'ഒട്ടും എളുപ്പമായിരുന്നില്ല ആ നൂറ് ദിനങ്ങള്‍'; മോഹന്‍ലാലിനോട് ലക്ഷ്‍മിപ്രിയ
ഇനി അവശേഷിക്കുന്നത് മൂന്നുപേര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ താന്‍ പിന്നിട്ട 100 ദിനങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ലക്ഷ്മിപ്രിയ. ഫിനാലെയിലെ ആറ് പേരില്‍ മൂന്നാമത് പുറത്തായ മത്സരാര്‍ഥി ആയിരുന്നു ലക്ഷ്മി. ബിഗ് ബോസ് വേദിയില്‍ ഷോ അനുഭവത്തെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ചോദ്യത്തിന് ലക്ഷ്മിപ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു
ഒട്ടും ഈസി ആയിട്ടുള്ള വഴിയല്ല ബിഗ് ബോസ് സീസണ്‍ 4ന്‍റെ 100 ദിവസങ്ങള്‍ എന്നു പറയുന്നത്. ഞാന്‍ വളരെയധികം അഭിമാനിക്കുന്നു എന്നെയോര്‍ത്ത്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ഞാന്‍ നന്ദിയറിയിക്കുന്നു. എന്‍റെ ഗുരുക്കന്മാര്‍ക്ക്, ജയേഷേട്ടന്, എന്‍റെ മോള്‍ക്ക്, എന്‍റെ കൂടെയുണ്ടായിരുന്ന 20 പേര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. നിങ്ങള്‍ തന്ന ചിരിയാണ് എന്നെ പൊട്ടിച്ചിരിപ്പിച്ചത്. നിങ്ങള്‍ സമ്മാനിച്ച ഓരോ വികാരങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്റെ ദേഷ്യം പുറത്തുകൊണ്ടുവന്നു, എന്‍റെ സങ്കടങ്ങള്‍, എന്‍റെ എല്ലാം, ലക്ഷ്മി പറഞ്ഞുനിര്‍ത്തി.
ഫിനാലെയിലെ മൂന്നാമത്തെ എവിക്ഷന്‍ ബിഗ് ബോസ് പ്രഖ്യാപിച്ചത് ഏറെ കൌതുകകരമായ തരത്തിലായിരുന്നു. ബിഗ് ബോസിന്‍റെ നിര്‍ദേശമനുസരിച്ച് പെരുമാറാനായിരുന്നു മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് പറഞ്ഞത്. പിന്നാലെ ബിഗ് ബോസ് വീടിന്‍റെ മുഖ്യ വാതില്‍ തുറന്ന് നാല് ബൈക്കര്‍മാര്‍ എത്തി. ബുള്ളറ്റ് ബൈക്കുകളില്‍ ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ചിരുന്നു ഇവര്‍. അവരവരുടെ പേരുകള്‍ എഴുതിവച്ച ബൈക്കുകളില്‍ കയറാനായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. തുടര്‍ന്ന് ഗാര്‍ഡന്‍ ഏരിയയില്‍ കുറച്ചുനേരം ഓടിച്ചശേഷം ഒരു ബൈക്ക് മാത്രം പുറത്തേക്ക് പോയി. പുറത്തായ ആള്‍ ഇരുന്ന ബൈക്ക് ആയിരുന്നു അത്. ലക്ഷ്മിപ്രിയയായിരുന്നു ആ ബൈക്കില്‍ ഉണ്ടായിരുന്നത്. ഇതോടെ ഗ്രാന്‍ഡ് ഫിനാലെയില്‍ നിന്ന് പുറത്താവുന്ന മൂന്നാമത്തെ മത്സരാര്‍ഥിയായി ലക്ഷ്മിപ്രിയ. ഇനി മൂന്നുപേര്‍ മാത്രമാണ് ഫിനാലെയില്‍ അവശേഷിക്കുന്നത്. ദില്‍ഷ, റിയാസ്, ബ്ലെസ്‍ലി എന്നിവര്‍.