Bigg Boss 4 : ഈ വാരത്തിലെ മികച്ച പെര്‍ഫോമര്‍; ബിഗ് ബോസിന്‍റെ പുരസ്‍കാരം പ്രഖ്യാപിച്ച് മോഹന്‍ലാല്‍
ബിഗ് ബോസ് ആവേശകരമായ ഏഴാം വാരത്തിലേക്ക്
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) മത്സരാര്‍ഥികളിലെ സവിശേഷ വ്യക്തിത്വമാണ് സൂരജ് (Sooraj). പൊക്കമില്ലായ്മയാണ് തന്‍റെ പൊക്കമെന്ന് തെളിയിച്ച സൂരജ് ആദ്യ വാരങ്ങളിലൊക്കെ ഏറെ മിതത്വം പാലിച്ച മത്സരാര്‍ഥിയാണ്. വ്യക്തിപരമായി മറ്റുള്ളവരോട് മുഖം കറുത്ത് സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത സൂരജ് ഈ മനോഭാവം തന്‍റെ ഗെയിമിനെ സ്വാധീനിക്കുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. സൂരജ് സേഫ് ഗെയിം ആണ് കളിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ മത്സരാര്‍ഥികളുണ്ട്. പല സമയങ്ങളിലായി മോഹന്‍ലാലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇങ്ങനെ പോരെന്നും കൂടുതല്‍ മത്സരബുദ്ധിയോടെ കളത്തിലേക്ക് ഇറങ്ങണമെന്നും അദ്ദേഹം പലരോടും എന്നപോലെ സൂരജിനോടും പറഞ്ഞിരുന്നു. എന്നാല്‍ ആ ഉപദേശം അക്ഷരംപ്രതി പാലിക്കുന്ന സൂരജിനെയാണ് പോയ വാരം ബിഗ് ബോസ് ഹൗസില്‍ കണ്ടത്.
പന്ത്രണ്ട് മത്സരാര്‍ഥികളുടെയും കഴിഞ്ഞ വാരത്തിലെ പ്രകടനം ഏറെ മികച്ചതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് മോഹന്‍ലാല്‍ ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. പിന്നാലെ റോബിന്‍, റോണ്‍സണ്‍ എന്നിവരുടെ പ്രകടനങ്ങളിലെ ചില ന്യൂനതകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുകയമുണ്ടായി. പല വാരങ്ങളിലെയും എന്നപോലെ കഴിഞ്ഞ വീക്കിലി ടാസ്കിലും ഒരു ഘട്ടത്തില്‍ റോബിന്‍ വിട്ടുനില്‍ക്കുന്ന സാഹചര്യം ഉണ്ടായി. ഫിസിക്കല്‍ ടാസ്കില്‍ മറ്റുള്ളവര്‍ക്ക് ശാരീരിക ഉപദ്രവം ഏല്‍പ്പിക്കേണ്ടിവന്നുവെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് താന്‍ ഒരുവേള ഗെയിമില്‍ നിന്ന് വിട്ടുനിന്നതെന്നും എന്നാല്‍ പിന്നാലെ ഗെയിം തുടര്‍ന്നുവെന്നും റോബിന്‍ മറുപടി നല്‍കി. വീട്ടില്‍ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ അവിടെ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നുവെന്നാണ് റോണ്‍സണോട് മോഹന്‍ലാല്‍ ഉന്നയിച്ച പരാതി.
വീക്കിലി ടാസ്കിനിടെ റോബിനും അഖിലിനുമിടയില്‍ വലിയ സംഘര്‍ഷം ഉണ്ടായപ്പോള്‍ റോണ്‍സണെ അവിടെയെങ്ങും കണ്ടില്ലെന്ന പരാതി ലക്ഷ്മിപ്രിയ ഉള്‍പ്പെടെയുള്ളവരും ഉന്നയിച്ചു. എന്നാല്‍ അവര്‍ക്കിടയിലുള്ള തര്‍ക്കം അടിപിടിയിലേക്ക് നീങ്ങില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നായിരുന്നു റോണ്‍സന്‍റെ പ്രതികരണം. ബിഗ് ബോസിന് പുറത്ത് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ ഇങ്ങനെ ആയിരിക്കില്ല തന്‍റെ പ്രതികരണമെന്നും എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ മുന്നോട്ടുള്ള യാത്രയിലും താന്‍ ഇങ്ങനെ തന്നെ നില്‍ക്കുമെന്നും മോഹന്‍ലാലിനോട് റോണ്‍സണ്‍ പറഞ്ഞു. പിന്നീടാണ് കഴിഞ്ഞ വാരം ഏറ്റവും മികച്ച പ്രകടനം നടത്തിയ മത്സരാര്‍ഥിയെ മോഹന്‍ലാല്‍ അഭിനന്ദിച്ചത്.
പല വാരങ്ങളിലും കളി മെച്ചപ്പെടുത്തണമെന്ന് മോഹന്‍ലാല്‍ ഉപദോശിച്ചിട്ടുള്ള സൂരജിനാണ് ഈ വാരത്തിലെ മികച്ച പെര്‍ഫോമര്‍ക്കുള്ള പുരസ്കാരം ലഭിച്ചത്. സൂരജിനെ ഹാളിലെ മേശയിലേക്ക് കയറ്റിനിര്‍ത്താന്‍ മോഹന്‍ലാല്‍ റോണ്‍സനോട് പറഞ്ഞു. എന്നാല്‍ താന്‍ തന്നെ കയറിക്കോളാമെന്ന് പറഞ്ഞ് സൂരജ് അവിടേക്ക് ചാടിക്കയറുകയായിരുന്നു. പിന്നാലെ സ്റ്റോര്‍ റൂമില്‍ ബിഗ് ബോസ് എത്തിച്ച ബാഡ്‍ഡ് അഖിലിനെക്കൊണ്ട് മോഹന്‍ലാല്‍ അവിടേക്ക് വരുത്തിച്ചു. അഖില്‍ തന്നെയാണ് പെര്‍ഫോമര്‍ ഓഫ് ദ് വീക്ക് എന്ന് എഴുതിയ ബാഡ്‍ജ് സൂരജിനെ ധരിപ്പിച്ചതും. ഏറെ ആഹ്ലാദത്തോടെയാണ് സൂരജ് തനിക്കു ലഭിച്ച ഈ അംഗീകാരം സ്വീകരിച്ചത്.