ഏഷ്യാനെറ്റിൽ ബിഗ് ബോസ് സീസണ്‍ 5 ഉടന്‍, ഇത്തവണത്തെ പ്രത്യേകത അറിയാം
ബിഗ് ബോസ് മലയാളം സീസണ്‍ 5 വരുമ്പോള്‍ മത്സരാര്‍ഥികളില്‍ ഒരാളെ തെരഞ്ഞെടുക്കുന്ന രീതിയാണ് പ്രധാന ഒരു പ്രത്യേകത.
ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. രാജ്യത്ത് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച റിയാലിറ്റി ഷോയായി മാറാനും ബിഗ് ബോസ് മലയാളത്തിന് ആയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് ഉടൻ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.
നടന വിസ്‍മയം മോഹൻലാലാണ് ഇത്തവണയും ഷോയുടെ മുഖമാകുക. ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ ടൈറ്റില്‍ സ്‌പോണ്‍സറാകുന്നത് ഭാരതി എയര്‍ടെലാണ്. പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന ഒരാളെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ഏതൊക്കെ മത്സരാര്‍ഥികളെയാകും പരിചയപ്പെടുത്തുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകരും.
പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഷോ ഒരുഗ്ലോബല്‍ പ്രൊഡക്റ്റ് ആക്കി മാറിയെന്നതിന്റെ ഉത്തമോദാഹരണമാണ് ഇതുവരെ കഴിഞ്ഞ സീസണുകള്‍ക്ക് ലഭിച്ച വന്‍ പ്രതികരണങ്ങൾ. നാലാം സീസണിന്റൈ ഗ്രാന്റ് ഫിനാലെയ്ക്ക് ലഭിച്ച 78 ശതമാനം പ്രോഗ്രാം ഷെയര്‍, ബിഗ്‌ബോസ് എത്രമാത്രം മലയാളി ഹൃദയങ്ങളിലേക്ക് ആഴ്ന്നുകഴിഞ്ഞു എന്നതിന്റെ തെളിവാണ്. ഓരോ സീസണുകളിലും വ്യത്യസ്‍തത വരുത്തുന്ന ബിഗ് ബോസ് ഇപ്രാവശ്യം പൊതുസമൂഹത്തിൽ നിന്നു ഒരാൾക്കുകൂടി മത്സരാർഥിയാകാനുള്ള അവസരം നൽകുകയാണ്. ഇത് ഏഷ്യാനെറ്റും പ്രേക്ഷകരും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു.
ഓരോ സീസണ്‍ കഴിയുന്തോറും ജനങ്ങളോട് കൂടുതല്‍ അടുക്കുകയാണ് ബിഗ് ബോസ് എന്ന് ഏഷ്യാനെറ്റ് ചാനല്‍ ബിസിനസ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ കിഷന്‍ കുമാര്‍ പറഞ്ഞു. പ്രേക്ഷകരുടെയും അനുദിനം മാറുന്നകാലത്തിന്റെയും സ്‍പന്ദനം മനസിലാക്കി വ്യത്യസ്‍തവും പുതുമയേറിയതുമായ രീതിയിലാണ് പുതിയ സീസണ്‍ അണിയിച്ചൊരുക്കുന്നത്.' ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്. എന്നായിരിക്കും ബിഗ് ബോസ് സീസണ്‍ 5 തുടങ്ങുക എന്ന് അറിയിച്ചിട്ടില്ല.
Read More: 'പഠാൻ' റിലീസിന് റെക്കോര്‍ഡ് സ്ക്രീൻ കൗണ്ട്, കണക്കുകള്‍ ഇങ്ങനെ