മത്സരാര്‍ഥികളെ ഞെട്ടിച്ച് ബിഗ് ബോസിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്, മോഹൻലാലില്ലാതെ ഹൗസില്‍
ബിഗ് ബോസില്‍ വൻ ട്വിസ്റ്റ്, ആദ്യ വൈല്‍ഡ് കാര്‍ഡ് എൻട്രി എത്തി.
ബിഗ് ബോസ് മലയാളം ഷോയില്‍ ഇതുവരെയുള്ള സീസണുകളില്‍ വഴിത്തിരിവുകളുണ്ടാക്കിയതാണ് വൈല്‍ഡ് കാര്‍ഡ് എൻട്രികള്‍. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലും ഒരു വൈല്‍ഡ് കാര്‍ഡ് എൻട്രി എത്തിയിരിക്കുകയാണ്. നേരത്തെ പ്രവചനങ്ങളില്‍ സൂചിപ്പിച്ച ഒരു മത്സാര്‍ഥിയാണ് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ താരമായ ഹനാനാണ് ഇത്തവണ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയിരിക്കുന്നത്.
തൃശൂരിലെ ഇലക്ട്രീഷ്യനായ ഹമീദിന്റെയും സൈറാബിയുടെയും മകളാണ് ഹനാൻ. സമ്പന്നമായ കുടുംബത്തിലാണ് ജനനം എങ്കിലും ദുരിത ജീവിതം നയിക്കേണ്ടി വന്നു ഹനാന്. ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കവും അച്ഛന്റെ മദ്യപാനവും എല്ലാമായപ്പോള്‍ ഹനാന്റെ ജീവിതം ദുരിതത്തിലായി. ജ്വല്ലറി യൂണിറ്റ് നടത്തിയും ട്യൂഷനുമൊക്കെയായാണ് കുഞ്ഞ് ഹനാൻ നിത്യചെലവിനായി പണം കണ്ടെത്തിയത്. മീൻ കച്ചവടം നടത്തിയും പഠിക്കാൻ കൊച്ചു പെണ്‍കുട്ടി പണം കണ്ടെത്തുന്നത് വാര്‍ത്തയായതോടെ ഹനാൻ പ്രശസ്‍തയായി. ജീവിതത്തോട് പട പൊരുതിയ ഹനാൻ സിനിമയില്‍ വരെ എത്തി. ബിഗ് ബോസില്‍ ഹനാന് കഴിവ് തെളിയിക്കാൻ ആകുമോയെന്ന ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുകയാണ്.
വളരെ നാടകീയമായ ഒരു എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു മത്സരത്തിനിടെ വാക്ക് തര്‍ക്കമുണ്ടായത് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ പ്രതികൂലമായി ബാധിച്ചിരുന്നു. നിശ്ചയിച്ചിരുന്ന പല കാര്യങ്ങളും ഉപേക്ഷിച്ചിരുന്നുവെന്ന് ഷോയുടെ അവതാരകൻ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. എപ്പിസോഡ് മുന്നോട്ടുപോകാത്ത വിധം തടസ്സപ്പെട്ടപ്പോള്‍ ഷോ ഇവിടെവെച്ച് നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി മോഹൻലാല്‍ ഇറങ്ങിപ്പോകുകയും ചെയ്‍തിരുന്നു.
ഇസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു മത്സരത്തിന്റെ നിയമാവലി തെറ്റിച്ചത് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അഖില്‍ മാരാര്‍ നിലവിട്ട് പെരുമാറുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയുമായിരുന്നു. അഖില്‍ മാരാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മറ്റുള്ളവര്‍ നിലപാടെടുത്തു. ഒടുവില്‍ മോഹൻലാലും സംഭവത്തില്‍ ഇടപെട്ടപ്പോള്‍ അഖില്‍ എല്ലാവരോടും ഖേദം പ്രകടിപ്പിക്കാൻ തയ്യാറായി. തുടര്‍ന്ന് ക്യാപ്റ്റൻ ബാൻഡ് സാഗറിന് കൈമാറാൻ അഖിലിനോട് മോഹൻലാല്‍ നിര്‍ദ്ദേശിച്ചു. പുതിയ ആഴ്‍ചയില്‍ സാഗറാണ് ക്യാപ്റ്റൻ. പഴയ ക്യാപ്റ്റൻ എന്ന നിലയിലാണ് അഖിലിനോട് ബാൻഡ് കൈമാറാൻ നിര്‍ദ്ദേശിച്ചത്. എന്നാല്‍ വ്യക്തിപരമായി മാപ്പ് പറയാൻ അഖില്‍ തയ്യാറായാലേ ക്യാപ്റ്റൻ ബാൻഡ് സ്വീകരിക്കുകയുള്ളൂവെന്ന് സാഗര്‍ വ്യക്തമാക്കുകയും ചെയ്‍തു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വലിയ തര്‍ക്കമുണ്ടായി. സാഗറിനെ ഉദ്ദേശിച്ചല്ല താൻ പറഞ്ഞതെന്ന് അഖില്‍ വ്യക്തമാക്കി ബാൻഡ് വലിച്ചെറിഞ്ഞു. അതിനാല്‍ വ്യക്തിപരമായി മാപ്പ് പറയില്ലെന്ന് അഖില്‍ വ്യക്തമാക്കുകയും സാഗര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്‍തതോടെ സംഘര്‍ഷത്തിലായപ്പോള്‍ മോഹൻലാല്‍ ഇറങ്ങിപ്പോകുകയുമായിരുന്നു.
Read More: ഫഹദ് നായകനായി 'പാച്ചുവും അത്ഭുതവിളക്കും', വീഡിയോ ഗാനം പുറത്ത്