'ഫൈനല്‍ ഫൈവ്' ഇന്നറിയാം; ബിഗ് ബോസില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ
റിയാസ്, ലക്ഷ്മിപ്രിയ, റോണ്‍സണ്‍, ധന്യ എന്നിവരില്‍ നിന്ന് രണ്ടുപേര്‍ക്കാണ് ഫൈനല്‍ ഫൈവ് ലിസ്റ്റില്‍ ഇടംലഭിക്കുക
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) ഗ്രാന്‍ഡ് ഫിനാലെ ഒഴിവാക്കി നിര്‍ത്തിയാല്‍ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഞായറാഴ്ച. ടൈറ്റില്‍ വിജയിക്കായി പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസാന അഞ്ച് പേരുടെ പൂര്‍ണ്ണ ലിസ്റ്റ് (ഫൈനല്‍ ഫൈവ്) ഇന്ന് പ്രഖ്യാപിക്കും. ഈ ലിസ്റ്റില്‍ ഇതിനകം മൂന്നുപേര്‍ ഇടംപിടിച്ചിട്ടുണ്ട്. ദില്‍ഷ പ്രസന്നന്‍, സൂരജ്, മുഹമ്മദ് ഡിലിജന്‍റ് ബ്ലെസ്‍ലി എന്നിവരാണ് അവര്‍. ബാക്കി അവശേഷിക്കുന്ന നാല് പേരില്‍ രണ്ടുപേര്‍ക്കാണ് ഫൈനല്‍ ഫൈവിലേക്ക് അവസരം. രണ്ടുപേര്‍ ഇന്ന് പുറത്താവുകയും ചെയ്യും.
ഇത്തവണത്തെ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളില്‍ ഒന്നാമതെത്തിയ ദില്‍ഷ ഇടയ്ക്കുള്ള നോമിനേഷന്‍ ഒഴിവാക്കി നേരിട്ട് ഫിനാലെ വാരത്തിലേക്ക് ഇടംനേടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഈ സീസണിലെ അവസാന നോമിനേഷന്‍. ദില്‍ഷ ഒഴികെയുള്ള ആറ് പേരില്‍ അഞ്ചു പേരും നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. സൂരജ് ആയിരുന്നു ഒഴിവായ ആള്‍. അഞ്ച് പേര്‍ക്കായി പ്രേക്ഷകര്‍ കഴിഞ്ഞ ദിവസം വരെ നല്‍കിയ വോട്ടിംഗിന്‍റെ ഫലം മത്സരാര്‍ഥികളെയും പ്രേക്ഷകരെയും അറിയിക്കേണ്ട ഉത്തരവാദിത്തം മാത്രമേ ബിഗ് ബോസിന് ഇനിയുള്ളൂ. ഫൈനല്‍ ഫൈവ് ലിസ്റ്റ് ഇതിനകം തീരുമാനിക്കപ്പെട്ടിട്ടുണ്ട്.
ALSO READ : 'പല കാര്യങ്ങളിലും ബ്ലെസ്‍ലിയുടെ കാഴ്ചപ്പാട് പൂജ്യം'; വിമര്‍ശിച്ച് റിയാസ്
ശനി, ഞായര്‍ ദിനങ്ങളിലാണ് വോട്ടിംഗ് റിസല്‍ട്ടും എലിമിനേഷനുമൊക്കെ സാധാരണ പ്രഖ്യാപിക്കുക. എന്നാല്‍ ഇന്നലത്തെ എപ്പിസോഡില്‍ ബ്ലെസ്‍ലി സേവ് ആയെന്നും ഫൈനല്‍ ഫൈവിലേക്ക് എത്തിയെന്നുമുള്ള വിവരം മാത്രമേ മോഹന്‍ലാല്‍ വഴി ബിഗ് ബോസ് അറിയിച്ചുള്ളൂ. അതിനാല്‍ത്തന്നെ അന്തിമ ഫൈനല്‍ ഫൈവ് ലിസ്റ്റ് ഇന്ന് പ്രഖ്യാപിക്കുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. റിയാസ്, ലക്ഷ്മിപ്രിയ, റോണ്‍സണ്‍, ധന്യ എന്നിവരില്‍ നിന്ന് രണ്ടുപേര്‍ക്കാണ് ഫൈനല്‍ ഫൈവ് ലിസ്റ്റില്‍ ഇടംലഭിക്കുക. അവശേഷിക്കുന്ന രണ്ടുപേര്‍ ഷോയില്‍ നിന്ന് പുറത്താവുകയും ചെയ്യും.
ALSO READ : 'ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല'; റിയാസിനോട് ക്ഷമ ചോദിച്ച് ലക്ഷ്‍മിപ്രിയ
മറ്റു സീസണുകളെ അപേക്ഷിച്ച് പ്രത്യേകതകള്‍ പലതുമുള്ള സീസണ്‍ ആയിരുന്നു ഇത്തവണത്തേത്. വലിയ താരപരിവേഷമുള്ള മത്സരാര്‍ഥികളൊന്നും ഇല്ലാതെ തുടങ്ങിയ സീസണ്‍ ജനപ്രീതി നേടിയതോടെ ജനപ്രിയ മത്സരാര്‍ഥികള്‍ക്ക് ഒരു താരപരിവേഷം കൈവരികയായിരുന്നു. ഡോ. റോബിന് പുറത്ത് ലഭിക്കുന്ന സ്വീകരണങ്ങളൊക്കെ അതിന് ഉദാഹരണം. ന്യൂ നോര്‍മല്‍ എന്ന ടാഗ്‍ലൈനോടെ ആരംഭിച്ച നാലാം സീസണ്‍ ഭിന്ന ലൈംഗികാഭിമുഖ്യങ്ങളുള്ള മത്സരാര്‍ഥികളെക്കൊണ്ടും ശ്രദ്ധേയമായിരുന്നു. ബിഗ് ബോസും ബിഗ് ബോസ് പ്ലസും കൂടാതെ മലയാളത്തില്‍ 24 മണിക്കൂര്‍ ലൈവ് സ്ട്രീമിംഗ് ആദ്യമായി ആരംഭിച്ച സീസണും ഇതുതന്നെ. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവുമധികം കാണികളെ സ്വന്തമാക്കിയാണ് സീസണ്‍ 4 അതിന്‍റെ അന്തിമ വാരത്തിലേക്ക് കടക്കുന്നത്.