Bigg Boss 4 : ദില്‍ഷയെ പ്രകോപിപ്പിച്ച് റിയാസ്; വീക്കിലി ടാസ്കില്‍ വിജയം, നോമിനേഷന്‍ മുക്തിയും
റിയാസ്, വിനയ്, അഖില്‍, ധന്യ, റോണ്‍സണ്‍ എന്നിവരടങ്ങിയ ടീം വിജയിച്ചതായി പ്രഖ്യാപിച്ച് ബിഗ് ബോസ്
ബിഗ് ബോസ് മലയാളം (Bigg Boss 4) മുന്‍ സീസണുകളിലും ആവേശകരമായ വാദപ്രതിവാദങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുള്ള കോള്‍ സെന്‍റര്‍ ടാസ്കിന് അന്ത്യം. രണ്ട് ദിനങ്ങളായി തുടര്‍ന്നുവന്ന ടാസ്കില്‍ ഇരുടീമുകളും തുല്യമായ പോയിന്‍റുകളുമായി നിന്നിരുന്നതിനാല്‍ ഒരു ഫൈനല്‍ റൌണ്ട് കൂടി നടത്താന്‍ ബിഗ് ബോസ് തീരുമാനിക്കുകയായിരുന്നു. ദില്‍ഷ, സൂരജ്, ലക്ഷ്മിപ്രിയ, ബ്ലെസ്ലി എന്നിവരടങ്ങിയ ടീം കോള്‍ സെന്‍റര്‍ നടത്തിപ്പുകാരും റിയാസ്, വിനയ്, അഖില്‍, ധന്യ, റോണ്‍സണ്‍ എന്നിവരുടെ ടീം കോള്‍ ചെയ്യുന്നവരുമായിരുന്നു.
ഇതില്‍ റിയാസ് ദില്‍ഷയുമായാണ് സംസാരിച്ചത്. റിയാസ് ദില്‍ഷയെ എപ്പോഴും വിമര്‍ശിക്കാറുള്ള ഒരു ത്രികോണ പ്രണയ കഥയുടെ കാര്യമാണ് ഈ ടാസ്കിലും സംസാരിച്ചത്. റോബിന്‍, ബ്ലെസ്‍ലി എന്നിവരില്‍ റോബിന്‍ തന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നും ബ്ലെസ്ലി സഹോദരനാണെന്നുമാണ് ദില്‍ഷ പറഞ്ഞിട്ടുള്ളത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു റിയാസിന്‍റെ വാദങ്ങള്‍. ക്യാമറയുടെ ശ്രദ്ധ നേടാനും പ്രേക്ഷകരുടെ വോട്ടുകള്‍ നേടാനും ദില്‍ഷ കളിച്ച നാടകമാണ് ഇതെന്ന് റിയാസ് ആരോപിച്ചു.
ALSO READ : 'ഒരു വഞ്ചി മുങ്ങി പൊളിഞ്ഞ് പോയി'; റോബിനെക്കുറിച്ച് ദില്‍ഷയോട് റിയാസ്
റോബിനോ ബ്ലെസ്ലിയോ അതേപ്പറ്റി സംസാരിക്കാത്തപ്പോള്‍ പോലും പലപ്പോഴും താന്‍ സുഹൃത്താണെന്നും സഹോദരിയാണെന്നുമൊക്കെ ദില്‍ഷ പറഞ്ഞിട്ടുണ്ടെന്നും ഇത് ക്യാമറാ ശ്രദ്ധ നേടാനുള്ള അടവാണെന്നും റിയാസ് പറഞ്ഞു. ദില്‍ഷയെ പ്രകോപിപ്പിക്കാന്‍ സംസാരത്തിനിടെ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു റിയാസ്. എന്നാല്‍ ഫോണ്‍ വെക്കാതെയും ദേഷ്യപ്പെടാതെയുമൊക്കെ ബസര്‍ അടിക്കും വരെ എത്താന്‍ ദില്‍ഷയ്ക്കായി. എന്നാല്‍ റിയാസിന്‍റെ ടീമിനെയാണ് ബിഗ് ബോസ് അന്തിമ വിജയികളായി പ്രഖ്യാപിച്ചത്. റിയാസ് സംസാരിക്കുന്നതിനിടെ പലപ്പോഴും ഇടയില്‍ കയറി സംസാരിച്ചെന്നതാണ് ബിഗ് ബോസ് കാരണമായി ചൂണ്ടിക്കാട്ടിയത്. റിയാസ്, വിനയ്, അഖില്‍, ധന്യ, റോണ്‍സണ്‍ എന്നിവരടങ്ങിയ ടീം വിജയിച്ചതായി പ്രഖ്യാപിച്ച ബിഗ് ബോസ് വിജയിച്ച ടീമിലെ എല്ലാവരും ചേര്‍ന്ന് ഏറ്റവും മികച്ച പ്രകടനം നടത്തിയ ഒരു ടീമംഗത്തെ തെരഞ്ഞെടുക്കാനും പറഞ്ഞു. എല്ലാവരും റിയാസിന്‍റെ പേര് പറഞ്ഞതോടെ റിയാസിന് നോമിനേഷന്‍ മുക്തി നല്‍കുന്നതായും ബിഗ് ബോസ് അറിയിച്ചു.