Bigg Boss 4 : മലയാളം തെറ്റില്ലാതെ എഴുതാമോ? മോഹന്‍ലാലിന്‍റെ ചോദ്യത്തോട് മത്സരാര്‍ഥികളുടെ പ്രതികരണം
പ്രേക്ഷകരുടെ ആകാംക്ഷയിലേക്ക് ഈ സീസണിലെ ആദ്യ വാരാന്ത്യ എപ്പിസോഡ്
ബിഗ് ബോസ് മലയാളം (Bigg Boss Malayalam) റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികള്‍ക്കായുള്ള നിയമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മലയാള ഭാഷയുടെ നിര്‍ബന്ധിത ഉപയോഗം. ആദ്യ സീസണില്‍ ഈ നിയമം അവതാരകനായ മോഹന്‍ലാല്‍ (Mohanlal) പലകുറി ഓര്‍മ്മിപ്പിച്ചിരുന്നെങ്കില്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ ഈ നിയമം അത്രയധികം പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ പുതിയ സീസണിലെ മത്സരാര്‍ഥികള്‍ക്കിടയില്‍ ഇംഗ്ലീഷിലും മറ്റുമുള്ള സംസാരം കൂടുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം വളരെ പ്രാധാന്യത്തോടെ അവതാരകനായ മോഹന്‍ലാല്‍ ഇന്നത്തെ എപ്പിസോഡില്‍ അവതരിപ്പിച്ചു.
പോയ വാരം മത്സരാര്‍ഥികള്‍ പരസ്പരം ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ സംസാരിച്ച ഭാഗങ്ങളുടെ റഷസും ഒപ്പം ബിഗ് ബോസിന്‍റെ എഴുതപ്പെട്ട നിര്‍ദേശങ്ങള്‍ വായിക്കാനുള്ള പല മത്സരാര്‍ഥികളുടെയും പ്രയാസവുമൊക്കെ മോഹന്‍ലാല്‍ വീഡിയോയില്‍ പ്ലേ ചെയ്‍തു. പിന്നീട് ഇക്കൂട്ടത്തില്‍ മലയാളം നന്നായി അറിയാവുന്നവര്‍ ആരുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ഭൂരിഭാഗം പേരും കൈ ഉയര്‍ത്തിയപ്പോള്‍ അപര്‍ണ്ണ മള്‍ബറി കൈ ഉയര്‍ത്തിയില്ല. ഭാഷ അറിയാം എന്നു പറഞ്ഞവര്‍ക്ക് ഒരു പരീക്ഷ എന്ന നിലയില്‍ താന്‍ പറയുന്ന മലയാള വാക്കുകള്‍ ഒരു ബോര്‍ഡില്‍ എഴുതാന്‍ മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു. നന്നായി മലയാളം കൈകാര്യം ചെയ്യാനറിയാവുന്നവര്‍ക്കു മാത്രം എഴുതാനാവുന്ന അല്‍പം കട്ടിയുള്ള വാക്കുകളാണ് മോഹന്‍ലാല്‍ പറഞ്ഞത്. മൃത്യുഞ്ജയം, ധൃതരാഷ്ട്രര്‍ എന്നീ വാക്കുകളായിരുന്നു അവ.
നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, നിമിഷ, ദില്‍ഷ പ്രസന്നന്‍ എന്നിവര്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ട വാക്കുകള്‍ തെറ്റിച്ചാണ് ബോര്‍ഡില്‍ എഴുതിയത്. ശാലിനി നായര്‍, ബ്ലെസ്‍ലി എന്നിവര്‍ ശരിയായ രീതിയിലും വാക്കുകള്‍ എഴുതി. ബ്ലെസ്‍ലിയെക്കുറിച്ചുള്ള തന്‍റെ ധാരണകള്‍ മാറിയെന്നും പിന്നീട് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. പിന്നീട് ഒരു കഥ വായിക്കാനുള്ള അവസരവും അദ്ദേഹം ബ്ലെസ്‍ലിക്കാണ് നല്‍കിയത്.
അതേസമയം ആകെയുള്ള 17 മത്സരാര്‍ഥികളില്‍ 16 പേരും ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട്. ആദ്യ ക്യാപ്റ്റന്‍ അശ്വിന്‍ വിജയ് മാത്രമാണ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. മറ്റെല്ലാവരും ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട് എന്നത് ബിഗ് ബോസിന്‍റെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു. ഇതിനു മുന്‍പുള്ള സീസണുകളില്‍ ആദ്യ വാരം നോമിനേഷന്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ അതിന്‍റെ അമ്പരപ്പും ചില മത്സരാര്‍ഥികള്‍ പങ്കുവച്ചിരുന്നു. നടന്‍ നവീന്‍ അറയ്ക്കല്‍, നടി ജാനകി സുധീര്‍, നടി ലക്ഷ്‍മി പ്രിയ, മോട്ടിവേഷണല്‍ സ്പീക്കര്‍ ഡോ. റോബിന്‍ രാധാകൃഷ്ണന്‍, നടി ധന്യ മേരി വര്‍ഗീസ്, അവതാരക ശാലിനി നായര്‍, ഫിറ്റനസ് ട്രെയ്‍നര്‍ ജാസ്മിന്‍ എം മൂസ, ഹാസ്യ കലാകാരന്‍ അഖില്‍ ബി എസ്, മിസ് കേരള ഫൈനലിസ്റ്റ് 2021 നിമിഷ, ഫോട്ടോഗ്രാഫര്‍ ഡെയ്‍സി ഡേവിസ്, നടന്‍ റോണ്‍സണ്‍ വിന്‍സെന്‍റ്, മജീഷ്യന്‍ അശ്വിന്‍ വിജയ്, ആദ്യ വിദേശ സാന്നിധ്യം അപര്‍ണ്ണ മള്‍ബറി, നടന്‍ സൂരജ് തേലക്കാട്, ഗായകന്‍ ബ്ലെസ്‍ലി, നര്‍ത്തകിയും നടിയുമായ ദില്‍ഷ പ്രസന്നന്‍, നടി സുചിത്ര നായര്‍ എന്നിവരാണ് ഈ സീസണിലെ മത്സരാര്‍ഥികള്‍.