Bigg Boss 4 : ഒരാള്‍ കൂടി പുറത്ത്; നാടകീയമായി രണ്ടാമത്തെ എലിമിനേഷന്‍ പ്രഖ്യാപിച്ച് ബിഗ് ബോസ്
ഈ സീസണില്‍ അവശേഷിക്കുന്നത് 15 പേര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പുറത്തേക്ക്. ഈ സീസണിലെ രണ്ടാമത്തെ എലിമിനേഷന്‍ ആണ് ബിഗ് ബോസ് ഇന്ന് പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ പ്രഖ്യാപിക്കുന്നതിനു പകരം അത്യന്തം നാടകീയമായ രീതിയിലാണ് പ്രേക്ഷകരുടെ ഈ വാരത്തിലെ തീരുമാനം മോഹന്‍ലാല്‍ അറിയിച്ചത്. ദില്‍ഷ, അശ്വിന്‍, റോണ്‍സണ്‍, റോബിന്‍, നിമിഷ ജാസ്മിന്‍, ബ്ലെസ്ലി, ഡെയ്സി എന്നിവരാണ് ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്.
ഇതില്‍ ഹൗസിലെ പുതിയ ക്യാപ്റ്റന്‍ ആയ ദില്‍ഷ, അശ്വിന്‍ വിജയ് എന്നിവര്‍ ഈ വാരം സേഫ് ആണെന്ന് ശനിയാഴ്ച എപ്പിസോഡില്‍ത്തന്നെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചപ്പോള്‍ത്തന്നെ റോണ്‍സണ്‍ സേഫ് ആണെന്ന വിവരവും അദ്ദേഹം അറിയിച്ചു. പിന്നീട് നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിച്ച അഞ്ച് പേരില്‍ ആരാവും പുറത്താവുകയെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. തുടര്‍ന്ന് റോബിന്‍, നിമിഷ ജാസ്മിന്‍, ബ്ലെസ്ലി, ഡെയ്സി എന്നിവരെ ആക്റ്റിവിറ്റി ഏരിയയിലേക്ക് ക്ഷണിക്കുകയായിരുന്നു മോഹന്‍ലാല്‍.
ഇരുട്ടില്‍ പ്രകാശം പരത്തുന്ന ഒരു ഗോളത്തിനു ചുറ്റുമുള്ള അഞ്ച് കസേരകളിലേക്കാണ് മോഹന്‍ലാല്‍ ഈ അഞ്ച് മത്സരാര്‍ഥികളെ ക്ഷണിച്ചത്. ആ ഗോളത്തിലേക്ക് ഓരോരുത്തരും കൈകള്‍ വെക്കുമ്പോള്‍ പച്ച വെളിച്ചമാണ് പ്രകാശിക്കുന്നതെങ്കില്‍ സേഫ് ആണെന്നും ചുവപ്പ് ആണ് കത്തുന്നതെങ്കില്‍ എവിക്റ്റഡ് ആയി എന്നാണ് അര്‍ഥമെന്നും മോഹന്‍ലാല്‍ അറിയിച്ചു. കൈകള്‍ വെക്കാനായി ആദ്യം ബ്ലെസ്‍ലിയെയാണ് മോഹന്‍ലാല്‍ ക്ഷണിച്ചത്. ചുവപ്പ്, പച്ച വെളിച്ചങ്ങള്‍ മാറി മാറി മിന്നിയതിനു ശേഷം പച്ച വെളിച്ചമാണ് ബ്ലെസ്‍ലി കൈകള്‍ വച്ചപ്പോള്‍ കത്തി നിന്നത്. ബ്ലെസ്‍ലി സേഫ് ആണെന്ന് മോഹന്‍ലാല്‍ അറിയിച്ചു.
പിന്നീട് ഇതേ പരീക്ഷണം നടത്താനായി ഡെയ്‍സിയെയും അദ്ദേഹം ക്ഷണിച്ചു. ഡെയ്‍സിക്കും രണ്ട് നിറങ്ങളും മാറി മാറി വന്നതിനു ശേഷം പച്ച വെളിച്ചമാണ് അന്തിമമായി ലഭിച്ചത്. ഡെയ്‍സിയും സേഫ് ആണെന്ന അറിയിപ്പ് ആയിരുന്നു അത്. പിന്നാലെ കൈകള്‍ വെക്കാനുള്ള അവസരം ഡോ. റോബിനാണ് മോഹന്‍ലാല്‍ നല്‍കിയത്. റോബിനും സേഫ് ആണെന്ന അറിയിപ്പ് ആണ് ലഭിച്ചത്. പിന്നീടായിരുന്നു കാണികളില്‍ ഏറ്റവും ആകാംക്ഷ ഉളവാക്കിയ നിമിഷങ്ങള്‍. ബിഗ് ബോസ് ഈ സീസണിലെ ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളായ ജാസ്‍മിന്‍ എം മൂസയും നിമിഷയുമാണ് ഈ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍ പിന്നീട് അവശേഷിച്ചത്. ഇതില്‍ നിമിഷയ്ക്കാണ് അടുത്തതായി കൈകള്‍ വെക്കാന്‍ അവസരം ലഭിച്ചത്. ചുവപ്പ്, പച്ച വെളിച്ചങ്ങള്‍ക്കൊടുവില്‍ അന്തിമമായി ചുവപ്പ് വെളിച്ചമാണ് നിമിഷയ്ക്ക് ലഭിച്ചത്. വളരെ വൈകാരികമാമാണ് നിമിഷ ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ഒരുവേള വിതുമ്പിപ്പോയെങ്കിലും ജാസ്‍മിന്‍ നിമിഷയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ജാസ്‍മിന് മാത്രം ബിഗ് ബോസ് വീട്ടിലേക്ക് മടങ്ങിപ്പോകാമെന്നും നിമിഷയ്ക്ക് മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയിലേക്ക് എത്താമെന്നും പിന്നാലെ ബിഗ് ബോസിന്‍റെ അറിയിപ്പും വന്നു.