'ഒരു നടൻ സംവിധായകനെ വഴക്കു പറഞ്ഞതായി ഞാൻ കരുതില്ല', മോഹൻലാലിനോട് അഖില്‍ മാരാര്‍
ബിഗ് ബോസ് ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു സംവിധായകൻ അഖില്‍ മാരാര്‍.
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ മാറ്റുരയ്‍ക്കാൻ സംവിധായകൻ അഖില്‍ മാരാരും എത്തിയിരിക്കുന്നു. താൻ ആരാണ് എന്ന് തെളിയിക്കാനാണ് ബിഗ് ബോസ് അവസരം ഉപയോഗിക്കുക എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. സത്യത്തിന് വേണ്ടി സംസാരിക്കാനാണ് താൻ ശ്രമിക്കുന്നത് എന്നും അഖില്‍ മാരാര്‍ പറഞ്ഞു. മോഹൻലാലിന്റെ അടുത്ത് വന്ന് നില്‍ക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമാണെന്നും 'ഒരു താത്വിക അവലോകനം' എന്ന സിനിമയുടെ സംവിധായകനായ അഖില്‍ മാരാര്‍ പറഞ്ഞു.
റൗഡി ആണെന്ന് പുറമേയ്ക്ക് ഒരു സംസാരമുണ്ട്. അത് അല്ല എന്ന് തെളിയിക്കാൻ ആണ് വന്നിരിക്കുന്നത്. മെയില്‍ ഷോവനിസ്റ്റ് എന്ന വിളിപ്പേര് കേട്ട ഒരാളാണ് താൻ. സോഷ്യല്‍ മീഡിയയില്‍ ഓരോ നിലപാട് അനുസരിച്ചാണ് തനിക്ക് ഓരോ പേര് ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഞാൻ ഇതൊന്നും അല്ല. സത്യത്തിന് വേണ്ടി സംസാരിക്കുക എന്നതാണ്, പാവങ്ങള്‍ക്ക് വേണ്ടി സംസാരിക്കുക എന്നതാണ് തനിക്ക് എപ്പോഴും പ്രധാനം. സത്യത്തിന് വേണ്ടി സംസാരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുന്നില്‍ പോലും സംസാരിക്കാൻ പേടി വേണ്ട എന്ന് കരുതുന്ന ആളാണ് ഞാൻ. ലാഭ നഷ്‍ടങ്ങള്‍ക്കായി സംസാരിക്കുന്ന ആളല്ല താൻ എന്നും അഖില്‍ മാരാര്‍ പറഞ്ഞു.
മഹാമേരുവായ അങ്ങയുടെയടുത്ത് വന്ന് നില്‍ക്കാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായി ഞാൻ കാണുന്നു. അങ്ങേയ്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വാദിച്ചിട്ടുണ്ട്. അങ്ങ് അത് അറിഞ്ഞിട്ടില്ല എന്ന് മാത്രം. അഹങ്കാരിയായി മുദ്ര ചാര്‍ത്താൻ എളുപ്പമാണ്. എന്റെ ശരീരഭാഷയില്‍ എളുപ്പത്തില്‍ കിട്ടുന്ന വിശേഷണം ഒരു അഹങ്കാരിയെന്നാണ്. കുറച്ച് അടുത്ത് മനസിലാക്കിയ ആള്‍ക്കാര്‍ക്ക് തിരിച്ചറിയാനാകും ഞാൻ ആരാണെന്ന് എന്നും അഖില്‍ മാരാര്‍ പറഞ്ഞു.
ലാല്‍ സാര്‍ എന്നെ വഴക്കു പറയും എന്ന് എനിക്ക് അറിയാം. അത് ഒരിക്കലും മലയാള സിനിമയിലെ ഒരു അഭിനേതാവ് ഒരു സംവിധായകനെ വഴക്ക് പറഞ്ഞതായി കാണില്ല. പ്രിയപ്പെട്ട ലാലേട്ടൻ എന്നെ വഴക്ക് പറഞ്ഞാതായേ കാണുള്ളൂ. ലാലേട്ടന് എന്നെ വഴക്ക് പറയാൻ ഒന്നും തോന്നണ്ട എന്ന് മുൻകൂട്ടി പറഞ്ഞതാ എന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി. അങ്ങനെ വഴക്ക് പറയാനുള്ള സാഹചര്യം ഇല്ലാതാകട്ടെ, എപ്പോഴും സ്‍നേഹിക്കാനുള്ള സാഹചര്യം ഉണ്ടാകട്ടേ എന്നുമാണ് മോഹൻലാല്‍ അഖില്‍ മാരാരോട് മറുപടിയായി പറഞ്ഞത്.
Read More: 'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ