വിരട്ടൽ, വൈകാരികത, പൊട്ടിച്ചിരി, രോഷം, ഏറ്റവും 'ഒറിജിനലാ'യ മോഹൻലാല്‍
പ്രേക്ഷകർ ഒന്നടങ്കം മോഹൻലാലിനൊപ്പം നിന്ന സാഹചര്യവും ബിഗ് ബോസിലുണ്ടായി.
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അതിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആരാകും വിജയി എന്നത് ഇപ്പോഴും പ്രവചനാതീതമാണ്.എന്നാലും ജൂലൈ രണ്ടിന് നടക്കാൻ പോകുന്ന ഗ്രാൻഡ് ഫിനാലെയ്ക്ക് മുൻപ് നിസ്സംശയം ഉറപ്പിച്ചു പറയാൻ പറ്റുന്ന ഒരു കാര്യം ഇത്തവണ ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ഏറ്റവും വലിയ താരം മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ തന്നെയാണ് എന്നതാണ്.
അടിമുടി മാറ്റം വരുത്തിയ ഒരു പുതിയ അവതരണശൈലിയുമായാണ് ഇത്തവണ ലാലേട്ടൻ വാരാന്ത്യങ്ങളിൽ പ്രേക്ഷകരുടെ മുന്നിലെത്തിയത്. പലപ്പോഴും താഴേക്ക് പതിക്കുമായിരുന്ന ഈ സീസണിലെ ബിഗ് ബോസ് ഗെയിമിനെ വഴിതിരിച്ചു വിടുന്നതിൽ ലാലേട്ടൻ വഹിച്ച പങ്ക് അത്രമാത്രമായിരുന്നു.
'സീസൺ ഓഫ് ഒറിജിനൽസ്' എന്ന ടാഗ് ലൈൻ ആയിരുന്നു സീസൺ ഫൈവിന് അണിയറപ്രവർത്തകർ നൽകിയത്. അത് കൊണ്ട് തന്നെ 'പെർഫോമൻസ് ' എന്ന നിലയിൽ നിന്ന് വേറിട്ട് കൊണ്ട് ലാലേട്ടന്റെ ഒരുപിടി റിയൽ ഇമോഷൻസ് ഈ സീസണിലെ വാരാന്ത്യ എപ്പിസോഡുകളിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുകയും മുൻപെങ്ങുമില്ലാത്ത വിധം അവ ചർച്ചയാവുകയും ചെയ്‍തു.
ആദ്യം ചർച്ചയായത് ലാലേട്ടന്റെ മുന്നിൽ അതിരുവിട്ടു പെരുമാറിയ വീട്ടുകാർക്ക് ലാലേട്ടൻ കൊടുത്ത വിരട്ടലായിരുന്നു. എല്ലാവരെയും അമ്പരപ്പിച്ചു, ആ ദിവസം നടക്കേണ്ടിയിരുന്ന എവിക്ഷൻ പോലും നടത്താൻ വിസമ്മതിച്ചു കൊണ്ട് ലാലേട്ടൻ 'ലൈൻ കട്ട്..' എന്ന് നിർദേശിച്ച ശേഷം ഷോ അവസാനിപ്പിച്ചു പോയി. മുൻപ് സീസൺ മൂന്നിൽ സമാനമായ ഒരു സാഹചര്യം ഉണ്ടായപ്പോൾ പോലും സംയമനത്തോടെ ആ നിമിഷം കൈകാര്യം ചെയ്‍ത ലാലേട്ടൻ ആദ്യമായാണ് അങ്ങനെയൊരു കടുത്ത നടപടി എടുത്തത്. പ്രേക്ഷകർ ഒന്നടങ്കം ലാലേട്ടനൊപ്പം നിന്ന സാഹചര്യം കൂടിയായിരുന്നു അത്.
എവിക്ഷൻ പ്രക്രിയ നടക്കുമ്പോൾ പലപ്പോഴും വൈകാരികരാവുന്ന മത്സരാർത്ഥികളെപ്പോലും ആശ്വസിപ്പിക്കുന്ന ലാലേട്ടൻ പോലും വൈകാരികമായ ഒരു മുഹൂർത്തം ഈ സീസണിലായിരുന്നു നടന്നത്. മാതൃദിനത്തിന് മത്സരാർത്ഥികളിലൊരാളും ട്രാൻസ് വുമണുമായ നാദിറ മെഹ്റിനെ വർഷങ്ങൾക്ക് ശേഷം അവരുടെ ഉമ്മ ഫോണിൽ വിളിച്ചു സംസാരിക്കുന്ന മുഹൂർത്തത്തിന് സാക്ഷിയായ നിമിഷമായിരുന്നു അത്.
വർഷങ്ങളായി ഉമ്മയുമായി പരസ്‍പരം സംസാരിക്കാതെയിരുന്ന നാദിറ തനിക്ക് ഉമ്മയുമായി സംസാരിക്കണമെന്ന് പലപ്പോഴും ഷോയിൽ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു.ഒടുവിൽ ലാലേട്ടൻ തന്നെ നാദിറയ്ക്ക് ഉമ്മയുമായി സംസാരിക്കാൻ അവസരമൊരുക്കി. ഒരു നിമിഷം ഇടറിപ്പോകുന്ന ലാലേട്ടനെ അപ്പോൾ പ്രേക്ഷകർ കണ്ടു.
ഏറെ നാളുകൾക്ക് ശേഷം എല്ലാം മറന്നു കുട്ടികളെപ്പോലെ പൊട്ടിച്ചിരിക്കുന്ന ലാലേട്ടനെ മലയാളികൾ കണ്ടതും ഈ സീസണിലായിരുന്നു.വാരാന്ത്യ എപ്പിസോഡിലെ കുസൃതിചോദ്യ മത്സരത്തിൽ 'നമുക്ക് ഉണ്ടാക്കാൻ പറ്റും പക്ഷേ കാണാൻ പറ്റില്ല?' എന്ന ലാലേട്ടന്റെ ചോദ്യത്തിന് മത്സരാർത്ഥിയായ റിനോഷ് ജോർജ് കൊടുത്ത മറുപടി കേട്ടാണ് ലാലേട്ടൻ പൊട്ടിച്ചിരിച്ചു പോയത്. ബിഗ്ബോസ് റിയാലിറ്റി ഷോ കാണാത്ത പ്രേക്ഷകർക്കിടയിൽ പോലും ആ മുഹൂർത്തം വളരെ സ്വീകാര്യത നേടുകയും ആ ചിരി തരംഗമാകുകയും ചെയ്‍തു.
ഒടുവിൽ ലാലേട്ടൻ പ്രേക്ഷകർക്ക് പൂർണ്ണസംതൃപ്‍തി നൽകിയത് അനിയൻ മിഥുൻ എന്ന മത്സരാർത്ഥി 'ജീവിതഗ്രാഫ്' ടാസ്‍കിൽ പങ്കുവച്ച ജീവിതകഥകളിലെ ചില പൊരുത്തക്കേടുകൾ ചോദ്യം ചെയ്‍തപ്പോളാണ്.പ്രേക്ഷകർ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങളെല്ലാം എണ്ണിയെണ്ണി ലാലേട്ടൻ ചോദിച്ചു. ഈ സീസണിൽ ഏറ്റവും ഹിറ്റ് ആയ ഒരു മൊമെന്റും അത് തന്നെയായിരുന്നു.
മറ്റു സീസണുകൾ അപേക്ഷിച്ച് കൂടുതൽ സ്വാതന്ത്രമായ രീതിയിലായിരുന്നു ഇത്തവണ ലാലേട്ടൻ മത്സരാർത്ഥികളോട് ഇടപെട്ടത്. അവർ പറയുന്നതിന് ഓൺ ദി സ്പോട്ടിൽ ധാരാളം 'തഗ്' മറുപടികൾ ഇത്തവണ ലാലേട്ടന്റെ വകയായി ഉണ്ടായിരുന്നു. മുൻകൂട്ടി പ്ലാൻ ചെയ്‍ത വാരാന്ത്യങ്ങളിൽ ഇത്തരത്തിലുള്ള ലാലേട്ടന്റെ ഇടപെടലുകൾ കൂടി ചേരുമ്പോൾ ഈ സീസണിലെ ഏറ്റവും ഒറിജിനൽ ലാലേട്ടൻ തന്നെയാണ് എന്നത് നിസ്സംശയം പറയാവുന്ന കാര്യമാണ്.
ബിഗ് ബോസിലെ ലാലേട്ടന്റെ അവതരണശൈലി മുൻസീസണുകളിൽ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. നൂറു ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത മത്സരാർത്ഥികളോട് അധികം ദേഷ്യപ്പെടാതെയും അഥവാ അങ്ങനെ ചെയ്‍താലും ഒടുവിൽ സൗമ്യനായുമുള്ള ഇടപെടലാണ് പലപ്പോഴും ലാലേട്ടൻ നടത്താറുള്ളത് .മുൻസീസണുകളിൽ പലപ്പോഴും വാരാന്ത്യത്തിൽ മാത്രം എത്തുന്ന ലാലേട്ടനെക്കാൾ ജനപ്രീതിയും പ്രേക്ഷകരുടെ വൈകാരിക അടുപ്പവും ഷോയിലെ ഒന്നോ അതിലധികമോ മത്സരാർത്ഥികൾക്ക് ലഭിക്കുമ്പോൾ സീസൺ ഫൈവിൽ വിജയസാധ്യത കൂടുതലുള്ള ഏതൊരു മത്സരാർത്ഥിയെക്കാളും പ്രേക്ഷകപ്രീതി ലാലേട്ടന് തന്നെയാണ് ഉള്ളത്.
Read More: ജുനൈസിന് വേണ്ടിയുള്ള ബിഗ് ബോസ് ടാസ്‍ക്, ശോഭയ്‍ക്ക് സമ്മാനമായി ലഭിച്ചത് ട്രൗസര്‍
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം