Asianet News MalayalamAsianet News Malayalam

വിട്ടുകൊടുക്കാതെ ശോഭ, ഒടുവില്‍ മാരാരും അത് പറഞ്ഞു

ഒരുപാട് തവണ ടാസ്‍കില്‍ തലകുത്തി മറിയേണ്ടി വന്നു ശോഭയ്‍ക്ക്.

Bigg Boss Malayalam Season 5 Shobhas performance hrk
Author
First Published May 8, 2023, 10:34 PM IST | Last Updated May 8, 2023, 10:34 PM IST

ബിഗ് ബോസ് ഹൗസില്‍ ഇന്ന് വളരെ രസകരവും വാശിയേറിയതുമായ ഒരു ടാസ്‍കായിരുന്നു നടന്നത്. പരാജയപ്പെട്ടിട്ടും മറ്റ് മത്സരാര്‍ഥികളുടെയും ജേതാക്കളുടെയും അഭിനന്ദനം ശോഭ നേടുന്ന കാഴ്‍ചയിലും ഇന്നത്തെ എപ്പിസോഡില്‍ കണ്ടു. പുറത്താകുന്ന ഘട്ടത്തില്‍ പല തവണ എത്തിയെങ്കിലും വാശിയോടെ വീണ്ടും മത്സരത്തില്‍ പങ്കെടുക്കുന്ന ശോഭയെയാണ് കണ്ടത്. ശോഭയുടെ മത്സരവീര്യത്തെ അഭിനന്ദിക്കുകയും ചെയ്‍തു മറ്റ് മത്സാര്‍ഥികള്‍.

കൃത്യമായി കണക്കുകൂട്ടലുകള്‍ നടത്തി ഏകാഗ്രതയോടും വേഗതയോടും കൂടെ വിജയത്തില്‍ എത്താൻ സാധിക്കുന്ന ഒരു ടാസ്‍കാണ് നല്‍കുന്നത് എന്നായിരുന്നു ബിഗ് ബോസ് ആദ്യം പറഞ്ഞത്. ഗാര്‍ഡൻ ഏരിയയില്‍ ജോമട്രിക് ആകൃതിയിലുള്ള കളങ്ങള്‍ വ്യത്യസ്‍ത വലിപ്പത്തില്‍ നല്‍കിയിട്ടുണ്ടാകും. ഓരോന്നിലും ഓരോ അക്കങ്ങള്‍ വീതമുണ്ടായിരിക്കും. ബസര്‍ കേള്‍ക്കുമ്പോള്‍ എല്ലാ മത്സരാര്‍ഥികളും സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ വന്ന് നില്‍ക്കുക. ബിഗ് ബോസ് പറയുന്ന അക്കത്തിന് അനുസരിച്ച് ഓരോ തവണയും മത്സരാര്‍ഥികള്‍ എല്ലാവരും വേഗത്തില്‍ ആ അക്കമുള്ള കളത്തിനുള്ളില്‍ വന്ന് നില്‍ക്കുക. കളത്തിനുള്ളില്‍ നില്‍ക്കാൻ കഴിയാതെ പുറത്തുനില്‍ക്കേണ്ടി വരുന്ന ഓരോ വ്യക്തികള്‍ അതാത് റൗണ്ടില്‍ പുറത്താകുന്നതാണ്. അത്തരത്തില്‍ ഓരോ റൗണ്ടില്‍ പുറത്താകുന്നവര്‍ ജയിലില്‍ പോകേണ്ടവരാണ്. മത്സരാവസാനംവരെ നിര്‍ദ്ദേശിക്കുന്ന അക്കങ്ങള്‍ അനുസരിച്ചുള്ള കളങ്ങളില്‍ നില്‍ക്കാൻ സാധിക്കുന്ന മത്സരാര്‍ഥി ആയിരിക്കും ഈ ടാസ്‍കിലെ വിജയി. വിജയിക്കാൻ എങ്ങനെ എതിരാളികളെ പുറത്താക്കണമെന്നും ബുദ്ധിപൂര്‍വം ആലോചിച്ച് പ്രവര്‍ത്തിക്കുക എന്നും ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കി.

ഷിജു ആയിരുന്നു ആദ്യം ടാസ്‍കില്‍ നിന്ന് പുറത്തായി ജയിലില്‍ ആയത്. സാഗറും പിന്നാലെ ടാസ്‍കില്‍ നിന്ന് പുറത്തായി. മിഥുൻ അനിയനായിരുന്നു അടുത്ത തവണ പുറത്തായത്. റെനീഷയും സെറീനയും ടാസ്‍കില്‍ നിന്ന് പുറത്തായി ജയിലിലായി. ശ്രുതി ലക്ഷ്‍മി, റെനീഷ, അനു തുടങ്ങിയവരും തൊട്ടടുത്ത റൗണ്ടുകളിലായി പുറത്തായി. കരുത്തുറ്റ പോരാട്ടം ടാസ്‍കില്‍ പ്രകടിപ്പിച്ച അനു ജോസഫിനെയും എല്ലാവരും അഭിനന്ദിച്ചു. തുടര്‍ന്നായിരുന്നു ശോഭയുടെയും അഞ്‍ജൂസിന്റെയും അഖിലിന്റെയും വിഷ്‍ണുവിന്റെയും വാശിയേറിയ പോരാട്ടം.

പലതവണ കളത്തില്‍ നിന്ന് പുറത്തായെങ്കിലും വിട്ടുകൊടുക്കാൻ ശോഭയും അഞ്‍ജൂസും തയ്യാറായില്ല. ഇവര്‍ക്ക് പരുക്ക് പറ്റും എന്ന് മറ്റുള്ള മത്സരാര്‍ഥികള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഒടുവില്‍ അഞ്‍ജൂസ് ടാസ്‍കില്‍ നിന്ന് പുറത്തായി ജയിലില്‍ കയറി. എങ്കിലും കരുത്തരായ അഖിലിനോടും വിഷ്‍ണുവിനോടും ഏറ്റുമുട്ടാൻ തന്നെയായിരുന്നു ശോഭയുടെ തീരുമാനം. ഒരുപാട് തവണ അഖിലിന്റെയും വിഷ്‍ണുവിന്റെയും ദേഹത്തിന്റെ മുകളിലൂടെ തലകുത്തി മറിയേണ്ടി വന്നു ശോഭയ്‍ക്ക്. എങ്കിലും തളര്‍ച്ചയൊന്നും പ്രകടിപ്പിക്കാതെ കളത്തില്‍ തന്നെ നില്‍ക്കാനായിരുന്നു ശോഭയുടെ ശ്രമം. വ്യത്യസ്‍തമാം ഗെയിമറെ സത്യത്തില്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞീല എന്ന് വിഷ്‍ണു തമാശയായി പാടുകയും ചെയ്‍തു. എന്നാല്‍ ഗ്രൂപ്പായി നിന്ന് കളിക്കല്ലേയെന്നും പിന്നീട് ശോഭ പറയുന്നുണ്ടായിരുന്നു. ഒടുവില്‍ കളത്തില്‍ നിന്ന് പുറത്തായി ജയിലിലേക്ക് എത്തിയ ശോഭ മറ്റ് മത്സരാര്‍ഥികളോടും വാശിയോട് സംസാരിച്ച് തര്‍ക്കിക്കുന്നത് കാണാമായിരുന്നു. ജയിലായിരുന്ന ശോഭയെ നോക്കി നല്ല ഗെയിമായിരുന്നു എന്ന് വിഷ്‍ണു വിളിച്ചു പറയുന്നുണ്ടായിരുന്നു. ശോഭയ്‍ക്കാണ് പ്രേക്ഷകരുടെ ഭയങ്കര പിന്തുണ കിട്ടുക എന്ന് വിജയിയായ അഖില്‍ മാരാര്‍ പിന്നീട് വ്യക്തമാക്കി.

Read More: 'അങ്ങേയറ്റം ദുഃഖം', താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവച്ച് മമ്മൂട്ടി; 'മരിച്ചവരുടെ കുടുംബത്തിനൊപ്പം', പ്രാർഥനയും

Latest Videos
Follow Us:
Download App:
  • android
  • ios