Bigg Boss 4 : മോഹന്‍ലാലിന്‍റെ അതിഥിയായി കമല്‍ ഹാസന്‍! ബിഗ് ബോസില്‍ ഇന്ന് സര്‍പ്രൈസ് എപ്പിസോഡ്
പത്താം വാരത്തിലേക്ക് ബിഗ് ബോസ്, ഇന്ന് എലിമിനേഷന്‍ എപ്പിസോഡ്
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) അതിഥിയായി കമല്‍ ഹാസന്‍ (Kamal Haasan). ഞായറാഴ്ച എപ്പിസോഡ് ആയ ഇന്നാണ് കമല്‍ മലയാളം ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാലിനൊപ്പം (Mohanlal) എത്തുക. തമിഴ് ബിഗ് ബോസിന്‍റെ അവതാരകന്‍ കൂടിയായ കമല്‍ ഹാസന്‍ മലയാളം ബിഗ് ബോസില്‍ ഒരു ദിവസം എത്തുമെന്ന് മോഹന്‍ലാല്‍ മത്സരാര്‍ഥികളെ നേരത്തെ അറിയിച്ചിരുന്നതാണ്. ആ ദിവസം ഏതെന്ന് അവര്‍ ചോദിച്ചിരുന്നെങ്കിലും മോഹന്‍ലാല്‍ അക്കാര്യം പറഞ്ഞിരുന്നില്ല. അതിനാല്‍ത്തന്നെ മത്സരാര്‍ഥികള്‍ക്ക് ഒരു സര്‍പ്രൈസ് എപ്പിസോഡ് ആയിരിക്കും ഇന്നത്തേത്.
അതേസമയം പത്താം വാരത്തിലേക്ക് കടക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ നിന്ന് ഇന്ന് പുറത്താകുന്ന മത്സരാര്‍ഥി ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നാലുപേരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍. സുചിത്ര, അഖില്‍, സൂരജ്, വിനയ് എന്നിവര്‍. ഇതില്‍ ഒന്നോ അതിലധികമോ പേര്‍ ഇന്ന് പുറത്തുപോയേക്കാം. എവിക്ഷന്‍ ലിസ്റ്റില്‍ ഉള്ളവര്‍ ഉള്‍പ്പെടെ 12 മത്സരാര്‍ഥികളാണ് നിലവില്‍ ഈ സീസണില്‍ അവശേഷിക്കുന്നത്. ശനിയാഴ്ച എപ്പിസോഡില്‍ ലിസ്റ്റിലുള്ളവരെ മോഹന്‍ലാല്‍ എണീപ്പിച്ചുനിര്‍ത്തിയിരുന്നു. എവിക്ഷന്‍ ഇന്നലെ തന്നെ ഉണ്ടാവുമെന്ന തോന്നല്‍ സൃഷ്ടിച്ചെങ്കിലും പ്രഖ്യാപനം ഞായറാഴ്ചയേ ഉണ്ടാവൂ എന്ന് പിന്നാലെ അറിയിക്കുകയായിരുന്നു.
ALSO READ : ആരാണ് ബിഗ് ബോസിലെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍? കണ്ടെത്തി മോഹന്‍ലാല്‍
അതേസമയം മത്സരാര്‍ഥികളോട് സംവദിക്കുന്ന കമല്‍ ഹാസന്‍ താന്‍ ടൈറ്റില്‍ റോളിലെത്തുന്ന പുതിയ ചിത്രം വിക്രത്തിന്‍റെ വിശേഷങ്ങളും അവരുമായി പങ്കുവെക്കും. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്ന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. സൂര്യ അതിഥിതാരമായും എത്തുന്നു. ഒന്നരയാഴ്ച മുന്‍പ് പുറത്തെത്തിയ ട്രെയ്‍ലറിന് യുട്യൂബില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. ജൂണ്‍ മൂന്നിന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രം ഇതിനകം നേടിയിട്ടുള്ള വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.