ആദ്യ എലിമിനേഷനിലേക്ക് ബി​ഗ് ബോസ്; ഈ 7 പേരില്‍ പുറത്താവുക ആര്?

വോട്ടിംഗ് പാറ്റേണില്‍ വന്ന മാറ്റം ഇത്തവണത്തെ എവിക്ഷനുകളെ പ്രവചനാതീതമാക്കുന്ന ഒന്നാണ്

bigg boss malayalam season 5 announced first elimination this week mohanlal nsn

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ എലിമിനേഷനിലേക്ക് കടക്കുമ്പോള്‍ പുറത്താവുക ഏത് മത്സരാര്‍ഥിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഏഴ് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഹൗസില്‍ ഉള്ള 18 മത്സരാര്‍ഥികളുടെ നോമിനേഷന്‍ പ്രകാരമുള്ള നോമിനേഷന്‍ ലിസ്റ്റ് ബിഗ് ബോസ് പ്രഖ്യാപിച്ചത് കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു. അനിയന്‍ മിഥുന്‍, വിഷ്ണു ജോഷി, ലച്ചു, ഏയ്ഞ്ചലിന്‍, റെനീഷ, റിനോഷ്, ഗോപിക ഗോപി എന്നിവയാണ് നിലവില്‍ എവിക്ഷന്‍ സാഹചര്യം നേരിടുന്നത്.

എവിക്ഷന്‍ ഇല്ലാതിരുന്ന ആദ്യ വാരത്തെ അപേക്ഷിച്ച് മത്സരാര്‍ഥികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളും അതിന്‍റേതായ സംഘര്‍ഷങ്ങളുമൊക്കെ രൂപപ്പെട്ട ആഴ്ചയായിരുന്നു രണ്ടാം വാരം. മറകള്‍ക്കപ്പുറത്തുള്ള സ്വന്തം വ്യക്തിത്വം പലരും തുറന്ന് പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. പ്രേക്ഷക പിന്തുണയിലെ ഏറ്റക്കുറച്ചില്‍ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ വളരെ വ്യക്തമായി അറിയാനും സാധിക്കുന്നുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ട ഏഴ് പേരില്‍ പ്രേക്ഷക പിന്തുണയില്‍ മുന്നിലുള്ളവര്‍ റിനോഷും വിഷ്ണുവനും ലച്ചുവും ആയിരിക്കും. 

ഫിസിക്കല്‍ ടാസ്കുകളില്‍ മികച്ച പ്രകടനം എപ്പോഴും നടത്താറുണ്ടെങ്കിലും അല്ലാതെ ഷോയില്‍ കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നില്ല എന്ന ആക്ഷേപം അനിയന്‍ മിഥുന്‍ ആദ്യം നേരിട്ടിരുന്നു. എന്നാല്‍ അവസാന വീക്കിലി ടാസ്കിലെ പെര്‍ഫോമന്‍സോടെ മിഥുന്‍ അത് പൊളിച്ചിട്ടുണ്ട്. സ്വന്തം അഭിപ്രായം തുറന്നു പ്രകടിപ്പിക്കാന്‍ മടിയില്ലാത്തയാള്‍ എന്ന ഇമേജ് ഇതിനകം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ആ അഭിപ്രായങ്ങളില്‍ ചിലതൊക്കെ റെനീഷയ്ക്ക് ലഭിക്കേണ്ട വോട്ടില്‍ പ്രതിഫലിച്ചേക്കാം. കോമണര്‍ മത്സരാര്‍ഥി ഗോപിക ആദ്യം പ്രേക്ഷകപ്രീതി നേടിയിരുന്നെങ്കിലും പോകെപ്പോലെ അത് താഴുന്ന കാഴ്ചയാണ് കാണുന്നത്. മറ്റുള്ളവരില്‍ നിന്നെല്ലാം വേറിട്ട, നിഷ്കളങ്കയായ മത്സരാര്‍ഥിയെന്ന ഇമേജ് ആണ് സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായ ഏയ്ഞ്ചലിനെക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. 

എന്നാല്‍ മുന്‍ സീസണുകളിലെപ്പോലെ വലിയ ഫാന്‍ ബേസ് സൃഷ്ടിക്കുന്ന ഒറ്റ മത്സരാര്‍ഥി എന്ന സംഗതി ഇത്തവണ ഉണ്ടായിട്ടില്ല. പ്രേക്ഷക പിന്തുണയില്‍ മുന്നിലുള്ള റിനോഷിന് പാട്ടും തമാശയും മാത്രമാണ് ഉള്ളതെന്നും ഗെയിമുകളെ സീരിയസ് ആയി എടുക്കുന്നില്ലെന്നും അഭിപ്രായമുള്ളവര്‍ ഉണ്ട്. ലച്ചുവിനേക്കാള്‍ ഫാന്‍ ബേസ് സൃഷ്ടിച്ചിരിക്കുന്നത് വിഷ്ണുവാണ്. എന്നാല്‍ ബിഗ് ബോസ് ഗെയിം എന്താണെന്ന് കൃത്യമായി മനസിലാക്കിയ 18 മത്സരാര്‍ഥികള്‍ക്കിടയില്‍ സ്ക്രീന്‍ സ്പേസ് സൃഷ്ടിക്കാന്‍ ഓരോരുത്തരും ബുദ്ധിമുട്ട് നേരിടുന്നു എന്നതാണ് വാസ്തവം.

വോട്ടിംഗ് പാറ്റേണില്‍ വന്ന മാറ്റം ഇത്തവണത്തെ എവിക്ഷനുകളെ പ്രവചനാതീതമാക്കുന്ന ഒന്നാണ്. മുന്‍പ് ഒരു കാണിക്ക് ദിവസം 50 വോട്ടാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ഒരു വോട്ടായി ചുരുങ്ങിയിട്ടുണ്ട്. അതിനാല്‍ മത്സരാര്‍ഥികള്‍ക്കിടയിലുള്ള വോട്ടിംഗ് വ്യത്യാസം കാര്യമായി കുറയും. മത്സരാര്‍ഥികളുടെ ഓരോ ദിവസത്തെ പ്രകടനവും കഴിഞ്ഞ സീസണുകളേക്കാളൊക്കെ വോട്ടിംഗില്‍ സ്വാധീനം ചെലുത്താവുന്ന സീസണ്‍ കൂടിയാണ് ഇത്. ഏതായാലും മോഹന്‍ലാലിന്‍റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇന്നോ നാളെയോ ഒന്നോ അതിലധികമോ മത്സരാര്‍ഥികള്‍ പുറത്തായേക്കാം.

ALSO READ : താനൊരു 'കോമണര്‍' ആണെന്ന് ഗോപിക; ഇനി അത് പറയരുതെന്ന് ബിഗ് ബോസില്‍ സഹമത്സരാര്‍ഥികള്‍

Latest Videos
Follow Us:
Download App:
  • android
  • ios