'തിരുമ്പി വന്തിട്ടേന്ന് സൊല്ല്..'; ബിബി 5ന് ഇനി ഒരുനാൾ കൂടി, കാത്തുവച്ച സസ്പെൻസുകൾ എന്തൊക്കെ ?
ഇനി ഒരു ദിവസം മാത്രമാണ് ബിഗ് ബോസ് സീസൺ 5 തുടങ്ങാൻ ബാക്കിയുള്ളത്.
ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ മേഖലകളിൽ ഉള്ള വ്യത്യസ്തരായ മത്സരാർത്ഥികൾ ഒരു വീടിനുള്ളിൽ, പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ 100 ദിവസം കഴിയുന്നതാണ് ഷോ എന്ന് ചുരുക്കത്തിൽ പറയാം. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ ബിഗ് ബോസ് ഇപ്പോൾ നടക്കുന്നുണ്ട്. മലയാളം ബിഗ് ബോസ് അഞ്ചിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ കേരളക്കരയിൽ. എന്തൊക്കെ സർപ്രൈസുകളായിരിക്കും ആരാധകർക്കായി ഇത്തവണ ബിബി ഹൗസ് കാത്തുവെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
ഇനി ഒരു ദിവസം മാത്രമാണ് ബിഗ് ബോസ് സീസൺ 5 തുടങ്ങാൻ ബാക്കിയുള്ളത്. ആരൊക്കെയാകും മത്സാർത്ഥികൾ എന്ന അവസാനവട്ട ചർച്ചകൾ സോഷ്യൽ മീഡിയകളിൽ തകൃതിയായി തന്നെ നടക്കുന്നുണ്ട്. 'ബാറ്റിൽ ഓഫ് ദി ഒറിജിനൽസ്, തീ പാറും' എന്നാണ് ഇത്തവണത്തെ ടാഗ് ലൈൻ. ബിബി ഹൗസ് പുതിയ മത്സാരാർത്ഥികൾ കാരണം യുദ്ധഭൂമി ആകുമോ തീ പാറിക്കുമോ എന്നെല്ലാം വരും ദിവസങ്ങൾ അറിയാം.
എന്താണ് ബിഗ് ബോസ് ഷോ
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ ഓരോ സ്‍പന്ദനവും കൃത്യമായി അറിഞ്ഞ് അവരെ സ്‍നേഹിച്ചും ഉപദേശിച്ചും വേണ്ടപ്പോള്‍ വിമര്‍ശിച്ചും മോഹൻലാലും ഒപ്പമുണ്ടാകും.
മലയാളം ബിഗ് ബോസിന്റെ നാള്‍ വഴികൾ
2018ലാണ് ആദ്യമായി മലയാളത്തിൽ ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു മത്സരാർഥികളായത്. സാബു മോൻ ആയിരുന്നു വിജയി. പേളി മണിയായിരുന്നു റണ്ണറപ്പ്. ഈ ഷോ മാത്രമാണ് മലയാളത്തിൽ 100 ദിവസം പൂർത്തിയാക്കിയ ബിഗ് ബോസ് ഷോ. രണ്ടും മൂന്നും കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു. രണ്ടാം സീസണിൽ വിജയി ഇല്ലായിരുന്നുവെങ്കിലും മൂന്നാം സീസണിൽ മണിക്കുട്ടൻ വിന്നറായി. പിന്നീട് വന്നത് സംഭവ ബഹുലമായ നാലാം സീസൺ. കരുത്തരും വിവിധ ഗെയിം സ്ട്രാറ്റർജികളുമായി ബിബി ഹൗസിൽ എത്തിയ 20 പേരെ പിന്തള്ളി കൊണ്ട് ദിൽഷ വിജയ കിരീടം ചൂടി. മലയാളം ബിഗ് ബോസിലെ ആദ്യ വനിത വിജയിയായി ദിൽഷ ചരിത്രം കുറിച്ചു.
ഓരോ സീസണിലും കരുത്തരായ ഒന്നോ അതിലധിമോ മത്സരാർത്ഥികൾ എപ്പോഴും ഉണ്ടാകാറുണ്ട്. ഇവരിൽ പലരും ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. സാബു മോൻ, രജിത്ത് കുമാർ, ഫിറേസ് ഖാൻ, മണിക്കുട്ടൻ, റോബിൻ, പേളി റിയാസ് സലിം, ജാസ്മിൻ, ബ്ലെസ്ലി എന്നിവരാണ് കഴിഞ്ഞ നാല് സീസണുകളിലെ കരുത്തരായവർ എന്ന് പറയാം. ഏഴ് പേരും ഏഴ് വ്യത്യസ്ത സ്ട്രാറ്റജികളുമായി പ്രേക്ഷകർക്ക് മുന്നിൽ ശ്രദ്ധനേടി.
എന്നാൽ ഇവരിൽ നിന്നും വ്യത്യസ്തമായി നാലാം സീസണിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ താരമായി ഡോ. റോബിൻ രാധാകൃഷ്ണൻ മാറി. സീസൺ കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ഇപ്പോഴും വൻതോതിലുള്ള ആരാധകരുള്ള ബിഗ് ബോസ് താരവും റോബിൻ തന്നെയാണ്. ഒരു ഡോക്ടർ ബിബി ഹൗസിൽ വന്ന് എന്ത് ചെയ്യാനാണെന്ന് ചിന്തിച്ചവരെ അമ്പരപ്പിച്ച് കൊണ്ടുള്ള റോബിന്റെ മുന്നേറ്റം ആരാധകരെ വർധിപ്പിച്ചു. ജാസ്മിൻ- റോബിൻ കോമ്പോ ഷോയിൽ തകർത്താടി. നാലാം സീസണിൽ വിജയി ആകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന റോബിന് പക്ഷേ, സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ പുറത്താകേണ്ടി വന്നു.
വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് സലീം ആയിരുന്നു സീസണിലെ ഗെയിം ചെയ്ഞ്ചർ. ഒരുപക്ഷേ സീസണിൽ വിജയി ആകുമെന്ന് പ്രതീക്ഷിച്ച റിയാസിന്, മൂന്നാം സ്ഥാനം കൊണ്ട് തൃപ്തനാകേണ്ടി വന്നു. എന്തായാലും സാബു മോൻ, രജിത്ത് കുമാർ, ഫിറേസ് ഖാൻ, മണിക്കുട്ടൻ, റോബിൻ, റിയാസ് സലിം, ജാസ്മിൻ, ബ്ലെസ്ലി, പേളി എന്നിവരുടെ പിന്തുടർച്ചക്കാരായി പുതിയ സീസണിൽ ആരാകും അല്ലെങ്കിൽ ആരൊക്കെയാകും എത്തുക എന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കാം.
പ്രവചനങ്ങൾ സത്യമാകുമോ ?
ബിഗ് ബോസ് മലയാളം സീസൺ നാല് തീർത്തും സംഭവ ബഹുലവും നാടകീയവും ആയിരുന്നു. സീസണിന്റെ ഓളം ഇപ്പോഴും സോഷ്യൽ മീഡിയയിൽ കെട്ടടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ അഞ്ചാം സീസണിൽ എന്തൊക്കെ ആകും സംഭവിക്കാൻ പോകുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. കഴിഞ്ഞ എല്ലാ സീസണുകളിലും നിന്ന് ഏറെ വ്യത്യസ്തമായിരിക്കും സീസൺ 5 എന്ന് വ്യക്തമാക്കുന്ന പ്രമോകളും അപ്ഡേറ്റുകളുമാണ് ഓരോ ദിവസവും ഏഷ്യാനെറ്റ് പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്.
ബിഗ് ബോസ് സീസൺ 5 വരുന്നുവെന്ന വാർത്തകൾ സജീവമായതോടെ നിരവധി മത്സരാർത്ഥികളുടെ പേരുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന് കേൾക്കാൻ തുടങ്ങിയത്. ഇവയിൽ നടി, നടൻ, സോഷ്യൽ മീഡിയ താരങ്ങൾ, കായിക താരങ്ങൾ, ഗായകർ, കോമേഡിയൻ തുടങ്ങി നിരവധി മേഖലകളിൽ ഉള്ളവരും ഉണ്ട്. ഷോ തുടങ്ങുന്നത് വരെ മത്സരാർത്ഥികൾ ആരൊക്കെ ആകും എന്ന് ഉറപ്പുവരുത്തുക എളുപ്പമല്ലെങ്കിലും, ഇവയിൽ ചിലരെ സോഷ്യൽ മീഡിയ കൺഫോം ലിസ്റ്റിൽ ചേർക്കുകയും ചെയ്തിട്ടുണ്ട്.
അമല ഷാജി, അനിയൻ മിഥുൻ, ഹനാൻ, ശോഭ വിശ്വനാഥ്, അനുമോൾ ജോസഫ്, സാഗർ സൂര്യ, നദീറ മെഹ്റിൻ, റെനീഷ റഹീം, നെൽസൺ സൂരനാട്, അഖിൽ മാരാർ, സിബിൻ ബെഞ്ചമിൻ, ആലീസ് ക്രിസ്റ്റി, ജോൺ, തുടങ്ങി പതിനാറോളം പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. രാജീവ് പിള്ള, അമ്പിളി ദേവി, കൃഷ്ണപ്രഭ, വിവേക് ഗോപൻ തുടങ്ങിയവർ ഉണ്ടാകുമോ എന്ന സംശയവും സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്.
ഇത്തവണ പ്രേക്ഷകരുടെ പ്രതിനിധിയും ഷോയിൽ ഉണ്ടായിരിക്കും. ഇങ്ങനെ സാധാരണക്കാരില്‍ നിന്നും എത്തുന്നത് ഗോപിക ഗോപി എന്ന പെണ്‍കുട്ടിയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഒരാളല്ലെന്നും സാധാരണക്കാരില്‍ നിന്നും രണ്ട് പേരാണ് ബിഗ് ബോസിലേക്ക് എത്താന്‍ പോകുന്നതെന്നാണ് പുതിയ ചർച്ചകൾ. എന്തായാലും ഈ സോഷ്യൽ മീഡിയ പ്രവചനങ്ങൾ സത്യകുമോ എന്ന് നാളെ വരെ കാത്തിരിക്കാം.
ബിഗ് ബോസ് 5ന് ആരംഭം
ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലും ഈ ജനപ്രീതി അങ്ങനെതന്നെ ഉണ്ട്. തുടക്കത്തില്‍ അത്ര താല്‍പര്യത്തോടെയായിരുന്നില്ല മലയാളി പ്രേക്ഷകർ ബിഗ് ബോസ് ഷോയെ കണ്ടത്. എന്നാല്‍ പതിയെ പതിയ ആ താല്‍പര്യക്കുറവ് ഇഷ്ടത്തിലേക്ക് വഴിമാറിത്തുടങ്ങി. ബിഗ് ബോസ് സീസണ്‍ 4 നാണ് ഏറ്റവും കൂടുതല്‍ ടിആർപി ഉണ്ടായിരുന്നത് എന്നതും ശ്രദ്ധേയമാണ്. സ്‍നേഹത്തിനും പിന്തുണയ്‍ക്കും അപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ മലയാളം ബിഗ് ബോസിനെ ഒരു ഗ്ലോബല്‍ പ്രൊഡക്റ്റ് ആക്കി മാറ്റി. നാല് വര്‍ഷം മുമ്പ് ഇങ്ങനെ ഒരു ഷോ തുടങ്ങുന്നതിനെ സംബന്ധിച്ച് അണിയറ പ്രവർത്തകർക്ക് ആശങ്കകളുണ്ടായിരുന്നു. പ്രത്യേകിച്ച് ഇതിന്റെ പ്രേക്ഷക തലത്തിലുള്ള സ്വീകാര്യതയെ കുറിച്ചായിരുന്നു ആശങ്ക. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നോട്ടുനോക്കുമ്പോള്‍ ബിഗ് ബോസ് മലയാളം ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഷോയായിട്ട് മാറി. പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഷോ.
മാര്‍ച്ച് 26 ഞായറാഴ്ച ബിഗ് ബോസ് മലയാളം സീസണ്‍ 5ന് തുടക്കമാവുകയാണ്. ഉദ്ഘാടന എപ്പിസോഡ് രാത്രി 7 മുതല്‍ ആരംഭിക്കും. ഏഷ്യാനെറ്റ് ചാനലില്‍ ദിവസേനയുള്ള എപ്പിസോഡുകള്‍ക്കൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ 24 മണിക്കൂറും ബിഗ് ബോസ് ഹൗസ് വീക്ഷിക്കാനുള്ള സൗകര്യം ഇത്തവണയും ഉണ്ടാവും. എന്തൊക്കെ സസ്പെൻസ് ആണ്, വ്യത്യസ്തകളാണ് ബിബി ഹൗസ് പ്രേക്ഷകർക്കായി കാത്തുവച്ചിരിക്കുന്നത് എന്ന് കാത്തിരുന്നു കാണ്ടേയിരിക്കുന്നു.
'പൃഥ്വിരാജ് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഉടന്‍ ഹോളിവുഡില്‍ എത്തും: പുകഴ്ത്തി അല്‍ഫോന്‍സ് പുത്രന്‍