Bigg Boss 4 : അഞ്ചിലൊരാള്‍ ഫൈനല്‍ ഫൈവില്‍! പേര് പ്രഖ്യാപിച്ച് മോഹന്‍ലാല്‍
ഫൈനല്‍ ഫൈവില്‍ ഇടംപിടിച്ചിരിക്കുന്ന അവസാന രണ്ടു പേരെ ഇന്നറിയാം
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) അവസാനിക്കാന്‍ ഇനി ഒരാഴ്ച കൂടി മാത്രം. 17 മത്സരാര്‍ഥികളുമായി മാര്‍ച്ച് 27ന് ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി മൂന്ന് മത്സരാര്‍ഥികളാണ് എത്തിയത്. അങ്ങനെ സീസണില്‍ ആകെ പങ്കെടുത്തത് 20 മത്സരാര്‍ഥികള്‍. ഇതില്‍ നിലവില്‍ അവശേഷിക്കുന്നത് ഏഴുപേര്‍ മാത്രമാണ്. ഇതില്‍ അവസാന ആഴ്ച പ്രേക്ഷകരുടെ വോട്ട് തേടുന്ന ഫൈനല്‍ ഫൈവില്‍ ആരൊക്കെക്കൂടി എത്തും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഫൈനല്‍ ഫൈവ് ലിസ്റ്റ് ഇന്ന് പൂര്‍ത്തിയാവും.
ദില്‍ഷ, സൂരജ്, ബ്ലെസ്‍ലി, റിയാസ്, റോണ്‍സണ്‍, ധന്യ, ലക്ഷ്മിപ്രിയ എന്നിവരാണ് ഈ സീസണില്‍ നിലവില്‍ അവശേഷിക്കുന്ന മത്സരാര്‍ഥികള്‍. ഇതില്‍ അഞ്ച് പേരാണ് ഇത്തവണ നോമിനേഷനില്‍ ഇടംപിടിച്ചിരുന്നത്. ടിക്കറ്റ് ടു ഫിനാലെയില്‍ വിജയിച്ച് ദില്‍ഷ നേരിട്ട് ഫൈനല്‍ ഫൈവില്‍ ഇടംപിടിച്ചിരുന്നു. സൂരജിന് നോമിനേഷന്‍ ലഭിച്ചുമില്ല. അവസാന നോമിനേഷന്‍ ഒഴിവാക്കാന്‍ സാധിച്ചതിനാല്‍ സൂരജും കഴിഞ്ഞ വാരം തന്നെ ഫൈനല്‍ ഫൈവിലേക്ക് ഇടംപിടിച്ചു. അവശേഷിക്കുന്ന അഞ്ച് പേരില്‍ നിന്ന് മൂന്നു പേര്‍ കൂടി ഫൈനല്‍ ഫൈവ് ലിസ്റ്റില്‍ ഇടംപിടിക്കും എന്നതായിരുന്നു ഇന്നലെ വരെയുള്ള സ്ഥിതി. ഇതില്‍ ഫൈനല്‍ ഫൈവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരാളുടെ പേര് മോഹന്‍ലാല്‍ ഇന്നലെ പ്രഖ്യാപിച്ചു.
നോമിനേഷന്‍ ലഭിച്ച അഞ്ച് പേരെയും എണീപ്പിച്ച് നിര്‍ത്തിയ ശേഷമായിരുന്നു ബിഗ് ബോസിന്‍റെ ലെറ്റര്‍ മോഹന്‍ലാല്‍ തുറന്നത്. അതില്‍ ബ്ലെസ്‍ലിയുടെ പേരാണ് ഉണ്ടായിരുന്നത്. അവിശ്വസനീയതയോടെയും എന്നാല്‍ ഭാവവ്യത്യാസമൊന്നും ഇല്ലാതെയുമാണ് താന്‍ ഫൈനല്‍ ഫൈവിലേക്ക് ഇടംപിടിച്ചുവെന്ന വിവരം ബ്ലെസ്‍ലി സ്വീകരിച്ചത്. ധന്യ, ലക്ഷ്‍മിപ്രിയ, സൂരജ്, ദില്‍ഷ എന്നിവര്‍ ബ്ലെസ്‍ലിയെ അഭിനന്ദിച്ചു. പ്രതികരണം ആരാഞ്ഞ മോഹന്‍ലാലിനോട് താനിത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബ്ലെസ്‍ലി പറഞ്ഞു. റോണ്‍സണ്‍ സേവ് ആവുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും.
ALSO READ : 'ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല'; റിയാസിനോട് ക്ഷമ ചോദിച്ച് ലക്ഷ്‍മിപ്രിയ
അതേസമയം ആദ്യ സീസണിനു ശേഷം ഇടയ്ക്ക് തടസ്സം നേരിടാതെ അവസാനിക്കുന്ന സീസണ്‍ കൂടിയാണ് ഇത്. കൊവിഡ് പശ്ചാത്തലത്തില്‍ രണ്ടാം സീസമ്‍ 75-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ തന്നെ കഴിഞ്ഞ സീസണ്‍ 95-ാം ദിവസം നിര്‍ത്തിവെക്കേണ്ടിവന്നു. പിന്നെ ഒരു ഇടവേളയ്ക്കു ശേഷം അവശേഷിക്കുന്ന മത്സരാര്‍ഥികള്‍ക്കുവേണ്ടി വോട്ടിംഗ് നടത്തി ഗ്രാന്‍ഡ് ഫിനാലെ നടത്തി വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. മണിക്കുട്ടനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടൈറ്റില്‍ വിജയി.