Bigg Boss 4 Episode 90 Highlights : അവസാന ആഴ്ചയിലെ ക്യാപ്റ്റനായി റിയാസ്; ടാസ്കിനിടയിലും പോര്
പ്രയാസമേറിയ ടാസ്ക്കിനെ മറികടന്ന് ബിഗ് ബോസ് ഷോയിലെ അവസാനത്തെ ക്യപ്റ്റനായിരിക്കുകയാണ് റിയാസ്.
ബിഗ് ബോസ്(Bigg Boss) സീസൺ നാല് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഓരോ ദിവസം കഴിയുന്തോറും രസകരവും തർക്കങ്ങളും വാശികളുമൊക്കെയായി മത്സരാർത്ഥികൾ ഷോയിൽ തകർക്കുകയാണ്. ആരാകും ഷോയുടെ ടൈറ്റിൽ വിന്നർ ആകുകയെന്ന പ്രെഡിക്ഷനിലാണ് പ്രേക്ഷകരും. നിലവിലുള്ള ഏഴ് പേരില്‍ പുറത്താവുന്ന രണ്ടുപേര്‍ ആരൊക്കെ എന്നതാണ് ഏറ്റവും കൗതുകമുണര്‍ത്തുന്നാരു ചോദ്യം. ആൾമാറാട്ടം എന്ന വീക്കിലി ടാസ്ക്കിന് ശേഷം ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് ബിഗ്ബോസ്. പ്രയാസമേറിയ ടാസ്ക്കിനെ മറികടന്ന് ബിഗ് ബോസ് ഷോയിലെ അവസാനത്തെ ക്യപ്റ്റനായിരിക്കുകയാണ് റിയാസ്.
അർഹരായവർ ടോപ് ഫൈവിൽ
ജയിൽ വാസത്തിന് ശേഷം റോൺസണും റിയാസും തമ്മിലുള്ള സംഭാഷണത്തോടെയാണ് ഇന്ന് ഷോ ആരംഭിച്ചത്. ടോപ് ഫൈവിൽ ആരൊക്കെ എന്നതായിരുന്നു ചർച്ച. അർഹരായവർ ടോപ് ഫൈവിലേക്ക് പോകട്ടെ. പ്രേക്ഷർക്ക് ഞാൻ അർഹനാണ് എന്ന് തോന്നുന്നുവെങ്കിൽ ഞാനും പോകും. അങ്ങനെ അല്ലായെങ്കിൽ സന്തോഷത്തോടെ തന്നെ ഞാൻ പുറത്തേക്ക് പോകും. എന്നിട്ട് പുറത്തുനിന്ന് കരയുമെന്നാണ് റിയാസ് രസകരമായി പറയുന്നത്.
പോം വഴിയുമായി ക്യാപ്റ്റൻസി
ദിൽഷ, റിയാസ്, ധന്യ എന്നിവരാണ് ക്യാപ്റ്റൻസിക്കായി മത്സരിക്കേണ്ടത്. ഗാർഡൻ ഏരിയയിൽ മൂന്ന് മത്സരാർത്ഥികൾക്കുമായി സങ്കീർണമായ വിടവുകൾ വഴികളായുള്ള മൂന്ന് ബോർഡുകളും കൊളുത്തുകളുള്ള സ്റ്റിക്കുകളും വിവിധ നിറത്തിലുള്ള അഞ്ച് ക്യൂബുകളും ഉണ്ടായിരിക്കും. ബസർ കേൾക്കുമ്പോൾ വെള്ളമാർക്കിന് പിന്നിൽ നിന്നുകൊണ്ട് സ്റ്റിക് പിടിച്ച് ക്യൂബ് വച്ച് ഈ സങ്കീർണ വഴികളിലൂടെ കടത്തി മുകളിലെ കൊളുത്തിൽ ഇടുക എന്നതാണ് ടാസ്ക്. പിന്നാലെ വാശിയേറിയ മത്സരമായിരുന്നു മൂന്ന് പേരും കാഴ്ചവച്ചത്. നാല് ക്യൂബുകൾ വച്ച് റിയാസ് ബിഗ് ബോസിലെ അവസാന ക്യാപ്റ്റനാകുകയും ചെയ്തു. ശേഷം കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായ ധന്യ റിയാസിന് സ്ഥാനം കൈമാറുകയും ചെയ്തു.
ഇനി റോസ്റ്റിംഗ്
ഈ ആഴ്ചയിലെ ഡെയ്ലി ടാസ്ക്കിന്റെ പേരാണ് റോസ്റ്റിംഗ്. ബിഗ് ബോസ് വീട്ടിൽ ഓരോരുത്തർക്കും പലകാര്യങ്ങളും പലരോടും പറയാൻ വിട്ടുപോകുകയോ, സാഹചര്യങ്ങൾ ലഭിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടാകാം. ഇതിനായി ബിഗ് ബോസ് അവസരം ഒരുക്കുകയാണ് റോസ്റ്റിംഗ് എന്ന ടാസ്ക്കിലൂടെ. ബസർ കേൾക്കുമ്പോൾ ലിവിംഗ് ഏരിയയിൽ വച്ചിരിക്കുന്ന കസേരയിൽ പേര് വിളിക്കുന്നതതനുസരിച്ച് ഓരോരുത്തരായി വന്നിരിക്കുകയും അവരോട് ഈ ബിഗ് ബോസ് വീടുമായി ബന്ധപ്പെട്ട സംഭവങ്ങളെയോ സംസാരവിഷയങ്ങളെയോ പറ്റി ആക്ഷേപഹാസ്യമായിട്ടോ പരിഹാസ്യരൂപേണയോ രസകരമായി എന്തും ചോദിക്കുകയും പറയുകയും ചെയ്യുക എന്നതാണ് ടാസ്ക്. രണ്ടാമത്തെ ബസർ കേൾക്കുന്നത് വരെ കസേരയിൽ ഉള്ള വ്യക്തി എന്ത് പ്രകോപനം ഉണ്ടായാലും മൗനം പാലിക്കേണ്ടതാണ്. രണ്ടാമത്തെ ബസറിന് ശേഷം ആ വ്യക്തിക്ക് മറുപടി പറയാവുന്നതുമാണ്. ആദ്യമായി ടാസ്ക്കിൽ എത്തിയത് ബ്ലെസ്ലി ആണ്. റിയാസും ലക്ഷ്മി പ്രിയയും ബ്ലെസ്ലിക്കെതിരെ ഓരോരോ ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. പിന്നാലെ ബ്ലെസ്ലിയുമായി റിയാസ് വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.
ബ്ലെസ്ലിയുടെ തഗ്ഗ് ഡയലോഗിന്റെ പേരിൽ പോര്
ഡെയ്ലി ടാസ്ക്കിന് ഇടയിലാണ് ബ്ലെസ്ലിയുമായി റിയാസ് കൊമ്പുകോർത്തത്. ബ്ലെസ്ലിയുടെ തഗ്ഗ് ഡയലോഗുകളെ കുറിച്ചായിരുന്നു റിയാസിന്റെ സംസാരം. "തഗ്ഗ് ഡയലോഗ് നീ തഗ്ഗിനല്ല ഉപയോഗിക്കുന്നത്. മറ്റുള്ളവരെ ചവിട്ടി തേക്കുന്നതിന് വേണ്ടിയാണ്. ഓരോരുത്തരും ഈ വീട്ടിൽ നിന്നും പുറത്ത് പോകുമ്പോൾ പോലും നി തഗ്ഗുകൾ ഉണ്ടാക്കുകയാണ്. അവർ പുറത്തുപോയതിന്റെ നഷ്ടബോധം നിനക്കില്ല", എന്നാണ് റിയാസ് പറയുന്നത്. എന്നാൽ പുറത്തുപോകണമെന്ന് ആഗ്രഹിക്കുന്നവരെയാണ് താൻ നോമിനേറ്റ് ചെയ്യുന്നതെന്നാണ് ബ്ലെസ്ലി പറയുന്നത്. "അവർ പുറത്ത് പോകുമ്പോൾ തഗ്ഗ് അടിക്കണമോ സങ്കടപ്പെടണമോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ഇതുപോലെ ഓരോ കാര്യങ്ങളും ഞാൻ പുറത്തും ചെയ്യുന്നുണ്ട്. അത് നീ കാണുന്നില്ലല്ലോ. ഇവിടെ ഞാൻ വന്നത് കൊണ്ട് നിങ്ങൾ കാണുന്നുവെന്നെ ഉള്ളൂ. ബിഗ് ബോസിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞാൻ പുറത്തും", എന്നാണ് ബ്ലെസ്ലി പറയുന്നത്. ഒരുമനുഷ്യനോട് എങ്ങനെ സംസാരിക്കണമെന്ന് പതുക്കെ ചിന്തിച്ച് മാത്രമെ താൻ തീരുമാനിക്കാറുള്ളൂവെന്നും ബ്ലെസ്ലി പറയുന്നു.