Bigg Boss 4 Episode 81 Highlights : പൊട്ടിക്കരഞ്ഞ് ലക്ഷ്‍മിപ്രിയ, ഒടുവില്‍ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു
ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ മൂന്നുപേര്‍ മാത്രം
ബിഗ് ബോസ് സീസണുകളില്‍ പ്രേക്ഷകര്‍ക്ക് ഏറെ ആവേശം പകരുന്ന ഒന്നാണ് ടിക്കറ്റ് ടു ഫിനാലെ ടാസ്കുകള്‍. മുന്നിലുള്ള നോമിനേഷനുകളെ അതിജീവിച്ച് നേരിട്ട് ഫിനാലെ ആഴ്ചയിലേക്ക് കടക്കാനുള്ള അസുലഭാവസരമാണ് ഒരു കൂട്ടം ടാസ്കുകളിലൂടെ മത്സരാര്‍ഥികളെ കാത്തിരക്കുന്നത്. ബിഗ് ബോസ് നല്‍കുന്ന പ്രത്യേക ടാസ്കുകളിലെല്ലാം മികവ് പുലര്‍ത്തി പോയിന്‍റേ ടേബിളില്‍ ഒന്നാമതെത്തുന്ന ഒരാള്‍ക്ക് മാത്രമാണ് ആ അവസരം ലഭിക്കുക. അത് ആരെന്നറിയാനുള്ള ആകാംക്ഷയിലാണ് മത്സരാര്‍ഥികളും പ്രേക്ഷകരും.
അതേസമയം കഷ്ടിച്ച് മൂന്നാഴ്ച മാത്രമാണ് ഈ സീസണ്‍ (Bigg Boss 4) അവസാനിക്കാനായി ഉള്ളത്. നിലവില്‍ അവശേഷിക്കുന്ന എട്ട് മത്സരാര്‍ഥികളില്‍ മൂന്നുപേര്‍ മാത്രമാണ് ഫിനാലെയ്ക്ക് മുന്‍പ് ഷോയില്‍ നിന്ന് പുറത്തുപോവുക. അത് മനസിലാക്കിയിട്ടുള്ള മത്സരാര്‍ഥികള്‍ ഷോയില്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള അന്തിര ശ്രമത്തിലാണ്. മൂന്ന് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ധന്യ, റോണ്‍സണ്‍, വിനയ് എന്നിവരാണ് അവര്‍. ഇതില്‍ ഏറ്റവും കുറവ് തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുള്ള ആളാണ് ധന്യ. ഈ സീസണില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും അംഗസംഖ്യ കുറഞ്ഞ നോമിനേഷന്‍ ലിസ്റ്റുമാണ് ഇത്തവണത്തേത്.
'ബിഗ് ബോസ് എന്നാല്‍ ഒരു പ്രഷര്‍ കുക്കറില്‍ പെട്ടതുപോലെ'
ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ അനുഭവിക്കേണ്ടിവരുന്ന വലിയ സമ്മര്‍ദ്ദത്തെക്കുറിച്ച് വിനയ്. അടുത്ത സുഹൃത്ത് റോണ്‍സണോടാണ് വിനയ് ഇതേക്കുറിച്ച് മനസ് തുറന്നത്. ഇതിന്‍റെയുള്ളിലെ ജീവിതം അറിയുന്നതുകൊണ്ടാണല്ലോ അതിന്‍റെ സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാതെ നമ്മള്‍ കണ്‍ഫെഷന്‍ റൂമില്‍ പോയിട്ട്, കണ്‍ഫെസ് ചെയ്യേണ്ടിവരുന്നത്. ഇത്രയും സമ്മര്‍ദ്ദമുള്ള സ്ഥലമാണെന്നൊന്നും സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചിട്ടില്ല. എന്തൊരു പ്രഷറാണ് ഇതിനകത്ത്. കുക്കറിനകത്ത് പെട്ടതുപോലെയല്ലേ? ഇവിടെ ആകെ ഈ വഴക്കിന്‍റെ പ്രഷര്‍ മാത്രമേയുള്ളൂ. വേറെ ഒന്നുമില്ല. പക്ഷേ അതിന്‍റെ തീവ്രത ഭയങ്കര കൂടുതലാണ് ഇവിടെ. പരസ്പരം വഴക്കിടുന്നതിലൂടെ ഉണ്ടാവുന്ന വിഷലിപ്തമായ ഒരു അന്തരീക്ഷമുണ്ട്. അത് തരണം ചെയ്യാനാണ് ബുദ്ധിമുട്ട്, വിനയ് മാധവ് പറഞ്ഞു.
ധന്യയും ദില്‍ഷയും ഒപ്പത്തിനൊപ്പം
ടിക്കറ്റ് ടു ഫിനാലെയിലെ ആദ്യ മൂന്ന് ടാസ്കുകള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ദില്‍ഷയും ധന്യയും. 14 പോയിന്‍റ് ആണ് ഇരുവര്‍ക്കും. മൂന്നാമതുള്ള വിനയ്ക്ക് 13 പോയിന്‍റും നാലാമതുള്ള റോണ്‍സണ് 12 പോയിന്‍റുകളുമുണ്ട്. ബ്ലെസ്‍ലിയാണ് ടേബിളില്‍ ഏറ്റവും താഴെ. ആറ് പോയിന്‍റുകള്‍ മാത്രമാണ് ബ്ലെസ്ലിക്ക് ഇതുവരെ ഉള്ളത്.
ബൌളിംഗ് ടാസ്‍കില്‍ ബ്ലെസ്‍ലി ഒന്നാമത്
ടിക്കറ്റ് ടു ഫിനാലെയിലെ നാലാം ടാസ്ക് കൌതുകകരവും അതേ സമയം പ്രയാസമേറിയതുമായിരുന്നു. ഒരു കമ്പിക്ക് മുകളില്‍ കട്ടകള്‍ ചേര്‍ത്തടുക്കി അതിന് മുകളിലൂടെ ഒരു ബോള്‍ ഉരുട്ടി അപ്പുറത്തെ വശത്തുള്ള ബക്കറ്റില്‍ വീഴ്ത്തുകയാണ് വേണ്ടിയിരുന്നത്. ബ്ലെസ്‍ലിയാണ് ഇതില്‍ ഒന്നാമതെത്തിയത്. എട്ട് പോയിന്‍റുകള്‍ നേടിയ ബ്ലെസ്ലി പോയിന്‍റ് ടേബിളില്‍ നില മെച്ചപ്പെടുത്തുകയും ചെയ്‍തു.
വീണ്ടും റിയാസും ലക്ഷ്‍മിപ്രിയയും നേര്‍ക്കുനേര്‍
കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതിന്‍റെ തുടര്‍ച്ചയായിരുന്നു റിയാസിനും ലക്ഷ്മിപ്രിയക്കും ഇടയിലുണ്ടായ സംഘര്‍ഷം. ലക്ഷ്മിയെ പരിഹസിച്ച് പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു റിയാസ്. അതേ നാണയത്തില്‍ തിരിച്ചടിച്ച ലക്ഷ്മിക്ക് പക്ഷേ സംസാരിച്ചുവന്നപ്പോല്‍ വാക്കുകളില്‍ നിയന്ത്രണം നഷ്ടമായി. ലക്ഷ്മിയെ പരിസഹിച്ച സമയത്ത് റിയാസ് മറ്റൊരു ശൈലിയിലാണ് സംസാരിച്ചത്. റിയാസ് ശരിക്കും സംസാരിക്കുന്നതും ഇതേപോലെയാണെന്നും അത് ജന്മനാലുള്ള തകരാറാണെന്നും ലക്ഷ്മി പറഞ്ഞു. ഇത് റിയാസ് ഏറ്റുപിടിച്ചെങ്കിലും താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ലക്ഷ്മി ഒഴിഞ്ഞു.
ലക്ഷ്മിപ്രിയയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച് ബിഗ് ബോസ്
ലക്ഷ്മിപ്രിയ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യം ഒടുവില്‍ ബിഗ് ബോസ് കേട്ടു. എന്താണ് കാര്യമെന്ന് ചോദിച്ച ബിഗ് ബോസിനോട് വികാരാധീനയായാണ് ലക്ഷ്മി പ്രതികരിച്ചത്. സമ്മര്‍ദ്ദം താങ്ങാന്‍ പറ്റുന്നില്ലെന്നും റിയാസില്‍ നിന്നും വിനയ്‍യില്‍ നിന്നും കുത്തുവാക്കുകള്‍ കേട്ടെന്നും അത് ഒരു സ്ത്രീയും സഹിക്കില്ലെന്നും ലക്ഷ്മി പറഞ്ഞു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു ബിഗ് ബോസ്.