ഏതെങ്കിലും കലിപ്പൻ ഡോക്ടർ ഇത്തവണയും കാണുമോ ? മറുപടി പറഞ്ഞ് മോഹൻലാൽ, ബിബി 5 പ്രമോ
ഓരോ സീസണുകൾ കഴിയുന്തോറും കൂടുതൽ എക്സൈറ്റിങ്ങും ചലഞ്ചിങ്ങും ആകുകയാണ് ബിഗ് ബോസെന്നും മോഹൻലാൽ കൂട്ടിച്ചേർക്കുന്നു.
ബിഗ് ബോസ് സീസൺ അഞ്ചിനായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് കേരളക്കര. തങ്ങളുടെ പ്രിയ താരങ്ങൾ സീസണിൽ ഉണ്ടാകുമോ എന്നാണ് പലരും ചോദിക്കുന്നത്. സോഷ്യൽ മീഡിയകളിലും ഷോ സജീവ ചർച്ചയായി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ബിബി 5ന്റെ പ്രമോഷൻ വീഡിയോകൾ പുറത്തുവിടുകയാണ് ഏഷ്യാനെറ്റ്. ഇവയ്ക്ക് എല്ലാം തന്നെ വൻ പ്രേക്ഷക സ്വീകര്യതയാണ് നേടിയത്. ഇന്ന് പുറത്തുവിട്ട പുതിയ വീഡിയോയും ശ്രദ്ധനേടുകയാണ്.
ഷൂട്ടിംഗ് ലൊക്കേഷനിൽ ഇരിക്കുന്ന മോഹൻലാലിനോട് മൂന്ന് പെൺകുട്ടികൾ വന്ന് ബിഗ് ബോസിനെ പറ്റി ചോദിക്കുന്നതാണ് ഷോ. എത്ര ജിമ്മൻമാർ കാണും, ഏതെങ്കിലും കലിപ്പൻ ഡോക്ടർ ഇത്തവണയും കാണുമോ ? എന്ന് പെൺകുട്ടികൾ ചോദിക്കുന്നു. ഇതിന് ഒറിജിനൽ ആൾക്കാരാകും മത്സരാർത്ഥികൾ ആയെത്തുക എന്നാണ് മോഹൻലാൽ പറയുന്നത്. 'തീ പാറും... വെയ്റ്റ് ആൻഡ് സീ' എന്നും മോഹൻലാൽ പറയുന്നു. ഓരോ സീസണുകൾ കഴിയുന്തോറും കൂടുതൽ എക്സൈറ്റിങ്ങും ചലഞ്ചിങ്ങും ആകുകയാണ് ബിഗ് ബോസെന്നും മോഹൻലാൽ കൂട്ടിച്ചേർക്കുന്നു.
വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന പൊതുജനങ്ങളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണിനുണ്ട്. ഭാരതി എയർടെല്ലിന്റെ 5ജി പ്ലസാണ് ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്‍റെ പ്രധാന സ്പോൺസർ. സ്വയംവര സിൽക്സും ഇന്ത്യ ഗേറ്റും ഡാസ്ലർ എറ്റേണലും സഹ സ്പോൺസർമാരായി ഉണ്ട്. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ 24 x 7 സംപ്രേക്ഷണം ഉണ്ടാകും.
എന്താണ് ബിഗ് ബോസ് ഷോ
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തും. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.