Bigg Boss : നടി തമന്നയുടെ ഡമ്മിയായി സൂരജ്, നായകനായി റോണ്‍സണ്‍, ചിരിപ്പിച്ച് ലക്ഷ്‍മി പ്രിയ
പൊങ്ങച്ചക്കാരിയായ 'സുഭദ്ര' എന്ന കഥാപാത്രമായി നിറഞ്ഞാടി ലക്ഷ്‍മി പ്രിയ (Bigg Boss).
ബിഗ് ബോസിന്റെ വീക്ക്‍ലി ടാസ്‍കില്‍ നിറഞ്ഞാടി ലക്ഷ്‍മി പ്രിയ. പൊങ്ങച്ചക്കാരിയായ ഒരു കഥാപാത്രമായിട്ടാണ് ബിഗ് ബോസ് ടാസ്‍കില്‍ ലക്ഷ്‍മിപ്രിയ കളം നിറഞ്ഞത്. ലക്ഷ്വറി ബജറ്റിനുള്ള പോയന്റുകള്‍ ലഭിക്കുക വീക്ക്‍ലി ടാസ്‍കിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഒരു ടാസ്‍കിലാണ് ഇന്ന് ലക്ഷ്‍മി പ്രിയ മറ്റ് കുടുംബാംഗങ്ങളും സജീവമായി പങ്കാളികളായത് (Bigg Boss).
ബിഗ് ബോസ് വീട് 'ഹൗസ് ഓഫ് ഹൈജീൻ റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡ്' ആയിട്ടാണ് ടാസ്‍കില്‍ മാറിയത്. ചീഫ് സൂപ്പര്‍വൈസിംഗ് മാനേജര്‍ (സിഎസ്എം) ആയി ഡെയ്‍സിയെയാണ് ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ബിഗ് ബോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹൗസ് ഓഫ് ഹൈജീൻ റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡലിലേക്കുള്ള ജീവനക്കാരെ ഡെയ്‍സി അഭിമുഖം നടത്തി തെരഞ്ഞെടുത്തു. നിമിഷ ഡിഷ് വാഷിംഗ്, റോണ്‍സണ്‍ ക്ലീനിംഗ്, ജാസ്‍മിൻ സെക്യൂരിറ്റി, അഖില്‍ ഷെഫ്, ബ്ലസ്‍ലി അപര്‍ണ, പേഴ്‍സണല്‍ അസിസ്റ്റന്റ്, എന്നിങ്ങനെയാണ് ജീവനക്കാരെ തെരഞ്ഞെടുത്തത്.
.ലക്ഷ്‍മി പ്രിയ, സുചിത്ര, ധന്യ, ദില്‍ഷ എന്നിങ്ങനെ വ്യത്യസ്‍ത സ്വഭാവ സവിശേഷതകളുള്ളവരാണ് റിസോര്‍ട്ടിലേക്ക് വരാനായി ബുക്ക് ചെയ്‍തവര്‍. ആവശ്യത്തിലധികം പണം കൈവശമുള്ള ഒരു ധനികയും ധൂര്‍ത്തയുമായ വ്യക്തിയാണ് ലക്ഷ്‍മി പ്രിയയുടെ കഥാപാത്രമെന്ന് ബിഗ് ബോസ് അറിയിച്ചു. ദേഷ്യം, സന്തോഷം സങ്കടം അനവസരങ്ങളില്‍ അനിയന്ത്രിതമായി കടന്നുവരിക എന്നതാണ് കഥാപാത്രത്തിന്റെ രീതിയെന്നും ബിഗ് ബോസ് അറിയിച്ചു. വളരെ രസകരമായിട്ടായിരുന്നു ആ കഥാപാത്രത്തെ ലക്ഷ്‍മി പ്രിയ കൈകാര്യം ചെയ്‍തത്.
ബിഗ് ബോസ് റിസോര്‍ട്ടിലേക്കുള്ള ലക്ഷ്‍മി പ്രിയയുടെ എൻട്രി തന്നെ വളരെ രസകരമായിരുന്നു. പൊങ്ങച്ചക്കാരിയായ ഒരു സ്‍ത്രിയുടെ മാനറിസങ്ങളും ശൈലിയും ലക്ഷ്‍മി പ്രിയ ആദ്യം തന്നെ വ്യക്തമാക്കി. 'സുഭദ്ര അന്തര്‍ജനം' എന്നായിരുന്നു കഥാപാത്രത്തിനായി ലക്ഷ്‍മി പ്രിയ സ്വീകരിച്ചത്. എല്ലാ മത്സരാര്‍ഥികളെയും ഉള്‍പ്പെടുത്തിയുള്ള ഒരു പ്രകടനമായിരുന്നു ലക്ഷ്‍മി പ്രിയ നടത്തിയത്.
അഖിലുമായുള്ള കോമ്പിനേഷൻ രംഗങ്ങളില്‍ ഒക്കെ ലക്ഷ്‍മി കൗണ്ടറുകളുമായി ലക്ഷ്‍മി പ്രിയ രസിപ്പിച്ചു. 'സുഭദ്ര അന്തര്‍ജന'ത്തിന്റെ ഒരു വീഡിയോ ആല്‍ബത്തെ കുറിച്ച് ഷെഫായ അഖിലിന്റെ കഥാപാത്രം പറയുകയായിരുന്നു. അപ്പോള്‍ അഭിനയിക്കാൻ തനിക്ക് താല്‍പര്യം ഇല്ലായിരുന്നു എന്ന് ലക്ഷ്‍മി പ്രിയയുടെ കഥാപാത്രം പറയുന്നു. എന്നാല്‍ ആ അവസരം വേറെ ആര്‍ക്കെങ്കിലും കൊടുത്തുകൂടായിരുന്നോ എന്ന് അഖില്‍ ചോദിക്കുന്നു. നിര്‍മാതാവ് സമ്മതിച്ചില്ല എന്ന് ആയിരുന്നു ലക്ഷ്‍മി പ്രിയയുടെ മറുപടി. ആരായിരുന്നു നിര്‍മാതാവ് എന്ന് അഖില്‍ ചോദിച്ചപ്പോള്‍ താൻ തന്നെ എന്ന ലക്ഷ്‍മി പ്രിയയുടെ മറുപടി ചിരിപ്പിക്കുന്നതായിരുന്നു.
സിനിമ നിര്‍മിക്കാൻ താല്‍പര്യമുള്ള ഒരു ആളായും ലക്ഷ്‍മി പ്രിയ രംഗം കൊഴുപ്പിച്ചു. ക്ലീനിംഗ് സ്റ്റാഫായ റോണ്‍സണെ ചിത്രത്തില്‍ നായകനാക്കാം എന്നായിരുന്നു ലക്ഷ്‍മി പ്രിയ പറഞ്ഞത്. തനിക്ക് ഇഷ്‍ടമില്ലാത്തെ ഒരു കാര്യം ചെയ്‍തതിന്റെ പേരില്‍ റോണ്‍സണെ ലക്ഷ്‍മി പ്രിയ ശകാരിക്കുന്നതായിരുന്നു ആ രംഗത്ത് ആദ്യം കണ്ടത്. കൃത്യമായ കൗണ്ടറുകളോടെ റോണ്‍സണും രംഗം ഉഷാറാക്കി. ഒടുവില്‍ അത് അഭിനയമായിരുന്നു എന്ന് ലക്ഷ്‍മി പ്രിയ പറയുകയും റോണ്‍സണ്‍ തന്റെ സിനിമയിലെ നായകനാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്‍തു. തമിഴ് നടി തമന്നയുമായുള്ള ഒരു പ്രണയ രംഗം അഭിനയിച്ചു കാണിക്കാനും ലക്ഷ്‍മി പ്രിയ റോണ്‍സണോട് ആവശ്യപ്പെട്ടു. നടി തമന്നയുടെ ഡമ്മിയായി സൂരജിനോടാണ് ലക്ഷ്‍മി പ്രിയ അഭിനയിക്കാൻ പറയുന്നത്. തമന്നയാകാൻ അപര്‍ണയോട് പറയാം എന്ന് സൂരജ് പറയുന്നു. അതിന് ആ കുട്ടിക്ക് തമന്നയെ അറിയുക പോലും ഇല്ലെന്ന് ലക്ഷ്‍മി പ്രിയ കൗണ്ടറടിച്ചു. ഒടുവില്‍ സൂരജ് തന്നെ തമന്നയുടെ ഡ്യൂപ്പായി അഭിനയിച്ചു. ഐസ്‍ക്രീം കൊണ്ടുവരുന്ന തമന്നയെ ആയിരുന്നു സൂരജ് അവതരിപ്പിച്ചത്. തമന്ന തന്റെ മുന്നില്‍ വരുന്നത് കണ്ട് പ്രണയത്തിലാകുന്ന നായകനായി റോണ്‍സണെയും അഭിനയിപ്പിച്ചു. അങ്ങനെ ലക്ഷ്‍മി പ്രിയ തന്റെ ഭാഗം കെങ്കേമമാക്കുകയായിരുന്നു.