Bigg Boss 4 Episode 89 Highlights : ജയില്‍ നോമിനേഷനില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്; രണ്ടുപേര്‍ ജയിലിലേക്ക്
ആള്‍മാറാട്ടം എന്നു പേരിട്ടിരുന്ന വീക്കിലി ടാസ്കില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയത് ദില്‍ഷ, ധന്യ, റിയാസ് എന്നിവര്‍ ആയിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) അവസാനിക്കാന്‍ ഇനി വെറും 11 ദിനങ്ങള്‍ കൂടി മാത്രം. ഷോ അവസാന വാരത്തിലേക്ക് അടുത്തിരിക്കെ അവസാന അഞ്ചില്‍ എത്തുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകരും മത്സരാര്‍ഥികള്‍ തന്നെയും. ഒരാള്‍ ഇതിനകം ഫൈനല്‍ ഫൈവ് ഉറപ്പിച്ചിട്ടുണ്ട്. ദില്‍ഷയാണ് അത്. ടിക്കറ്റ് ടു ഫിനാലെ ടാസ്കുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഒന്നാമതെത്തിയാണ് ദില്‍ഷ നോമിനേഷനുകളുടെ വെല്ലുവിളി ഒറ്റയടിക്ക് ഒഴിവാക്കിയത്. നിലവിലുള്ള ഏഴ് പേരില്‍ പുറത്താവുന്ന രണ്ടുപേര്‍ ആരൊക്കെ എന്നതാണ് ഏറ്റവും കൗതുകമുണര്‍ത്തുന്ന ചോദ്യം.
അതേസമയം ഈ സീസണിലെ ഏറ്റവും രസകരമായ വീക്കിലി ടാസ്കിനു ശേഷം ജയിലില്‍ പോവുന്ന മത്സരാര്‍ഥികള്‍ ആരാവും എന്നത് ഇന്നത്തെ എപ്പിസോഡ് നല്‍കുന്ന കൗതുകമാണ്. ആള്‍മാറാട്ടം എന്നു പേരിട്ടിരുന്ന വീക്കിലി ടാസ്കില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയത് ദില്‍ഷ, ധന്യ, റിയാസ് എന്നിവര്‍ ആയിരുന്നു. മറ്റുള്ളവരില്‍ നിന്നാണ് ജയില്‍ ടാസ്കില്‍ പങ്കെടുക്കാനുള്ള മൂന്നുപേരെ തെരഞ്ഞെടുക്കേണ്ടത്. ജയില്‍ ടാസ്കും പരാജയപ്പെടുന്നവരെ ജയിലില്‍ പ്രവേശിപ്പിക്കലും ഇന്ന് നടക്കും.
മുഖത്തു നോക്കി പറയുന്നവര്‍, പിന്നില്‍ നിന്ന് കുത്തുന്നവര്‍
പറയേണ്ട കാര്യങ്ങള്‍ മുഖത്തു നോക്കി പറയുന്നവര്‍ ആരെന്നും അവ മനസില്‍ വച്ച് പിറകില്‍ നിന്ന് കുത്തുന്നവര്‍ ആരെന്നും പറയുകയായിരുന്നു ഇന്നത്തെ മോണിംഗ് ആക്റ്റിവിറ്റി. ബ്ലെസ്‍ലി, റിയാസ്, ധന്യ, ദില്‍ഷ എന്നിവര്‍ ഈ ടാസ്കില്‍ കാര്യമാത്രപ്രസക്തമായി സംസാരിച്ചു. ഇതിനിടെ റിയാസിനും ധന്യയ്ക്കുമിടയില്‍ തര്‍ക്കവും ഉണ്ടായി.
ധന്യ പിന്നില്‍നിന്ന് കുത്തുന്നയാളെന്ന് റിയാസ്, തര്‍ക്കം
ഇന്നത്തെ മോണിംഗ് ആക്റ്റിവിറ്റിക്കിടയിലെ പ്രധാന തര്‍ക്കം റിയാസും ധന്യയും തമ്മിലുള്ളതായിരുന്നു. പറയാനുള്ളത് മനസില്‍ വച്ച് ഒരു അവസരം വരുമ്പോള്‍ പറയുന്ന ആളാണ് ധന്യയെന്ന് റിയാസ് ഉദാഹരണസഹിതം പറഞ്ഞതോടെ ധന്യ ഇടപെട്ടു. ആക്റ്റിവിറ്റിയില്‍ തൊട്ടുപിന്നാലെ സംസാരിച്ച ധന്യ ഏറെ സമയമെടുത്ത് തന്‍റെ ഭാഗം വിശദീകരിച്ചു. റിയാസിനെ വിമര്‍ശിക്കുകയും ചെയ്‍തു.
ജയില്‍ നോമിനേഷനിലേക്ക് മൂന്നുപേര്‍
ഇത്തവണത്തെ വീക്കിലി ടാസ്കിനു ശേഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടവരെ തെരഞ്ഞെടുക്കാനായുള്ള നോമിനേഷന്‍ പൂര്‍ത്തിയായി. വാദപ്രതിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നോമിനേഷന്‍ പ്രക്രിയയില്‍ ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത് ബ്ലെസ്‍ലി, റിയാസ്, ലക്ഷ്‍മിപ്രിയ എന്നിവര്‍ക്കാണ്. കൂട്ടത്തില്‍ ഏറ്റവും മൂര്‍ച്ഛയോടെ സംസാരിച്ചത് ബ്ലെസ്‍ലിയും റിയാസുമായിരുന്നു. ധന്യയാണ് ബിഗ് ബോസിനെ വോട്ടിംഗ് റിസല്‍ട്ട് അറിയിച്ചത്.
ജയില്‍ നോമിനേഷനില്‍ ട്വിസ്റ്റ്
ക്യാപ്റ്റന്‍സി ടാസ്കിലേക്ക് സെലക്ഷന്‍ ലഭിച്ചയാളെത്തന്നെ ജയില്‍ ടാസ്കിലേക്കും തെരഞ്ഞെടുത്ത മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസിന്‍റെ വിമര്‍ശനം. വീക്കിലി ടാസ്കില്‍ മൂന്നാം സ്ഥാനം ലഭിച്ച റിയാസിന് ക്യാപ്റ്റന്‍സി ടാസ്കില്‍ പങ്കെടുക്കാം എന്നിരിക്കെ ജയില്‍ നോമിനേഷന്‍ പൂര്‍ത്തിയായപ്പോള്‍ അതിലും അദ്ദേഹത്തിന്‍റെ പേര് എത്തി. എന്തൊരു വിരോധാഭാസം എന്നായിരുന്നു ബിഗ് ബോസിന്‍റെ പ്രതികരണം. പിന്നാലെ ആവര്‍ത്തിച്ച വോട്ടിംഗിനു ശേഷം ബ്ലെസ്ലി, സൂരജ്, റോണ്‍സണ്‍ എന്നിവരെ ജയില്‍ ടാസ്കിലേക്ക് തെരഞ്ഞെടുത്തു.
ഈ സീസണിലെ അവസാന ജയിൽവാസം
സൂരജിന്‍റെ പക്കലുള്ള ജയിൽ ഫ്രീ കാർഡ് ഉപയോഗിക്കുന്നുണ്ടോയെന്ന് ബിഗ് ബോസ്. ഉണ്ടെന്നായിരുന്നു സൂരജിന്‍റെ മറുപടി. പകരം ഒരാളെ നിർദേശിക്കാൻ പറഞ്ഞതോടെ സൂരജ് ധർമ്മസങ്കടത്തിലായെങ്കിലും ലക്ഷ്മിപ്രിയയുടെ പേര് നിർദേശിച്ചു. എന്നാൽ അതിനുശേഷം ക്യാമറകൾക്ക് മുന്നിൽ വന്ന് തനിക്ക് തീരുമാനം മാറ്റാവുന്നതാണോയെന്ന് സൂരജ് ബിഗ് ബോസിനോട് പലകുറി ചോദിച്ചു. ലക്ഷ്മിപ്രിയയക്കു പകരം താൻ തന്നെ ജയിൽ ടാസ്കിൽ പങ്കെടുക്കാമെന്നാണ് സൂരജ് പറഞ്ഞത്. ജയിൽ ടാസ്കുകളിൽ ഇതുവരെ കണ്ടതിൽ ഏറ്റവും കഠിനമായ ഒരു ടാസ്ക് ആണ് ബിഗ് ബോസ് ഇത്തവണ നൽകിയത്. ക്ലിംഗ് ഫിലിം റോളുകൾ കൊണ്ട് ശരീരം ആസകലം വരിഞ്ഞതിനു ശേഷം ട്രാക്കിലൂടെ തല കൊണ്ട് തട്ടി ഒരു ബോൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു ടാസ്ക്. മൂന്ന് ബോളുകളാണ് എത്തിക്കേണ്ടിയിരുന്നത്. ലക്ഷ്മിപ്രിയ ടാസ്‍ക് ലെറ്റര്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ജയില്‍ നോമിനേഷന്‍ കാര്‍ഡ് ഉപയോഗിക്കേണ്ട എന്ന തീരുമാനം അന്തിമമാണോയെന്ന് സൂരജിനോട് ബിഗ് ബോസ് ചോദിച്ചു. അതെ എന്നായിരുന്നു സൂരജിന്‍റെ മറുപടി. അതോടെ മത്സരത്തിനായി ബ്ലെസ്‍ലി, റോണ്‍സണ്‍, സൂരജ് എന്നിവര്‍ തയ്യാറായി. എന്നാല്‍ ടാസ്കുകളില്‍ പതിവുപോലെ കാണിക്കുന്ന മികവ് ഇത്തവണയും പുറത്തെടുത്തതോടെ ബ്ലെസ്‍ലി ടാസ്കില്‍ വിജയിച്ചു. അതോടെ റോണ്‍സണും സൂരജും ജയിലിലേക്ക് പോയി.