Bigg Boss Episode 96 Highlights : 10 ലക്ഷം വേണ്ട ! പണത്തിന്റെ വില പറഞ്ഞ് മത്സരാർത്ഥികൾ
ഷോയുടെ അവസാനവാരത്തെ ടാസ്ക്കുകളും രസകരമായ ഗെയിമുകളുമായി ബിഗ് ബോസ് മുന്നേറുകയാണ്.
മലയാളം ബിഗ് ബോസ്(Bigg Boss) സീസൺ നാല് അവസാനിക്കാൻ ഇനി നാല് ദിവസം മാത്രമാണ് ബാക്കി. ധന്യ, സൂരജ്, ബ്ലെസ്ലി, റിയാസ്, ലക്ഷ്മി പ്രിയ, ദിൽഷ എന്നിവരാണ് ഫൈനൽ സിക്സിൽ എത്തിയിരിക്കുന്നത്. ഇവരിൽ ആരാകും ടൈറ്റിൽ വിന്നറാകുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഷോയുടെ അവസാനവാരത്തെ ടാസ്ക്കുകളും രസകരമായ ഗെയിമുകളുമായി ബിഗ് ബോസ് മുന്നേറുകയാണ്.
മിഡ് വീക്ക് എവിക്ഷനിൽ ആര് പോകണം ?
ബിഗ് ബോസിന്റെ തൊണ്ണൂറ്റി ആറാമത്തെ എപ്പിസോഡ് തുടങ്ങിയത് മോണിംഗ് ടാസ്കോട് കൂടിയാണ്. ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഫിനാലെ വീക്കിൽ പ്രേക്ഷക പിന്തുണയുടെ അഭാവത്താൽ വീട്ടിൽ നിന്നും മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി ആരാണെന്നും അതിന് കാരണമെന്താണെന്നും ഓരോരുത്തരായി പറയുക എന്നതായിരുന്നു ടാസ്ക്. ബ്ലെസ്ലി- ധന്യ, ധന്യ- ബ്ലെസ്ലി, റിയാസ്-ബ്ലെസ്ലി, ദിൽഷ- ധന്യ, സൂരജ്- ബ്ലെസ്ലി, ലക്ഷ്മി പ്രിയ- ബ്ലെസ്ലി എന്നിങ്ങനെയാണ് മത്സരാർത്ഥികൾ പറഞ്ഞ പേരുകൾ. ഭൂരിഭാഗം പേരും ബ്ലെസ്ലിക്കെതിരെയാണ് അമ്പെയ്തത്.
പത്ത് ലക്ഷം ആരെടുക്കും ?
ബിഗ് ബോസ് വീട്ടിൽ വേറിട്ട അനുഭവങ്ങളെ അറിഞ്ഞും ആസ്വദിച്ചും അനുഭവിച്ചും ഫിനാലെ വീക്കിലെ പാതിവഴിയിൽ
മത്സരാർത്ഥികൾ എത്തി നിൽക്കുകയാണ്. ഇനി കേവലം നാല് ദിനങ്ങൾ മാത്രം. ആര് വിജയിക്കുമെന്ന് ആകാംക്ഷാപൂർവ്വം ഉറ്റ് നോക്കിക്കൊണ്ടിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷക സമൂഹം. 50 ലക്ഷം രൂപയാണ് ആ വിജയിയെ കാത്തിരിക്കുന്നത്. നിങ്ങൾ ആറ് പേരിൽ ഒരു വ്യക്തിക്ക് മാത്രമെ വിജയിച്ച് ആ പണം നേടാനാകൂ. അത് ആർക്കാണ് ലഭിക്കുകയെന്നത് ഇപ്പോൾ പ്രവചനാതീതമാണ്. എങ്കിലും തങ്ങളുടെ പ്രകടനം കൊണ്ടും മനസ്സിലെ ധാരണകൾ കൊണ്ടും വിജയിച്ച് ഒന്നാം സ്ഥാനം നേടാൻ സാധിക്കില്ലെന്ന് നിങ്ങളിൽ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അവസരം നൽകുകയാണ് എന്നാണ് ബിഗ് ബോസ് നൽകിയ നിർദ്ദേശം. വിജയ പ്രതീക്ഷയില്ലാത്ത ഒരാൾക്ക് മുന്നിൽ വച്ചിരിക്കുന്ന പണപ്പെട്ടിയുമായി പുറത്തേക്ക് പോകാമെന്നും ബിഗ് ബോസ് പറയുന്നു. പിന്നീട് ആറ് മത്സരാർത്ഥികളും മുൾമുനയിൽ നിൽക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ആദ്യം രണ്ട് ലക്ഷം രൂപയാണ് ബിഗ് ബോസ് നൽകിയത്. പിന്നീട് അഞ്ച് ലക്ഷമായി ഉയർത്തി. ശേഷം 10 ലക്ഷവും ആക്കി. വിജയിക്ക് ലഭിക്കുന്ന 50 ലക്ഷത്തിൽ നിന്നുമാണ് ഈ പത്ത് ലക്ഷം കുറയുകയെന്നും ബിഗ് ബോസ് അറിയിച്ചു. എന്നാൽ ആ തുകയും സ്വീകരിക്കാൻ മത്സരാർത്ഥികൾ തയ്യാറായില്ല. ജയിച്ചാലും തോറ്റാലും നൂറ് ദിവസം കഴിഞ്ഞ് മാത്രമെ പോകുള്ളൂ എന്ന നിലപാടിലാണ് പലരും. പണം ആവശ്യമായിരുന്നിട്ടും പ്രേക്ഷകരോട് നീതി പുലർത്തിയ മത്സരാർത്ഥികൾക്ക് ബിഗ് ബോസ് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
പണത്തിന്റെ വിലയെ പറ്റി മത്സരാർത്ഥികൾ
മനുഷ്യരുടെ ജീവതത്തിൽ പണത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. അതിസമ്പന്നരായി ജീവിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെങ്കിൽ പോലും അടിസ്ഥാനപരമായി ഈ ആധുനിക സമൂഹത്തിൽ ഒപ്പമുള്ളവരുമായി മാന്യമായി ജീവിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഇല്ല. ജീവിതത്തിന്റെ പല മുഹൂർത്തങ്ങളിലും പണത്തിന്റെ അപര്യാപ്തത മൂലം തൃപ്തികരമായ ജീവിതം നയിക്കാൻ നിങ്ങൾക്ക് കഴിയാതെ വരികയോ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയോ ചെയ്തിട്ടുണ്ടാകാം. അത്തരത്തിൽ മത്സരാർത്ഥികളെ നൊമ്പരപ്പെടുത്തിയ തിക്താനുഭവങ്ങൾ പങ്കുവയ്ക്കുക എന്നതായിരുന്നു ടാസ്ക്. പിന്നാലെ ആറ് പേരും അവരവരുടെ ജീവിതത്തിലെ നൊമ്പരാനുഭവങ്ങൾ പങ്കുവച്ചു.
കൊറോണ സമയത്ത് അല്പം കഷ്ടപ്പെട്ടു-സൂരജ്
അച്ഛൻ ടാപ്പിംഗ് തൊഴിലാളി ആയിരുന്നു. അതോടൊപ്പം തന്നെ പാർട്ടി പ്രവർത്തനങ്ങളും കാര്യങ്ങളും ഉണ്ടായിരുന്നു. ബിലോ ആവറേജിൽ പോയിരുന്നൊരു ഫാമിലി ആയിരുന്നു എന്റേത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഞാൻ ചെറിയ പരിപാടികളൊക്കെ ചെയ്യാൻ തുടങ്ങി. അപ്പോൾ കിട്ടിയ കാശ് കൊണ്ട് നമ്മുടെ ചെറിയ ആഗ്രഹങ്ങളൊക്ക നിറവേറ്റുകയായിരുന്നു. കൊറോണ സമയത്ത് അല്പം കഷ്ടപ്പെട്ടു. ഒരു സ്ഥിരവരുമാനം ചെയ്യണമെന്നാണ് ഇപ്പോഴെന്റെ ആഗ്രഹം.