Bigg Boss 4 : ടൈറ്റില്‍ വിന്നര്‍ ആരെന്നറിയാന്‍ ഇനി രണ്ടാഴ്ച; ക്ലൈമാക്സിലേക്ക് ബിഗ് ബോസ് 4
ടിക്കറ്റ് ടു ഫിനാലെ ഗെയിമുകളില്‍ വിജയിച്ച ദില്‍ഷ ഇതിനോടകം ഫൈനല്‍ ഫൈവ് ഉറപ്പിച്ചിട്ടുണ്ട്
ബിഗ് ബോസ് മലയാളത്തിന്‍റെ ഓരോ സീസണുകള്‍ക്കും അതിന്‍റേതായ പ്രത്യേകതകള്‍ ഉണ്ട്. സീസണ്‍ കഴിഞ്ഞാലും ചില ശ്രദ്ധേയ മത്സരാര്‍ഥികളും ചില സംഭവങ്ങളുമൊക്കെയാവും പ്രേക്ഷകരുടെ മനസില്‍ ബാക്കിയാവുന്നത്. ആരംഭിച്ച സമയത്ത് ജനപ്രിയ മുഖങ്ങള്‍ നന്നേ കുറവായിരുന്നെങ്കിലും നിലവിലെ സ്ഥിതിയില്‍ വന്‍ ജനപ്രീതിയുമായാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ന്‍റെ (Bigg Boss 4) നില്‍പ്പ്. പ്രേക്ഷകപ്രീതിയില്‍ മുന്നിലുണ്ടായിരുന്ന റോബിന്‍ പുറത്തുപോയെങ്കിലും കഴിഞ്ഞ വാരങ്ങളില്‍ ഷോ അതിന്‍റെ ജനപ്രീതി വര്‍ധിപ്പിച്ചു. റോബിനും മറ്റൊരു പ്രധാന മത്സരാര്‍ഥിയായിരുന്ന ജാസ്മിനും പുറത്തുപോയതോടെ മറ്റു മത്സരാര്‍ഥികള്‍ക്കിടയിലെ ബന്ധങ്ങളുടെ ബലതന്ത്രങ്ങളൊക്കെ മാറ്റിയെഴുതുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്.
അതേസമയം ഷോ അവസാനിക്കാന്‍ ഇനി രണ്ടാഴ്ചകള്‍ മാത്രമേ ബാക്കിയുള്ളൂ. ടിക്കറ്റ് ടു ഫിനാലെ ഗെയിമുകളില്‍ വിജയിച്ച ദില്‍ഷ ഇതിനോടകം ഫൈനല്‍ ഫൈവ് ഉറപ്പിച്ചിട്ടുണ്ട്. അവശേഷിക്കുന്ന മത്സരാര്‍ഥികള്‍ മറ്റു നാല് സ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലായിരിക്കും വരും ദിനങ്ങള്‍. ബിഗ് ബോസ് സീസണ്‍ 4ലെ 86-ാം എപ്പിസോഡ് ആണ് ഇന്ന്. പുതിയ വാരത്തിലേക്കുള്ള നോമിനേഷനുകള്‍ നടക്കേണ്ട ദിവസവുമാണ് തിങ്കളാഴ്ചായ ഇന്ന്.
'ഓടിച്ച് വിടണ്ട, ജനം പറയുമ്പോള്‍ പോകാം'
തന്നെ ഒരു ശത്രുവായോ സുഹൃത്തായോ പരിഗണിക്കേണ്ടെന്നും പൂര്‍ണ്ണമായി ഒഴിവാക്കിയേക്കാനും ബ്ലെസ്ലിയോട് ലക്ഷ്മിപ്രിയ. എന്നാല്‍ ലക്ഷ്മിയെ സുഹൃത്തായോ ശത്രുവായോ താന്‍ കാണുന്നില്ലെന്നും മറിച്ച് ഒരു മത്സരാര്‍ഥി മാത്രമായാണ് കാണുന്നതെന്നുമായിരുന്നു ബ്ലെസ്ലിയുടെ മറുപടി. അങ്ങനെയും വേണമെന്നില്ലെന്നായിരുന്നു ഇതിന് ലക്ഷ്മിയുടെ പ്രതികരണം. ഇവിടെ തുടരുന്നപക്ഷം അങ്ങനെയേ കാണാന്‍ സാധിക്കുകയുള്ളുവെന്നും താല്‍പര്യമില്ലെങ്കില്‍ കണ്‍ഫെഷന്‍ റൂമില്‍ച്ചെന്ന് ബിഗ് ബോസിനോട് അക്കാര്യം പറഞ്ഞതിനു ശേഷം പുറത്തുപോകാനായിരുന്നു ബ്ലെസ്ലിയുടെ ഉപദേശം. തന്നെ ഓടിച്ചുവിടാന്‍ നോക്കേണ്ടെന്നും ജനങ്ങള്‍ പറഞ്ഞാല്‍ പൊയ്ക്കോളാമെന്നുമായിരുന്നു ലക്ഷ്‍മിപ്രിയയുടെ മറുപടി. ധന്യ ഇടപെട്ടതോടെയാണ് ഇരുവര്‍ക്കുമിടയിലെ പോര് തല്‍ക്കാലത്തേക്ക് അവസാനിച്ചത്.