ബിഗ് ബോസില്‍ 20 മത്സരാര്‍ഥികളും പങ്കെടുക്കുന്ന ആദ്യ ടാസ്‍ക്
ചലച്ചിത്ര ഗാനങ്ങള്‍ പ്ലേ ചെയ്യുന്നതിനനുസരിച്ച് മത്സരാര്‍ഥികള്‍ ഗാര്‍ഡന്‍ ഏരിയയില്‍ എത്തി നൃത്തം ചെയ്യുന്നതായിരുന്നു ടാസ്‍ക്
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) അവസാനിക്കാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. ബിഗ് ബോസും ബിഗ് ബോസ് പ്ലസും മാത്രമാണ് കഴിഞ്ഞ സീസണ്‍ വരെ ഷോയുടെ ആരാധകര്‍ കണ്ടിരുന്നതെങ്കില്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ 24 മണിക്കൂറും ലൈവ് സ്ട്രീമിംഗ് ആദ്യമായി നടന്ന സീസണ്‍ കൂടിയാണ് ഇത്. 20 മത്സരാര്‍ഥികളാണ് പല ഘട്ടങ്ങളിലായി ഈ സീസണില്‍ പങ്കാളികളായത്. 17 മത്സരാര്‍ഥികളെയാണ് ഉദ്ഘാടന എപ്പിസോഡില്‍ മോഹന്‍ലാല് പരിചയപ്പെടുത്തിയതെങ്കില്‍ രണ്ട് തവണകളിലായി മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും ഹൌസിലേക്ക് എത്തി. ഈ 20 പേരും ആദ്യമായി ഒരുമിച്ച് കാണുന്ന ദിനമായിരുന്നു ബിഗ് ബോസ് ഹൌസില്‍ ഇന്ന്. അതിന്‍റെ ആനന്ദത്തിലായിരുന്നു മിക്ക മത്സരാര്‍ഥികളും.
ഇന്നത്തെ ദിനത്തെ ഏറെ രസകരമാക്കിയ ഒരു ടാസ്കും ബിഗ് ബോസ് നല്‍കി. ചലച്ചിത്ര ഗാനങ്ങള്‍ പ്ലേ ചെയ്യുന്നതിനനുസരിച്ച് മത്സരാര്‍ഥികള്‍ എല്ലാവരും ഗാര്‍ഡന്‍ ഏരിയയില്‍ എത്തി നൃത്തം ചെയ്യണം എന്നതായിരുന്നു അത്. പാട്ടു കേള്‍ക്കുന്ന സമയത്ത് എവിടെ ആയിരുന്നാലും ഗാര്‍ഡന്‍ ഏരിയയിലേക്ക് എത്തി നൃത്തം ചവിട്ടണമെന്നതായിരുന്നു നിര്‍ദേശം. പാട്ടുകള്‍ പല വേഗതയില്‍ പ്ലേ ചെയ്യും എന്നും അറിയിച്ചിരുന്നു. ഒപ്പം പൊടുന്നനെ നിര്‍ത്തുകയും ചെയ്യും. പാട്ട് നിര്‍ത്തുമ്പോള്‍ ഏത് പൊസിഷനിലാണോ ശരീരം അതേ പൊസിഷനില്‍ തുടരണമെന്നും അല്ലാത്തവര്‍ പുറത്താവുമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.
അപ്പങ്ങളെമ്പാടും എന്ന ഗാനമാണ് പല വേഗതയില്‍ ആദ്യം കേള്‍പ്പിച്ചത്. പിന്നെ എന്‍റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനവും കേള്‍പ്പിച്ചു. രണ്ടാമത്തെ തവണ പാട്ട് നിര്‍ത്തിയപ്പോള്‍ പലരും ചിരിക്കുകയും അനങ്ങുകയും ചെയ്‍തിരുന്നു. എന്നാല്‍ ഇത്തവണ ആരെയും പുറത്താക്കേണ്ട എന്നായിരുന്നു ക്യാപ്റ്റന്‍ സ്ഥാനത്തുള്ള റിയാസിന്‍റെ തീരുമാനം. ബിഗ് ബോസ് അത് അംഗീകരിക്കുകയും ചെയ്‍തു. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ മുഴുവന്‍ മത്സരാര്‍ഥികളും ഒരുമിച്ച് പങ്കെടുത്ത ആദ്യ ടാസ്ക് ആയിരുന്നു ഇത്.