Bigg Boss 4 : ബിഗ് ബോസിലേക്ക് ആ സര്‍പ്രൈസ് എന്‍ട്രി; അമ്പരന്ന് മത്സരാര്‍ഥികള്‍

ഞായറാഴ്ച എപ്പിസോഡിലാണ് നിമിഷയെ രഹസ്യമുറിയിലേക്ക് മാറ്റിയത്

bigg boss malayalam season 4 nimisha surprise entry from secret room

ഗെയിമുകളുടെ കാര്യത്തിലും സര്‍പ്രൈസുകളുടെ കാര്യത്തിലും മറ്റു സീസണുകളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. പ്രേക്ഷകര്‍ക്കുള്ള പൊതു അഭിപ്രായം അതാണ്. മുന്‍ സീസണുകള്‍ പകുതിയോളം ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഉണ്ടാകാവുന്ന ഒരു അവസ്ഥയാണ് വെറും മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നാലാം സീസണിന് ഉള്ളത്. ഈ സീസണിലെ ഏറ്റവും വലിയ സര്‍പ്രൈസ് ഇന്നത്തെ എപ്പിസോഡിന്‍റെ തുടക്കത്തില്‍ തന്നെ നടന്നു. സൂക്രട്ട് റൂമിലേക്ക് മാറ്റിയ നിമിഷയുടെ മടങ്ങിവരവ് ആയിരുന്നു അത്.

രണ്ട് ദിവസത്തോളം ബിഗ് ബോസിന്‍റെ സീക്രട്ട് റൂമില്‍ സമയം ചിലവഴിച്ച നിമിഷയെ ഇന്നത്തെ എപ്പിസോഡിന്‍രെ തുടക്കത്തില്‍ പല തവണ സ്ക്രീനില്‍ കാണിച്ചിരുന്നു. ഈ രണ്ട് ദിവസവും നിമിഷ ഷോ കണ്ടുകൊണ്ടാണ് ഇരുന്നത്. പിന്നാലെ ബിഗ് ബോസ് നിമിഷയോട് സംസാരിക്കുകയായിരുന്നു. നിമിഷയോട് സുഖവിവരങ്ങള്‍ അന്വേഷിച്ച ശേഷം തിരികെ ഹൌസിലക്ക് പോകുന്ന കാര്യം ബിഗ് ബോസ് ആരാഞ്ഞു. ഇങ്ങനെ ഇരുന്നാല്‍ മതിയോ എന്നും തിരികെ പോകേണ്ടേ എന്നുമായിരുന്നു ബിഗ് ബോസിന്‍റെ ചോദ്യം. പോയിട്ട് തിരികെ വരുന്ന മത്സരാര്‍ഥികള്‍ക്കുള്ള മുന്നറിയിപ്പ് ബിഗ് ബോസ് നിമിഷയ്ക്കും നല്‍കി. ഈ ദിവസങ്ങളില്‍ എവിടെയായിരുന്നു എന്നത് ആരോടും പറയരുതെന്നും മനസിലാക്കിയ കാര്യങ്ങള്‍ ആരോടും പങ്കുവെക്കരുതെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നെ മത്സരാര്‍ഥികളെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഹൌസിലേക്ക് നിമിഷയുടെ കടന്നുവരവ്.

കണ്‍ഫെഷന്‍ റൂമിലൂടെയാണ് ബിഗ് ബോസ് ഹൌസിലേക്ക് നിമിഷയ്ക്ക് പ്രവേശനം അനുവദിച്ചത്. ആളെ തിരിച്ചറിയാത്ത രീതിയില്‍ ഒരു കറുത്ത വസ്ത്രവും ഒരു മുഖംമൂടിയും ധരിച്ചാണ് നിമിഷ ഹൌസിലേക്ക് തിരികെയെത്തിയത്. മുഖംമൂടി വച്ച് എത്തിയ ആളെ ആര്‍ക്കും പെട്ടെന്ന് മനസിലായില്ല. ഒരു ടാസ്കിന്‍റെ നിയമങ്ങള്‍ അടങ്ങിയ കുറിപ്പോടെയാണ് നിമിഷ മത്സരാര്‍ഥികള്‍ക്കിടയിലേക്ക് എത്തിയത്. ആ സമയം എല്ലാവരെയും ഹാളിലേക്ക് ബിഗ് ബോസ് വിളിച്ചിരുത്തിയിരുന്നു. മുഖംമൂടി മാറ്റാതെതന്നെ നിമിഷ ടാസ്ക് നിയമങ്ങള്‍ വായിക്കാന്‍ തുടങ്ങി. ശബ്ദം കേട്ട മറ്റുള്ളവര്‍ തങ്ങളുടെ സഹമത്സരാര്‍ഥിയെ വേഗത്തില്‍ തിരിച്ചറിയുകയായിരുന്നു.

കൈയടികളോടെയാണ് മിക്ക മത്സരാര്‍തികളും നിമിഷയുടെ മടങ്ങിവരവിനെ സ്വീകരിച്ചത്. കൂട്ടത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതുപോലെ ഏറ്റവും ആവേശം ജാസ്മിന് ആയിരുന്നു. തുള്ളിച്ചാടിക്കൊണ്ടാണ് ജാസ്മിന്‍ തങ്ങളുടെ പ്രിയസുഹൃത്തിന്‍റെ മടങ്ങിവരവിനെ സ്വീകരിച്ചത്.

അതേസമയം നിമിഷയുടെ മടങ്ങിവരവ് ബിഗ് ബോസ് ഹൌസില്‍ ചൂടേറ്റുമെന്ന് ഉറപ്പാണ്. പോയിവന്ന മത്സരാര്‍ഥി എപ്പിസോഡുകള്‍ കണ്ടിരിക്കാമെന്ന് മറ്റു മത്സരാര്‍ഥികള്‍ സ്വാഭാവികമായും കരുതും. അതിനാല്‍ത്തന്നെ നിമിഷ എന്ന മത്സരാര്‍ഥിയെ മറ്റുള്ളവര്‍ ഇനി ഗൌരവത്തോടെയേ എടുക്കൂ. അതേസമയം ഹൌസിലെ ബലതന്ത്രത്തെക്കുറിച്ച് ഏകദേശം മനസിലാക്കിയിട്ടുണ്ടാവുന്ന നിമിഷയുടെ മുന്നോട്ടുള്ള പെരുമാറ്റം എങ്ങനെയെന്നതും പ്രേക്ഷകര്‍ കാത്തിരിക്കുന്ന കൌതുകമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios