Bigg Boss Malayalam Season 4 Episode 95 Highlights : വീണ്ടും ദില്‍ഷ, അവസാന വീക്കിലി ടാസ്‍കിലും മിന്നും ജയം
ഗ്രാന്‍ഡ് ഫിനാലെ ജൂലൈ 3 ഞായറാഴ്ച
ബിഗ് ബോസ് മലയാളം സീസണുകളില്‍ ഏറ്റവും രസകരമായ ഒരു സീസണ്‍ (Bigg Boss 4) അവസാനിക്കാന്‍ ഇനി നാല് ദിനങ്ങള്‍ കൂടി മാത്രം. ന്യൂ നോര്‍മല്‍ എന്ന വിശേഷണത്തെ അന്വര്‍ഥമാക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പ്. ഭിന്ന ലൈംഗികാഭിമുഖ്യങ്ങളുള്ള വ്യക്തികളെ ഉള്‍പ്പെടുത്തിയതോടെ തന്നെ ബിഗ് ബോസ് അണിയറക്കാര്‍ വലിയൊരു സന്ദേശമാണ് മുന്നോട്ടുവച്ചത്. അതേസമയം വലിയ താരപരിവേഷമുള്ള മത്സരാര്‍ഥികളുടെ അഭാവവും ഇത്തവണത്തെ പ്രത്യേകതയായിരുന്നു. പക്ഷേ ആഴ്ചകള്‍ മുന്നോട്ടുപോകവെ അവരില്‍ പലരും വലിയ താരപരിവേഷം സ്വന്തമാക്കി എന്നത് മറ്റൊരു വസ്തുത.
സാധാരണ അവസാന വാരം ഫൈനല്‍ ഫൈവ് എന്നതാണ് ബിഗ് ബോസ് ഹൌസിലെ മത്സരാര്‍ഥികളുടെ കണക്കെങ്കില്‍ ഇക്കുറി അത് ഫൈനല്‍ സിക്സ് ആണ്. സൂരജ്, റിയാസ്, ബ്ലെസ്‍ലി, ദില്‍ഷ, ധന്യ, ലക്ഷ്‍മിപ്രിയ എന്നിവരാണ് ഇത്തവണ ഫിനാലെയിലേക്ക് വോട്ട് തേടുന്നത്. അതേസമയം ഈ സീസണിലെ അവസാനത്തെ വീക്കിലി ടാസ്‍കില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയുമാണ് മത്സരാര്‍ഥികള്‍. ദൃശ്യവിസ്മയം എന്നു പേരിട്ടിരിക്കുന്ന വീക്കിലി ടാസ്ക് മലയാളം ബിഗ് ബോസില്‍ ആദ്യമായി എത്തുന്ന ടാസ്ക് ആണ്. മത്സരാര്‍ഥികളുടെ ബിഗ് ബോസിലെ ചില ദൃശ്യങ്ങള്‍ കാണിച്ചിട്ട് ചോദ്യങ്ങള്‍ ചോദിക്കുകയാണ് ഈ ടാസ്കില്‍ ബിഗ് ബോസ് ചെയ്യുന്നത്. ടാസ്ക് ഇന്നും തുടരും.
'സൂരജ് പറഞ്ഞതിലാണ് എനിക്ക് ബുദ്ധിമുട്ട്'
ഫിനാലെ വീക്കിന്‍റെ അന്തിമാവേശത്തിന് ചേര്‍ട്ടൊരു ടാസ്ക് ആണ് ബിഗ് ബോസ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യവിസ്മയം എന്നു പേരിട്ടിരിക്കുന്ന ടാസ്കില്‍ പോയ വാരങ്ങളില്‍ മത്സരാര്‍ഥികള്‍ സംസാരിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വീഡിയോകളാണ് നിലവിലെ ആറുപേരെ ബിഗ് ബോസ് കാണിക്കുന്നത്. തങ്ങളെക്കുറിച്ച് മറ്റുള്ളവരോട് മത്സരാര്‍ഥികള്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്നത് പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. സൂരജിന്‍റെ കാര്യത്തിലാണ് തനിക്ക് അത്ഭുതം തോന്നിയതെന്ന് റിയാസ് ദില്‍ഷയോട് പറഞ്ഞു. മറ്റുള്ളവര്‍ തന്നെ കുറ്റം പറഞ്ഞതില്‍ അത്ഭുതമില്ലെന്നും എന്നാല്‍ സൂരജ് അങ്ങനെ പറയുമെന്ന് കരുതിയിരുന്നില്ലെന്നും റിയാസ്. തന്നെ ഏറെ നേരവും കളിയാക്കുകയാണ് സൂരജ് ചെയ്തിരുന്നതെന്നും റിയാസ് ദില്‍ഷയോട് പറഞ്ഞു.
'റോണ്‍സണ്‍ നേരത്തേ പോകേണ്ടിയിരുന്നയാള്‍'
റോണ്‍സണ്‍ 91 ദിവസം ബിഗ് ബോസ് ഹൌസില്‍ നില്‍ക്കേണ്ട ആള്‍ ആയിരുന്നില്ലെന്ന് ലക്ഷ്‍മിപ്രിയ. സുഹൃത്ത് ധന്യയോടാണ് ലക്ഷ്‍മി ഇക്കാര്യം പറഞ്ഞത്. ദൃശ്യവിസ്മയം ടാസ്കില്‍ റോണ്‍സന്‍റെ ചില ക്ലിപ്പിംഗുകള്‍ കണ്ടതിനെത്തുടര്‍ന്നാണ് ലക്ഷ്മി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. റോണ്‍സണ്‍ എന്തുകൊണ്ടാണ് വളരെ കുറച്ച് തവണ നോമിനേഷനില്‍ വന്നതെന്ന് ഇപ്പോള്‍ മനസിലായെന്നും ലക്ഷ്‍മിപ്രിയ പറഞ്ഞു.
ബ്ലെസ്‍ലി ഫ്രോഡ് എന്ന് ലക്ഷ്‍മിപ്രിയ
ഈ സീസണ്‍ കണ്ട ഏറ്റവും വലിയ ഫ്രോഡ് മത്സരാര്‍ഥിയാണ് ബ്ലെസ്‍ലിയെന്ന് ലക്ഷ്‍മിപ്രിയ. ദൃശ്യവിസ്മയം വീക്കിലി ടാസ്കില്‍ മുന്‍പ് ധന്യയോടും റോബിനോടും ലക്ഷ്മിപ്രിയ പറഞ്ഞ കാര്യമായിരുന്നു ഇത്. ഇന്ന് ബിഗ് ബോസ് ഈ ക്ലിപ്പിംഗ് പരസ്യമാക്കിയത് ബ്ലെസ്‍ലിക്കും ലക്ഷ്‍മിക്കും ഇടയിലുള്ള വാക്കുതര്‍ക്കത്തിലേക്കും നയിച്ചു.
ലക്ഷ്‍മിപ്രിയ ഈഗോ കൊണ്ട് ഊതിവീര്‍പ്പിച്ച ബലൂണെന്ന് ബ്ലെസ്‍ലി
ബലൂണ്‍ പോലെ ഊതിവീര്‍പ്പിച്ച ഈഗോയുള്ള ആളെന്ന് താന്‍ മുന്‍പ് പറഞ്ഞത് വിനയ്‍യെ കുറിച്ച് ആണെന്നും എന്നാല്‍ അത് ശരിയായി യോജിക്കുന്നത് ലക്ഷ്‍മിപ്രിയക്കാണെന്നും ബ്ലെസ്‍ലി. താന്‍ എല്ലാ വികാര വിചാരങ്ങളുമുള്ള ഒരു പച്ച മനുഷ്യന്‍ ആണെന്നായിരുന്നു ലക്ഷ്‍മിപ്രിയയുടെ മറുപടി. അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയരുതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
അവസാന വീക്കിലി ടാസ്‍ക്; വിജയിയെ പ്രഖ്യാപിച്ച് ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ അവസാന വീക്കിലി ടാസ്‍കിന് സമാപനം. രണ്ട് ദിവസങ്ങളിലായി നടന്ന ടാസ്ക് ഇന്ന് അവസാനിച്ചു. വിജയിയെയും ഓരോ മത്സരാര്‍ഥിയുടെയും പോയിന്‍റ് നിലയും ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്‍തു. മറ്റു പല ടാസ്കുകളിലുമെന്നപോലെ ഒന്നാമതെത്തിയത് ദില്‍ഷ പ്രസന്നനാണ്.