ബിഗ് ബോസ് വീട് ഭരിക്കുമോ അഖിലെന്ന സംവിധായകന്‍.!
പൊതുവെ സിനിമാ രംഗത്തുള്ളവർ രാഷ്ട്രീയം പറയാൻ മടിക്കുമ്പോൾ ഏത് വേദിയിലും തന്റെ നിലപാടുകൾ വ്യക്തമായി പറയാൻ യാതൊരു മടിയുമില്ല എന്നതാണ് അഖിലിനെ വ്യത്യസ്തനാക്കുന്ന പ്രധാന ഘടകം.
സിനിമാ-രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിൽക്കുന്ന സോഷ്യൽ മീഡിയയിലും ഏറെ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത മുഖമാണ് അഖിൽ മാരാർ. ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്താണ് അഖിൽ മലയാള സിനിമാ രംഗത്തേക്ക് ചുവടുവെക്കുന്നത്. ഒരു പക്കാ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമെന്ന രീതിയിൽ സിനിമ ചർച്ച ചെയ്യപ്പെട്ടു. 2021ലാണ് അഖിലിന്റെ സിനിമ റിലീസാകുന്നത്. ജോജു ജോർജ്, അജു വർഗീസ്, ഷമ്മി തിലകൻ തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.
ചിത്രത്തിന്റെ തിരക്കഥയും അഖിലിന്റേതായിരുന്നു. സിനിമക്ക് ശേഷവും മുമ്പും തന്റെ രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് അഖിൽ മാരാർ. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിലും പുറത്തും നിരവധി വിവാദങ്ങളും സൃഷ്ടിച്ചു. ചാനൽ ചർച്ചകളിലും സജീവ സാന്നിധ്യമായ അഖിൽ, ടി വി പ്രേക്ഷകർക്കിടയിലും സുപരിചിതനാണ്. സ്ത്രീപക്ഷ രാഷ്ട്രീയത്തിലടക്കം അഖിലിന്റെ അഭിപ്രായങ്ങൾ ചർച്ചകൾക്ക് വഴിവെച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിലും അഖിൽ മാരാർ സജീവമാണ്.
പൊതുവെ സിനിമാ രംഗത്തുള്ളവർ രാഷ്ട്രീയം പറയാൻ മടിക്കുമ്പോൾ ഏത് വേദിയിലും തന്റെ നിലപാടുകൾ വ്യക്തമായി പറയാൻ യാതൊരു മടിയുമില്ല എന്നതാണ് അഖിലിനെ വ്യത്യസ്തനാക്കുന്ന പ്രധാന ഘടകം. മലയാളി സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന അഖിൽ മാരാർ ബിഗ് ബോസിലൂടെയും പ്രേക്ഷകരെ ആകര്‍ഷിക്കാൻ എത്തുന്നു. ഇനി ബിഗ് ബോസിലൂടെ അഖിലിന്‍റെ ജീവിതം പ്രക്ഷേകർക്കും കാണാം.
പൗലോ കൊയ്ലയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് അഖിൽ പറഞ്ഞിട്ടുണ്ട്. കൊയ്ലോയുടെ ആൽക്കെമിസ്റ്റ് എന്ന പുസ്തകം ജീവിതത്തിൽ വഴിത്തിരിവായി. സ്വപ്നങ്ങൾക്ക് പിന്നാലെ പറക്കാൻ ചിറക് നൽകിയത് ആ പുസ്തകമാണെന്ന് അഖിൽ അഭിമാനത്തോടെ പറയുന്നു. പഴം, ജ്യൂസ് വിൽപനക്കാരനായിരുന്നു അഖിൽ. അവിടെ നിന്നാണ് തന്റെ സ്വപ്നങ്ങളിലേക്ക് എത്തിപ്പിടിച്ചത്. തന്റെ സ്വപ്ന സാഫല്യത്തിനായി പല വഴികളിലൂടെ അഖിൽ സഞ്ചരിച്ചു. പുത്തൂർ കൊട്ടാത്തല രാജേന്ദ്രൻ പിള്ളയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ജനനം.
കൊല്ലം ഫാത്തിമ കോളജിൽ ബിഎസ്‌സി മാത്ത്സ് ബിരുദത്തിന് ശേഷം മെഡിക്കൽ റെപ്പായി ജോലി നോക്കി. പിന്നീട് അതുപേക്ഷിച്ച് കോട്ടാത്തലയിൽ ആൽകെമിസ്റ്റെന്ന പേരിൽ സ്വന്തമായി ഒരു ജ്യൂസ് കട തുടങ്ങി. എന്നാൽ, അവിടെയും അഖിൽ ഒതുങ്ങിയില്ല. പിഎസ് സി പരീക്ഷകൾ എഴുതി. വനംവകുപ്പിലും പൊലീസിലും ജോലി ലഭിച്ചെങ്കിലും അതും വേണ്ടെന്ന് വെച്ചു. ഇടയ്ക്കു കൃഷിയിലേക്കു തിരിഞ്ഞു. പിന്നീട് എഴുത്തിന്റെ വഴിയിലേക്ക്. നിരന്തരമായ തിരക്കഥ വായനയിലൂടെ മർമം പിടിച്ചെടുത്തു. സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ഡോ. ബിജുവിന്റെ പേരറിയാത്തവൻ എന്ന സിനിമയിൽ മാത്രമാണ് അഖിൽ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ളത്.
അഖിൽ സംവിധായകനായതും ആകസ്മികം. മറ്റൊരു സംവിധായകന്റെ കൂടെ നിർമാതാവ് ഡോ.ഗീവർഗീസ് യോഹന്നാനോട് കഥ പറയാൻ പോയതായിരുന്നു. സംവിധായകൻ പറഞ്ഞ കഥ നിർമാതാവിന് ഇഷ്ടപ്പെട്ടില്ല. എന്നാൽ അഖിൽ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥ ഇഷ്ടമാകുകയും സിനിമായായി ജനിക്കുകയും ചെയ്തു. രാഷ്ട്രീയം അഖിലിന്റെ ജീവവായുവായിരുന്നു. ആദ്യകാലം കോൺഗ്രസിന്റെ സജീവപ്രവർത്തകനായിരുന്നു. ആഭ്യന്തരപ്രശ്നങ്ങൾ കാരണം കോൺഗ്രസ് വിമതനായി. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വെട്ടിക്കല ബ്ലോക്കിലെ കോട്ടാത്തല ഡിവിഷനിൽ മത്സരിച്ച് 1576 വോട്ടുകൾ നേടി. ഭിന്നത മൂത്തതോടെ ബിജെപിയിൽ ചേർന്നു. യുവമോർച്ച ജില്ലാ കമ്മിറ്റി അംഗമായി. എന്നാൽ, പിന്നീട് ബിജെപിയോടും വിടപറഞ്ഞു.
'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ