ബിഗ് ബോസില്‍ അപ്രതീക്ഷിത അട്ടിമറി, വിജയിയാകുമെന്ന് പ്രതീക്ഷിച്ച ശോഭ ഞെട്ടി
സ്റ്റീഫൻ ദേവസ്യ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയാണ് ഒരാളെ പുറത്തേയ്‍ക്ക് കൊണ്ടുപോയത്.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ ഗ്രാൻഡ് ഫിനാലെയില്‍ അപ്രതീക്ഷിത പുറത്താകല്‍. ആരംഭം തൊട്ടേ മികച്ച പോരാട്ടം ഹൗസില്‍ കാഴ്‍ചവച്ച ശോഭയാണ് ഗ്രാൻഡ് ഫിനാലെയില്‍ രണ്ടാമതായി പുറത്തായത്. നാലാം സ്ഥാനത്തേ ശോഭയ്‍ക്ക് എത്താനായുള്ളൂവെന്നത് ഷോയില്‍ നടന്ന അട്ടിമറിയാണ്. ബിഗ് ബോസ് മലയാളം ഷോയില്‍ ഇത്തവണ രണ്ടാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ച മത്സരാര്‍ഥിയുമായിരുന്ന ശോഭയെ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്യയാണ് വീട്ടില്‍ എത്തി നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ പുറത്തേയ്‍ക്കു കൊണ്ടുപോയത്.
'നെവര്‍ ഗിവപ്പ്' എന്ന ടാഗോടെ ഷോയില്‍ മത്സരവീര്യം പ്രകടിപ്പിച്ചിരുന്ന ഒരാളാണ് ശോഭ. ശോഭ രണ്ട് തവണ ക്യാപ്റ്റനുമായി. ഒന്നിലും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല ശോഭ. പരാജയം സമ്മതിക്കാൻ തയ്യാറാകാതിരുന്ന ശോഭ ഹൗസില്‍ വിമര്‍ശനവും നേരിട്ടിരുന്നു.
ശോഭ പുറത്തായിയെന്ന പ്രാങ്ക് നടത്തിയ രംഗം കലുഷിതമായത് അവരുടെ ആ പോരാട്ട വീര്യത്തിന്റെ ഉദാഹരണവുമായി കണക്കാക്കാമായിരുന്നു. സ്‍പോട്ട് എവിക്ഷൻ എന്നേ പേരിലായിരുന്നു ഹൗസില്‍ പ്രാങ്ക് നടത്തിയത്. ആര് പുറത്തുപോകണമെന്ന ചോദ്യത്തിന് മത്സരാര്‍ഥികളെല്ലാം പറഞ്ഞ മറുപടി ശോഭ എന്നായിരുന്നു. ഒടുവില്‍ ശോഭ പുറത്തുപോകാൻ ഒരുങ്ങിയെങ്കിലും തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയായിരുന്നു എന്നായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത സുഹൃത്തായ നാദിറയോട് അടക്കം തനിക്ക് ഇനി ഒരു ബന്ധവും വേണ്ട എന്നും ശോഭ വ്യക്തമാക്കി. താൻ 100 ദിവസം നില്‍ക്കാനായിട്ടാണ് ഹൗസില്‍ എത്തിയത് എന്നും ശോഭ ആത്മവിശ്വാസത്തോടെ വ്യക്തമാക്കിയിരുന്നു. എന്തായാലും ഗ്രാൻഡ് ഫിനാലെയില്‍ എത്തിയ ശേഷമാണ് ശോഭ മടങ്ങുന്നത്.
ഫാഷൻ ഡിസൈനറും സാമൂഹ്യപ്രവർത്തകയുമായ ശോഭ ഷോയിലേക്ക് എത്തിയത് ഏറെ പ്രതീക്ഷകളോടെ ആയിരുന്നു. ശോഭ സ്വയം വിശേഷിപ്പിക്കുന്നത് താൻ 'വിക്ടിം' അല്ല 'വിഷണറി' ആണ് എന്നാണ്. ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂശിക്കപ്പെടേണ്ടി വന്നപ്പോഴും ധൈര്യത്തോടെ പോരാടി സത്യം വെളിച്ചത്തുകൊണ്ടുവരാൻ പ്രയത്നിച്ച് വിജയം കൈവരിച്ച വ്യക്തി എന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടാനും ശോഭയ്‍ക്കായിരുന്നു. സംരംഭക എന്നതിനപ്പുറം ശോഭാ വിശ്വനാഥ് എന്ന പേര് വാര്‍ത്തകളില്‍ നിറയുന്നത് ഒരു കഞ്ചാവ് കേസിന്റെ പേരിലായിരുന്നു. സുഹൃത്തിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതാണ് ശോഭയുടെ ജീവിതത്തിൽ കരിനിഴലായത്. വൈരാഗ്യബുദ്ധിയായ ആ സുഹൃത്ത് ശോഭയെ കുടുക്കാൻ അവരുടെ സ്ഥാപനത്തിൽ കഞ്ചാവ് സൂക്ഷിക്കുകയും അതിന്റെ പേരിൽ ശോഭ പ്രതിസ്ഥാനത്താവുകയുമായിരുന്നു. കേസില്‍ ജാമ്യം നേടി പുറത്ത് വന്ന ശോഭ നിരന്തര പ്രയത്നത്തിലൂടെയാണ് തന്നെ കുടുക്കിയയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് സ്വന്തം നിരപരാധിത്വം തെളിയിച്ചത്. ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും ആത്മഹത്യാശ്രമങ്ങളെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമൊക്കെ ശോഭ തുറന്നു പറഞ്ഞിട്ടുണ്ട് 'വീവേഴ്‌സ് വില്ലേജ്' എന്ന കൈത്തറി വസ്ത്രനിര്‍മ്മാണ സ്ഥാപനത്തിന്റെ സ്ഥാപകയായ ശോഭ ഉദ്ഘാടന വേദിയില്‍ മോഹൻലാലിന്റെ മുന്നില്‍വെച്ച് തന്നെ തന്റെ നയം വ്യക്തമാക്കിയിരുന്നു. ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിട്ടാണ് ബിഗ് ബോസ് ഹൗസിലേക്ക് ശോഭ കയറിയത്. പിന്നീട് ശോഭ ബിഗ് ബോസ് ഷോയില്‍ ഉടനീളം ആ ആത്മവിശ്വാസത്തോടെ മുന്നേറാൻ ശ്രമിക്കുകയും ചെയ്‍തിരുന്നെങ്കിലും ഒന്നാമതോ രണ്ടാമതോ സ്ഥാനത്ത് എത്താൻ കഴിയാതിരുന്നത് അവരെ നിരാശയിലാക്കും.
Read More: 'കൂള്‍ ബ്രോ' ഫിനാലെയ്‍ക്കെത്തി, റിനോഷിന്റെ വീഡിയോ പുറത്ത്
മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്