Bigg Boss 4 : പിറന്നാള്‍ ദിനത്തില്‍ ബിഗ് ബോസിലെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത് സുചിത്ര
പത്താം വാരത്തിലേക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 4
ബിഗ് ബോസില്‍ (Bigg Boss 4) മത്സരാര്‍ഥികള്‍ ഏറ്റവും ആഗ്രഹിക്കുന്ന ഒന്നാണ് ക്യാപ്റ്റന്‍ സ്ഥാനം. ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നപക്ഷം എലിമിനേഷനു വേണ്ടിയുള്ള നോമിനേഷനില്‍ നിന്ന് ഒഴിവാക്കപ്പെടും എന്നതാണ് പ്രധാന കാരണം. ഈ സീസണ്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയും മത്സരാര്‍ഥികളുടെ എണ്ണം കുറയുകയും ചെയ്‍ത സാഹചര്യത്തില്‍ ക്യാപ്റ്റന്‍സി സ്ഥാനത്തിന് മുന്‍പത്തേതിലും പ്രാധാന്യം കൈവന്നിട്ടുണ്ട്. ആയതിനാല്‍ ഈ വാരത്തിലെ ക്യാപ്റ്റന്‍ ആരെന്നറിയാന്‍ ഏറെ ആകാംക്ഷയോടെയാണ് മത്സരാര്‍ഥികളും ബിഗ് ബോസ് പ്രേക്ഷകരും ഒരുപോലെ കാത്തിരുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ അതിനുള്ള ഉത്തരവും ആയിരുന്നു.
സുചിത്രയാണ് (Suchithra) പത്താം വാരത്തില്‍ ബിഗ് ബോസ് വീടിനെ നയിക്കുക. കഴിഞ്ഞ വീക്കിലി ടാസ്‍കില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങളിലെത്തിയ ജാസ്‍മിന്‍, സൂരജ് എന്നിവരെ ബിഗ് ബോസ് ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് നേരിട്ട് തെരഞ്ഞെടുത്തിരുന്നു. മൂന്നാമത്തെ സ്ഥാനത്തിനായി മത്സരാര്‍ഥികളുടെ നോമിനേഷനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതുപ്രകാരം നടത്തിയ നോമിനേഷനില്‍ അഞ്ച് വോട്ടുകളോടെ ധന്യയും സുചിത്രയും സമാസമത്തില്‍ എത്തി. തുടര്‍ന്ന് ക്യാപ്റ്റന്‍സി ടാസ്കിലേക്ക് ആര് പങ്കെടുക്കണമെന്ന് ഇവര്‍ പരസ്പരം തീരുമാനിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. ധന്യ സ്വയം ഒഴിഞ്ഞുകൊടുത്തതോടെ ടാസ്കിലേക്ക് സുചിത്രയുടം പ്രവേശനം എളുപ്പമായി. സുചിത്ര ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട് എന്നതാണ് അവരുടെ പേര് നിര്‍ദേശിക്കുമ്പോള്‍ ധന്യ കാരണം പറഞ്ഞത്.
ALSO READ : 'അത് എന്‍റെ ജീവിതമല്ല, അവരും നന്നായിരിക്കട്ടെ'; പ്രതികരണവുമായി ബാല
അതേസമയം പിറന്നാള്‍ ദിനത്തിലാണ് സുചിത്ര ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത് എന്ന പ്രത്യേകതയുമുണ്ട്. ക്യാപ്റ്റന്‍സി ടാസ്കില്‍ ഇന്നലെ വിജയിച്ചുവെങ്കിലും മുന്‍ ക്യാപ്റ്റന്‍ ബ്ലെസ്‍ലിയില്‍ നിന്നും സുചിത്ര ക്യാപ്റ്റന്‍ ബാന്‍ഡ് സ്വീകരിച്ചത് ഇന്നാണ്. ബ്ലെസ്‍ലി ക്യാപ്റ്റന്‍ ബാന്‍ഡ് കെട്ടിക്കൊടുക്കുന്ന സമയത്ത് ഹാപ്പി ബര്‍ത്ത്ഡേ പറഞ്ഞുകൊണ്ടാണ് മറ്റു മത്സരാര്‍ഥികള്‍ കൈയടിച്ചത്. തുടര്‍ന്ന് മോഹന്‍ലാലും സുചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്നു.
ALSO READ : കങ്കണയുടെ 'ധാക്കഡി'ന് എട്ടാം ദിവസം വിറ്റുപോയത് 20 ടിക്കറ്റുകള്‍
അതേസമയം ഈ വാരം പുറത്താക്കപ്പെടുന്ന മത്സരാര്‍ഥി ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നാല് പേര്‍ മാത്രമാണ് ഈ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. സൂരജ്, അഖില്‍, സുചിത്ര, വിനയ് എന്നിവര്‍. ഇതില്‍ സുചിത്ര ഈ വാരം പുറത്താക്കപ്പെടുന്നപക്ഷം അവര്‍ നിര്‍ദേശിക്കുന്ന മറ്റൊരാള്‍ ക്യാപ്റ്റന്‍ ആവും.