ പ്രേമത്തില്‍: കാമുകന്‍ ധോണിയുടെ അടുത്തയാള്‍
'ഇങ്ങനെയൊക്കെ ചെയ്യാമോ, ആ അംഗിള്‍ മോശല്ലെ' : പാപ്പരാസിയോട് കയര്‍ത്ത് ജാന്‍വി - വീഡിയോ