Bigg Boss 4 : 'ഇത് ലാസ്റ്റ് വാണിംഗ്'; മത്സരാര്‍ഥികളോട് രൂക്ഷമായ ഭാഷയില്‍ മോഹന്‍ലാല്‍
വാരാന്ത്യത്തില്‍ പ്രേക്ഷകര്‍ ആഗ്രഹിച്ച തരത്തിലുള്ള എപ്പിസോഡുമായി ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) വാരാന്ത്യ എപ്പിസോഡില്‍ മത്സരാര്‍ഥികളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മോഹന്‍ലാല്‍ (Mohanlal). കഴിഞ്ഞ വാരാന്ത്യത്തില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി രണ്ട് പുതിയ മത്സരാര്‍ഥികള്‍ വന്നതിനു പിന്നാലെ ഇതുവരെ കാണാത്ത സംഘര്‍ഷാവസ്ഥയിലായിരുന്നു ഹൌസ്. വീക്കിലി ടാസ്ക് ആയി കോടതി ടാസ്ക് കൂടി എത്തിയതോടെ മത്സരാര്‍ഥികളില്‍ പലര്‍ക്കുമിടയില്‍ വലിയ തോതില്‍ അസ്വാരസ്യം വളര്‍ന്നു. വീക്കിലി ടാസ്കില്‍ നിന്ന് ആരംഭിച്ച സംഘര്‍ഷം ജയില്‍ നോമിനേഷനിലേക്കും പിന്നീട് ജയിലിനുള്ളിലേക്കും വരെ നീണ്ടു. പ്രധാനമായും ഡോ. റോബിന്‍, റിയാസ് സലിം എന്നിവര്‍ക്കിടയില്‍ നടന്ന സംഘര്‍ഷം തടയാനാവാതെ നില്‍ക്കുന്ന ജാസ്മിനെയും പ്രേക്ഷകര്‍ കഴിഞ്ഞ വാരം കണ്ടു. പതിവിനു വിപരീതമായി മത്സരാര്‍ഥികളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന മോഹന്‍ലാലിനെയാണ് ഇന്നത്തെ എപ്പിസോഡില്‍ കണ്ടത്.
മത്സരാര്‍ഥികള്‍ക്കിടയില്‍ കഴിഞ്ഞ വാരം നടന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ എപ്പിസോഡ് ആരംഭിച്ചതു തന്നെ. സംഘര്‍ഷങ്ങളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്ന റിയാസ്, റോബിന്‍, ജാസ്മിന്‍ എന്നിവരോടാണ് മോഹന്‍ലാല്‍ ആദ്യം സംസാരിച്ചത്. ഹൌസിനുള്ളില്‍ മലയാളത്തിനു പകരം പലപ്പോഴും എന്തുകൊണ്ട് ഇംഗ്ലീഷ് ഉപയോഗിക്കുന്നു എന്നായിരുന്നു റിയാസിനോടുള്ള മോഹന്‍ലാലിന്‍റെ ആദ്യ ചോദ്യം. ഇനി ശ്രമിക്കാം എന്നായിരുന്നു റിയാസിന്‍റെ മറുപടി. കുടുംബ പ്രേക്ഷകര്‍ ധാരാളമായി കാണുന്ന ഒരു ഷോയില്‍ അസഭ്യ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒരു തലത്തിലും അംഗീകരിക്കാനാവില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഈ വിഷയത്തില്‍ റോബിന് മുന്‍പ് പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിട്ടുള്ള കാര്യം ഓര്‍മ്മിപ്പിച്ച മോഹന്‍ലാല്‍ ഇത് അവസാന മുന്നറിയിപ്പ് ആയിരിക്കുമെന്ന് എല്ലാ മത്സരാര്‍ഥികളോടുമായി പറഞ്ഞു.
അസഭ്യ വാക്കുകള്‍ ഉപയോഗിച്ച റോബിനും റിയാസിനുമുള്ള ശിക്ഷ എന്തൊക്കെയെന്നും മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് പറയുന്നതുവരെ ഇരുവര്‍ക്കും ആരെയും നോമിനേറ്റ് ചെയ്യാന്‍ കഴിയില്ല. ജയിലിനുള്ളില്‍ ചെയ്യാനായി ബിഗ് ബോസ് നല്‍കിയ ടാസ്ക് പരസ്പരമുള്ള തര്‍ക്കത്തിനിടെ റിയാസും റോബിനും ഉഴപ്പിയിരുന്നു. ഒരേ നൂലില്‍ ഇരുവരും ചേര്‍ന്ന് മാല കോര്‍ക്കാനായിരുന്നു ആ ടാസ്ക്. നാളെ കഴിഞ്ഞ് മൂന്ന് ദിവസം ഇരുവരും ജയിലില്‍ കിടക്കണമെന്നും അവിടെ കിടന്ന് പറഞ്ഞ പ്രകാരമുള്ള മാല കോര്‍ത്ത് തനിക്ക് തരണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആദ്യമായിട്ടാണ് ബിഗ് ബോസ് വീട്ടില്‍ ഇങ്ങനെ സംഭവിക്കുന്നത്. ഇത് ഫാമിലി ഓഡിയന്‍സ് കാണുന്നതല്ലേ. അതിനൊരു നിലവാരമുണ്ട്. ആ നിലവാരമില്ലാത്ത ആരായാലും അവിടെ തുടരാന്‍ ഞാന്‍ സമ്മതിക്കില്ല. ഇത് ലാസ്റ്റ് വാണിംഗ് ആണ്, മോഹന്‍ലാല്‍ കര്‍ശനസ്വരത്തില്‍ പറഞ്ഞുനിര്‍ത്തി.