Bigg Boss 4 : 'ഒപ്പമുള്ളവരുടെ അധിക പരിഗണന'; മോഹന്‍ലാലിനോട് പരാതി പറഞ്ഞ് സൂരജ്
അഖില്‍- സൂരജ് സൌഹൃദത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ള അഭിപ്രായം പങ്കുവച്ച് മോഹന്‍ലാല്‍
തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊപ്പം മനോഹരമായ സൌഹൃദങ്ങളും ബിഗ് ബോസ് സീസണുകളില്‍ (Bigg Boss 4) സാധാരണമാണ്. പുറത്തുനിന്നേ അറിയാവുന്ന സുഹൃത്തുക്കള്‍ക്കൊപ്പം മുന്‍പരിചയമില്ലാതിരുന്ന ചിലര്‍ ബിഗ് ബോസ് ഹൌസില്‍ എത്തിയതിനു ശേഷം ഇഴ പിരിയാത്ത സുഹൃത്തുക്കളായി മാറിയതിനും പ്രേക്ഷകര്‍ പലകുറി സാക്ഷികളായിട്ടുണ്ട്. ഈ സീസണില്‍ നിന്ന് അക്കൂട്ടത്തിലേക്ക് ചേര്‍ക്കാവുന്ന സൌഹൃദങ്ങളില്‍ ഒന്നാണ് അഖിലും സൂരജും. കോമഡി വേദികളില്‍ നിന്നു തന്നെ പരസ്പരം അറിയാവുന്ന സുഹൃത്തുക്കള്‍ ഒരുമിച്ച് ബിഗ് ബോസ് വേദിയില്‍ എത്തിയപ്പോഴും ആ സൌഹൃദം കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കായി.
എന്നാല്‍ മുന്നോട്ടുപോകുന്തോറും മത്സരാവേശം മുറുകിവരുന്ന ബിഗ് ബോസ് ഗെയിമില്‍ അത്തരം സൌഹൃദങ്ങള്‍ മത്സരാര്‍ഥി എന്ന നിലയില്‍ ഒരാള്‍ച്ച് ചിലപ്പോഴൊക്കെ വിലങ്ങുതടിയാവാറുണ്ട്. എപ്പോഴും ഒരുമിച്ച് കാണപ്പെടുന്ന അഖിലിനെയും (Akhil) സൂരജിനെയും (Sooraj) കുറിച്ച് അവതാരകനായ മോഹന്‍ലാല്‍ മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. വന്ന സമയത്ത് മറ്റു പല മത്സരാര്‍ഥികളുമായും ബന്ധം സ്ഥാപിക്കുന്നതിനു പകരം ഇരുവരും ഒരുമിച്ച് എപ്പോഴും സമയം ചിലവഴിക്കുന്നു എന്നായിരുന്നു മോഹന്‍ലാലിന്‍റെ വിമര്‍ശനം. ഇന്നത്തെ എപ്പിസോഡില്‍ സൌഹൃദങ്ങളെക്കുറിച്ച് സംസാരിക്കവെ സൂരജിനോടും മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചു.
സൂരജിനെ മറ്റു മത്സരാര്‍ഥികള്‍ കൂടുതല്‍ പരിഗണിക്കുന്നു എന്ന അഭിപ്രായമുണ്ടോ എന്നായിരുന്നു സൂരജിനോടു തന്നെയുള്ള മോഹന്‍ലാലിന്‍റെ ചോദ്യം. അതുണ്ടെന്നായിരുന്നു സൂരജിന്‍റെ മറുപടി- ഈയൊരു അവസരത്തില്‍ എനിക്കത് പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. അങ്ങനെ പരിഗണിക്കേണ്ട. അതൊരു സ്നേഹത്തിന്‍റെ പേരിലാണെന്ന് എനിക്കറിയാം. പക്ഷേ അപ്പോള്‍ എന്നിലുള്ള ഗെയിമറെ പിന്നിലേക്ക് വലിക്കുന്നതുപോലെ തോന്നുന്നുണ്ട് എനിക്ക്, സൂരജ് പറഞ്ഞു. അങ്ങനെ അഭിപ്രായമുണ്ടായിരുന്നുവെങ്കില്‍ അത് നേരത്തെ പറയണമായിരുന്നെന്ന് തോന്നുന്നില്ലേ എന്നായിരുന്നു മോഹന്‍ലാലിന്‍റെ അടുത്ത ചോദ്യം.
ALSO READ : 'അത് എന്‍റെ ജീവിതമല്ല, അവരും നന്നായിരിക്കട്ടെ'; പ്രതികരണവുമായി ബാല
നേരത്തെ പറയണമെന്നുണ്ടായിരുന്നു. പക്ഷേ കൈയില്‍നിന്ന് പോയി. കാരണം ഒരു സംഭവം കഴിഞ്ഞിട്ട് പറയുമ്പോള്‍ അവര്‍ക്ക് ചിലപ്പോള്‍ ഫീല്‍ ആവും. പറയുന്ന അര്‍ഥത്തില്‍ എടുത്തില്ലെങ്കില്‍ അത് പ്രശ്നമാവുമല്ലോ എന്നൊക്കെ ഓര്‍ത്തിരിക്കുകയായിരുന്നു. എന്തായാലും ഈയൊരു അവസരത്തില്‍ എല്ലാവരോടുമായി പറയുകയാണ്, സൂരജ് മറുപടി പറഞ്ഞു. ഈ സൌഹൃദത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ള അഭിപ്രായവും മോഹന്‍ലാല്‍ സൂരജിനോടും അഖിലിനോടുമായി പങ്കുവച്ചു. പ്രേക്ഷകര്‍ പറയുന്നത് സൂരജും അഖിലും സയാമീസ് ഇരട്ടകളെപ്പോലെ ആണെന്നാണ്. അപ്പോള്‍ നിങ്ങളെ ഒരു പ്ലെയര്‍ ആക്കി കളിക്കട്ടെ ഞങ്ങള്‍, മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ അത് മനപ്പൂര്‍വ്വം ചെയ്യുന്നതല്ല എന്നായിരുന്നു അഖിലിന്‍റെ മറുപടി.
ALSO READ : കാക്കിയില്‍ ത്രില്ലടിപ്പിക്കുന്ന ജയസൂര്യ; ജോണ്‍ ലൂഥര്‍ റിവ്യൂ
അഖില്‍- സൂരജ് ബന്ധത്തെക്കുറിച്ച് ഇതേ അഭിപ്രായമുള്ളവര്‍ ഹൌസില്‍ ഉണ്ടോ എന്ന ചോദ്യത്തിന് റോബിനും വിനയ്‍യും കൈ പൊക്കി. രണ്ടുപേരുടെയും സൌഹൃദം ആരിലും അസൂയ ഉണ്ടാക്കുന്നതാണെന്നും എന്നാല്‍ ഇതൊരു ഗെയിം ഷോ ആണെന്നും അവിടെ ഒറ്റയ്ക്ക് കളിക്കുന്നതിലാണ് കാര്യമെന്നും വിനയ് പറഞ്ഞു. ഒറ്റയ്ക്കൊറ്റയ്ക്ക് കളിക്കുമ്പോള്‍ ഇരുവരും മികച്ച കളിക്കാര്‍ ആണെന്നായിരുന്നു റോബിന്‍റെ പ്രതികരണം.