Bigg Boss 4 Episode 68 Highlights: റോബിന്‍ വരുമോ ? ദില്‍ഷയ്‌ക്കെതിരെ റിയാസും ജാസ്മിനും, രണ്ടുപേര്‍ ജയിലില്‍
ഇന്ന് ജയിൽ നോമിനേഷനായിരുന്നു ഷോയിലെ പ്രത്യേകത. ഒപ്പം കലുഷിത രംഗങ്ങളും.
ബിഗ് ബോസ് സീസൺ(Bigg Boss) നാല് അവസാനിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് വീട്ടിലെ കളികൾ മാറിമറിയുകയാണ്. റോബിൻ തിരിച്ചു വരുമോ ഇല്ലയോ എന്ന കാര്യത്തിലെ ആശയക്കുഴപ്പമാണ് ഷോയിൽ ഇപ്പോൾ നടക്കുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം തന്നെ വീക്കിലി ടാസ്ക് അവസാനിച്ചിരുന്നു. ഇന്ന് ജയിൽ നോമിനേഷനായിരുന്നു ഷോയിലെ പ്രത്യേകത. ഒപ്പം കലുഷിത രംഗങ്ങളും.
ദിർഷയോട് തർക്കിച്ച് റിയാസ്
കഴിഞ്ഞ ദിവസം ദിൽഷ മഹാറാണിയായതിന് പിന്നാലെ നടന്ന സംസാരത്തിൽ റോബിനിൽ നിന്നും റിയാസിന് കിട്ടിയത് നന്നായി എന്ന് ദിൽഷ പറഞ്ഞിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് റിയാസ് ഇന്ന് ദിൽഷയുമായി തർക്കിക്കുന്നത്. ' ഇന്നലെ പറഞ്ഞില്ലേ റിയാസിന് കിട്ടിയത് നന്നായി. അത് കിട്ടേണ്ടതായിരുന്നു എന്ന്' എന്നാണ് റിയാസ് പറഞ്ഞ് തുടങ്ങിയത്. അതിന് എന്താണ് നിനക്ക് കിട്ടിയത് എന്നാണ് ദിൽഷ ചോദിക്കുന്നത്. 'നിനക്ക് ഒരു ഉന്ത് കിട്ടി. ഒരാളുടെ ദേഹത്ത് അതിക്രമമായി കയറി പരിശോധിച്ച് കഴിഞ്ഞാൽ മനുഷ്യനെന്ന നിലയിൽ പിടിച്ചു മാറ്റും. അത്രയെ അദ്ദേഹം ചെയ്തിട്ടുള്ളൂ', എന്ന് ദിൽഷ പറയുന്നു. പക്ഷേ ഇന്നലെ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് എന്ന് പഞ്ഞ് റിയാസ് വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇത് ഹിന്ദി ബിഗ് ബോസ് അല്ല. മലയാളം ബിഗ് ബോസ് ആണ്. താങ്ങൾ മലയാളത്തിൽ സംസാരിച്ചാൽ എല്ലാവർക്കും മനസ്സിലാകും', എന്ന് പറഞ്ഞ് ദിൽഷ പോയപ്പോഴാണ് ജാസ്മിൻ ഇടപെടുന്നത്.
ദിൽഷയോട് ഇടഞ്ഞ് ജാസ്മിനും റിയാസും
റിയാസുമായുള്ള സംസാരത്തിനിടയിലാണ് ജാസ്മിൻ ഇടയ്ക്ക് കയറിയത്. 'എന്റെ അച്ഛനെയും അമ്മയെയും വിളിച്ചതിന്, അച്ഛൻ ഇട്ടിട്ട് പോയത്. എന്റെ കുഴപ്പം കൊണ്ടാണെന്ന് ഡോ. റോബിൻ പറഞ്ഞു. എന്നിട്ട് അവൾ അതിനെ ന്യായീകരിക്കുന്നു', എന്ന് പറഞ്ഞാണ് ജാസ്മിൻ രംഗത്തെത്തിയത്. 'ഞാൻ എന്താണ് റോബിനോട് പറഞ്ഞതെന്ന് നിന്നെ തെളിയിക്കേണ്ട ആവശ്യം എനിക്കില്ല. അത് കണ്ടവർ കണ്ടിട്ടുണ്ട്. നി കഴിഞ്ഞ എപ്പിസോഡ് കാണണം ജാസ്മിൻ. ലോകത്ത് ഒരു അച്ഛനെയും അമ്മയെയും കുറിച്ച് സംസാരിക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മാതാപിതാക്കളെ ഞാൻ ബഹുമാനിക്കുമ്പോലെ, ഈ ലോകത്തിലുള്ള എല്ലാ അച്ഛനമ്മമാരെ ഞാൻ ബഹുമാനിക്കുന്നുണ്ട്. നിനക്കൊരു കാര്യം അറിയോ ജാസ്മിൻ നീ ബഹുമാനിക്കുന്നതിനെക്കാൾ കൂടുതൽ നിന്റെ അച്ഛനെയും അമ്മയെയും ഞാൻ ബഹുമാനിക്കുന്നുണ്ട്', എന്നാണ് ദിൽഷ പറഞ്ഞത്. എല്ലാ അച്ഛനും അമ്മയും നന്നായിരിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല. ആളുകൾക്ക് വ്യത്യസ്തമായ സാഹചര്യങ്ങൾ ഉണ്ടായിരിക്കും', എന്നാണ് റിയാസ് ദിൽഷയോട് പറഞ്ഞത്. 'റോബിൻ എന്ത് പറഞ്ഞാലും നമുക്കെതിരെ ദിൽഷ തിരിയും. റോബിൻ എന്ത് കൊണ്ട് ഈ ഷോയിൽ നിന്നും പോയി, എന്നെ തല്ലി. എന്റെ അച്ഛൻ ഇട്ടിട്ട് പോയത് ഞാൻ ജനിച്ചത് കാരണമെന്ന് പറഞ്ഞത് കൊണ്ട്',എന്ന് ജാസ്മിൻ പറയുന്നു. ഇതിന് നിങ്ങളും അങ്ങോട്ട് പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് ദിൽഷ ചോദിക്കുന്നത്.
ഏറ്റവും കൂടുതൽ മോശം വാക്കുകൾ ഇവിടെ ഇപ്പോൾ പറയുന്നത് ദിൽഷയാണെന്നാണ് റിയാസ് പറയുന്നത്. 'പറഞ്ഞവാക്കുകൾ തിരിച്ചൊടിക്കാനുള്ള നിങ്ങളുടെ കഴിവുണ്ടല്ലോ അതെനിക്കില്ല. പറഞ്ഞ വാക്കുകളെ ആദ്യം അതുപോലെ പറയാനാണ് ആദ്യം ശ്രമിക്കേണ്ടത്' എന്ന് ദിൽഷ പറഞ്ഞപ്പോൾ അങ്ങനെ വളച്ചൊടിച്ചിട്ടുണ്ടെങ്കിൽ ലാലേട്ടൻ അത് പറയട്ടെയെന്നായിരുന്നു റിയാസിന്റെ മറുപടി. 'ഇതുവരെ ദിൽഷക്ക് ലഭിച്ചു കൊണ്ടിരുന്ന സ്ക്രീൻ സ്പേയ്സ് റോബിനുമായിട്ടുള്ള മൂലക്കിരുന്നുള്ള സംസാരമായിരുന്നു. ഇനി ആ സംഭാഷണം ഇല്ല. അതുകൊണ്ട് റോബിൻ പോയ വിഷമം വേദന വലുതായി കാണിച്ച് എങ്ങനെയെങ്കിലും സ്ക്രീൻ സ്പേയ്സ് എടുത്തല്ലേ പറ്റുള്ളൂ', എന്ന് ജാസ്മിനോടായി റിയാസ് പറയുന്നു.
റോബിനെ ഓര്‍ത്ത് ലക്ഷ്മി പ്രിയ
വീട്ടിലെ കോലാഹലങ്ങൾക്കിടയിൽ വളരെ വികാരാധീനയായ ലക്ഷ്മി പ്രിയയെ ആണ് പിന്നീട് പ്രേക്ഷകർ കണ്ടത്.
'അധർമ്മം ആണെന്ന് തോന്നിയിട്ടുള്ള ഒരു കാര്യത്തിനെയും ഞാൻ സപ്പോർട്ട് ചെയ്തിട്ടില്ല. എനിക്കും സൗഹൃദങ്ങളും സ്നേഹ കൂടുതലും ഉള്ളവരൊക്കെ ഉണ്ട്. പക്ഷേ അവരൊരു തെറ്റ് ചെയ്താൽ പോലും അതിനെ ഞാൻ സപ്പോർട്ട് ചെയ്യില്ല. തെറ്റാണെന്ന് എന്റെ കണ്ണിൽ കണ്ടാൽ ഞാൻ തിരുത്താൻ നോക്കും. നമ്മൾ ഒരുകാര്യത്തെ സപ്പോർട്ട് ചെയ്യുമ്പോൾ അക്കാര്യം ജനങ്ങൾ കണ്ടുകൊണ്ടിരിക്കയല്ലേ. നമുക്ക് സത്യത്തിന്റെ കൂടെയല്ലേ നിൽക്കാൻ പറ്റുള്ളൂ', എന്നാണ് കരഞ്ഞ് കൊണ്ട് ലക്ഷ്മി പ്രിയ ദിൽഷയോടും ബ്ലെസ്ലിയോടും പറയുന്നത്. എന്റെ ശരി ലോകത്തിന്റെ ശരിയായിരിക്കും അതിനൊപ്പമെ ഞാൻ നിൽക്കുള്ളൂ. റോബിൻ സുചിത്രയെ എന്തൊ പറഞ്ഞെന്ന് പറഞ്ഞപ്പോൾ അവനോട് ഞാൻ ചോദിച്ചിരുന്നു അങ്ങനെ ഒരു വാക്ക് പറഞ്ഞോ എന്ന്. അതെന്റെ ഗെയിമാണ്. ഒരാളെ ഇമോഷണലി ഡൗൺ ആക്കുന്നതാണ് എന്റെ ഗെയിം എന്നാണ് റോബിൻ അന്ന് പറഞ്ഞത്. അങ്ങനെ ചെയ്യാൻ പാടില്ല. ഇതൊക്കെ പറയുമ്പോൾ ആളുകൾ നിന്നെ തെറ്റിദ്ധരിക്കും. ഒരിക്കലും നിന്റെ വായിൽ നിന്ന് വീഴരുത് എന്ന് ഞാൻ അവനോട് പറഞ്ഞു. അങ്ങനെ പറഞ്ഞതിൽ എനിക്കും വിഷമമുണ്ട്. ഇനി ഒരിക്കലും അങ്ങനെ പറയില്ലെന്നും റോബിൻ പറഞ്ഞു. അവൻ ഇവിടെ നിന്നും പോകുന്നത് വരെ ആ വാക്ക് റോബിൻ പറഞ്ഞിട്ടില്ല. നമ്മൾ അവരുടെ തെറ്റുകൾ എതിർക്കുന്നു, പക്ഷേ അവരുടെ ശരിയകളെ നമ്മൾ സപ്പോർട്ട് ചെയ്യണ്ടേ എന്നും ദിൽഷയോടും ബ്ലെസ്ലിയോടും ലക്ഷ്മി ചോദിക്കുന്നു.
ഈ വീട്ടിൽ ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ടതും അപഹസിക്കപ്പെട്ടതും ക്ഷമയുടെ നെല്ലിപ്പലക ഒടിഞ്ഞതും ഡോ. റോബിൻ രാധാകൃഷ്ണന്റേതാണ്. അല്ലാതെ വേറെ ആരുടേതും അല്ലെന്നും ലക്ഷ്മി പറയുന്നു. അത് ശരിയാണെന്ന് ദിൽഷയും പറയുന്നു. പക്ഷേ ഇപ്പോൾ സംസാരിച്ച് വരുമ്പോൾ എല്ലാം റോബിന്റെ തലയിലാണെന്നും ദിൽഷ പറയുന്നു. 'ഇത് ജനം കണ്ടുകൊണ്ടിരിക്കയല്ലേ കുഞ്ഞേ. റോബിൻ എന്നെയും ധന്യയെയും ഹെർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ അതൊക്കെ ഓരോരുത്തരുടെ ഗെയിം പ്ലാൻ ആണ്. പക്ഷേ റോബിൻ മിണ്ടാതിരിക്കുമ്പോൾ പോലും പട്ടിയോട് പോലും ഉപമിക്കപ്പെട്ട മനുഷ്യനാണ്. അധിഷോപത്തിന്റെ മാക്സിമം കേട്ടിട്ടുള്ളത് പുള്ളിയാണ്. റോബിൻ ആയിരമാണ് ചെയ്തിട്ടുള്ളതെങ്കിൽ അമ്പത് ലക്ഷം പുള്ളിക്ക് തിരിച്ച് കിട്ടിയിട്ടുണ്ട്. എങ്ങനെ ഇങ്ങനെ മിണ്ടാതിരിക്കാൻ പറ്റുന്നുവെന്ന് ഞാൻ റോബിനോട് ചോദിച്ചിട്ടുണ്ട്. എനിക്കിതൊന്നും കേട്ടുകൊണ്ടിരിക്കാൻ പറ്റത്തില്ല. പുള്ളിയിൽ ഒരു നല്ല മനുഷ്യനുണ്ട് എന്നതിന് തെളിവാണത്. അത് മനസ്സിലാക്കിയിട്ടുള്ള ആളാണ് ഞാൻ. വേറെ ആരുടെയും മനസ്സ് ഈ വീട്ടിൽ ഞാൻ കണ്ടിട്ടില്ല ', എന്ന് ലക്ഷ്മി പറയുന്നു. ഇതെല്ലാം കേട്ട് ഒരു ചുവരിനപ്പുറം കണ്ണുനിറഞ്ഞ് റോബിനും ഉണ്ടായിരുന്നു.
ഇനി ജയിൽ നേമിനേഷൻ
ബിഗ് ബോസ് സാമ്രാജ്യം എന്ന വീക്കിലി ടാസ്ക് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഗെയിമിൽ ആക്ടീവ് ആകാതിരുന്നവരെ ജയിലിലേക്ക് അയക്കുന്ന നോമിനേഷനമായിരുന്നു അടുത്തതായി നടന്നത്. എന്നാൽ ദിൽഷ പറയാത്ത കാര്യം റിയാസ് പറഞ്ഞതോടെ തർക്കങ്ങൾക്ക് തുടക്കമായി. 'നിന്നെ പോലെ അച്ഛനെയും അമ്മയെയും വലിച്ചിഴക്കാൻ ഞാൻ സമ്മതിക്കില്ല' എന്ന് ദിൽഷ പറഞ്ഞുവെന്ന് റിയാസും ജാസ്മിനും സ്ഥാപിക്കുകയായിരുന്നു. എന്നാൽ ദിൽഷ അങ്ങനെ പറഞ്ഞില്ലെന്നത് എപ്പിസോഡിൽ നിന്നും വ്യക്തമാണ്. പിന്നാലെ നടന്ന വേട്ടെടുപ്പിൽ റിയാസ്, ബ്ലെസ്ലി, ലക്ഷ്മി പ്രിയ എന്നിവർ ജയിൽ ടാസ്ക്കിനായി തെരഞ്ഞെടുക്കപ്പെട്ടു.
റിയാസ്- ലക്ഷ്മി പ്രിയ, ദിൽഷ, ബ്ലെസ്ലി
ബ്ലെസ്ലി- റിയാസ്, വിനയ്, അഖിൽ
ധന്യ- ജാസ്മിൻ, റിയാസ്, വിനയ്
ലക്ഷ്മി പ്രിയ- റിയാസ്, ജാസ്മിൻ, വിനയ്
അഖിൽ- ബ്ലെസ്ലി, റിയാസ്, ലക്ഷ്മി പ്രിയ
സൂരജ്- ജാസ്മിൻ, ബ്ലെസ്ലി, വിനയ്
ജാസ്മിൻ- ദിൽഷ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ
ദിൽഷ- റിയാസ്, ജാസ്മിൻ, റോൺസൺ
റോൺസൺ- ലക്ഷ്മി പ്രിയ, വിനയ്, ബ്ലെസ്ലി
വിനയ്- റിയാസ്, ധന്യ, ലക്ഷ്മി പ്രിയ
കിഴങ്ങേശ്വരനായ രാജാവെന്ന് ബ്ലെസ്ലി, ദിൽഷക്കെതിരെ ജാസ്മിൻ, കലുഷിതം
വീക്കിലി ടാസ്ക്കിൽ ബിഗ് ബോസ് സാമ്രാജ്യത്തിലെ രാജാവ് റിയാസ് ആയിരുന്നു. എന്നാൽ മാന്ത്രിക ലോക്കറ്റ് സൂക്ഷിക്കാൻ സാധിച്ചില്ലെന്ന് പറഞ്ഞാണ് ബ്ലെസ്ലി ജയിൽ നോമിനേഷനിൽ റിയാസിനെതിരെ രംഗത്തെത്തിയത്. ദണ്ഡ് മറന്നുവച്ചു തുടങ്ങിയ കാര്യങ്ങളാൽ കിഴങ്ങേശ്വരനായ രാജാവ് ആയിരുന്നു റിയാസ്. രാജാവ് എന്ന കഥാപാത്രമായി റിയാസ് അഭിനയിക്കുകയാണെന്ന് എനിക്ക് തോന്നിയില്ല. ജീവിക്കുകയാണ് എന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് വളരെ നല്ലൊരു പെർഫോമൻസ് ആയിരുന്നു റിയാസ് കാഴ്ച വച്ചതെന്ന് ബ്ലെസ്ലി പറയുന്നു. ഇതിനെതിരെ റിയാസ് ശബ്ദം ഉയർത്തിയെങ്കിലും അത് കേൾക്കാൻ ബ്ലെസ്ലി തയ്യാറായില്ല. പിന്നാലെ ജാസ്മിൻ ദിൽഷക്കെതിരെയും രംഗത്തെത്തി.
'ഏറ്റവും അയോഗ്യനാണെന്ന് എനിക്ക് വ്യക്തിപരമായി തോന്നിയ വ്യക്തി. ഒരുപാട് ആൾക്കാരുടെ അച്ഛനെയും അമ്മയെയും വീട്ടിലുള്ള എല്ലാവരെയും ഇമോഷണലി, മെന്റലി, വെർബലി അപമാനിച്ച വ്യക്തി. എന്റെ അച്ഛനെ നന്താ എന്ന് വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം അച്ഛൻ എന്ന് വിളിക്കാൻ അയാൾ യോഗ്യനല്ല. എന്ന് കരുതി വഴിയിൽ കൂടെ പോകുന്നവനും വരുന്നവും എന്റെ തന്തയെ വിളിച്ചാൽ ഞാൻ എതിർക്കും. കാരണം അച്ഛൻ എന്ന വാക്കിനെ മാത്രം ഞാൻ ബഹുമാനിക്കുന്നു. ദിൽഷ നിന്റെ പ്രിവിലേജ് അത് നിന്റെ കയ്യിൽ വച്ചാൽ മതി. എന്റെ നെഞ്ചത്തേക്കോ വന്നാൽ, നിനക്ക് വേണ്ടത് തന്നെ നിനക്ക് കിട്ടും', എന്ന് ജാസ്മിൻ, ദിൽഷയോട് പറയുന്നു. 'ഞാൻ ഇനിയും അങ്ങനെ ചെയ്യും എന്നാണ് ദിൽഷ പറയുന്നത്. ഞാൻ എന്ത് പറയണം എന്ന് തീരുമാനിക്കേണ്ട അവകാശം നിനക്കില്ല. ഒരാൾ പറയുന്ന കാര്യത്തെ തെറ്റായ രീതിയിൽ വളക്കാൻ നിനക്കെ കഴിയുള്ളൂ ജാസ്മിൻ', എന്നാണ് ദിൽഷ പറയുന്നത്. ഇതിനിടയിൽ ക്യാപ്റ്റനായ സൂരജ് എല്ലാവരെയും സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതാരും കേൾക്കാൻ തയ്യാറായില്ല. ഈ അവസരത്തിലാണ് ദേഷ്യത്തോടെ അഖിൽ രംഗത്തെത്തുന്നത്. അവൻ ക്യാപ്റ്റനാണെന്നും എല്ലാവരുടെയും മുന്നിൽ ഓടിനടന്ന് പറയുന്നത് കേൾക്കണമെന്നും അഖിൽ പറയുന്നു. റിയാസും ജാസ്മിനും പറയുമ്പോൾ നിനക്ക് വിഷമമില്ലേ ഞങ്ങൾ പറയുമ്പോഴാണോ പ്രശ്നം എന്നാണ് ലക്ഷ്മി പ്രിയ അഖിലിനേട് ചോദിക്കുന്നത്.
ബിഗ് ബോസിനോട് സംസാരിച്ച് റോബിന്‍
"ഇത്രയും വലിയൊരു അവസരം എന്റെ ലൈഫിൽ ആദ്യമായാണ് കിട്ടുന്നത്. ഒത്തിരി കഷ്ടപ്പെട്ടാണ് ഇവിടെവരെ എത്തിയത്. എന്റെ മാക്സിമം കൊടുത്താണ് ഇതുവരെയും കളിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്ക്കിൽ ആണെങ്കിലും ഞാൻ മാക്സിമം പരിശ്രമിച്ചു. ആ ലോക്കറ്റിന്റെ ഗുണം എന്താണെന്ന് എനിക്ക് അറിയാമായിരുന്നു. ആരെയും ഉപദ്രവിക്കാതെയാണ് ഞാൻ ആ ലോക്കറ്റ് എടുത്തത്. പെട്ടെന്ന് തോന്നിയതാണ് ബാത്റൂമിൽ പോകാമെന്നുള്ളത്. ലോക്കറ്റ് വിട്ടുകൊടുക്കാതിരിക്കാൻ മാക്സിമം ശ്രമിക്കാം എന്നാണ് ഞാൻ കുതിയത്. പക്ഷേ അതിനകത്ത് നിൽക്കാൻ പറ്റാത്ത സാഹചര്യം ആയതുകൊണ്ട് പുറത്തിറങ്ങി. ആ ഒരു സിറ്റുവേഷനിൽ റിയാസ് എന്നെ പിടിച്ചു. അവനെ തള്ളിമാറ്റുന്നതിനിടയിലാണ് അടിക്കേണ്ടിവന്നത്. അത് വേണമെന്ന് വച്ച് ചെയ്തതല്ല. ആ ഒരു സാഹചര്യത്തിൽ പറ്റിപ്പോയതാണ്. അതിന് ശേഷം എന്നെ പ്രവോക്ക് ചെയ്യാൻ റിയാസ് ശ്രമിച്ചിട്ടും ഞാൻ ഒന്നും ചെയ്തില്ലായിരുന്നു. ആ സമയത്ത് എന്റെ ഹെൽത്ത് കണ്ടീഷൻ പ്രശ്നത്തിലായിരുന്നു. വിഷമവും ദേഷ്യവും വന്ന സമയത്താണ് ആ സംഭവം നടന്നത്. എനിക്ക് ഒരു അവസരം കൂടി തരികയാണെങ്കിൽ എന്റെ മാക്സിമം നല്ല രീതിയിൽ കളിക്കാൻ ശ്രമിക്കും. വിന്നറാകാനാണ് ഞാൻ ഇവിടെ വന്നത്. ഞാൻ ചെയ്തത് തെറ്റാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരവസരം കൂടി തരണമെന്ന് അഭ്യർത്ഥിക്കുകയാണ്", എന്നാണ് റോബിൻ ബിഗ് ബോസിനോട് പറഞ്ഞത്.
ഒരുപക്ഷേ ആ സ്പ്രേ അടിക്കാതിരുന്നുവെങ്കിൽ ടാസ്ക്ക് അവസാനിക്കുന്നതിന് തൊട്ട് മുമ്പ് മാത്രമെ ഞാൻ പുറത്ത് ഇറങ്ങുമായിരുന്നുള്ളൂ എന്നും റോബിൻ പറയുന്നു. ഇപ്പോൾ ആരോഗ്യം എങ്ങനെയാണെന്ന ബിഗ് ബോസിന്റെ ചോദ്യത്തിന് മനസ്സികമായും ശാരീരികമായും താൻ ശക്തനാണെന്നാണ് റോബിൻ പറഞ്ഞത്. പിന്നാലെ ബാക്കിയുള്ള കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ ബിഗ് ബോസ് റോബിനോട് വിശ്രമിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഉരുണ്ടുകളിയായി ജയിൽ ടാസ്ക്
റിയാസ്, ലക്ഷ്മി പ്രിയ, ബ്ലെസ്ലി എന്നിവരാണ് ഇത്തവണ ജയിൽ നോമിനേഷനിൽ വന്നത്. ഇനി നടക്കുന്നത് ജയിൽ ടാസ്ക് ആണ്. ഉരുണ്ടുകളി എന്നാണ് ടാസ്ക്കിന്റെ പേര്. ഗാർഡൻ ഏരിയയിൽ ഒരു പ്ലൈവുഡ് പ്രതലവും അതിന് ചുറ്റും വിവിധ ദിശകളിൽ മത്സരാർത്ഥികൾക്കായി കട്ടകൾ അടങ്ങിയ മൂന്ന് വളയങ്ങളും ഉണ്ടാകും. ബസർ ശബ്ദം കേൾക്കുമ്പോൾ പ്ലൈവുഡ് പ്രതലത്തിനരികിൽ കിടന്ന് ഉരുണ്ട് കട്ടകൾ അടങ്ങിയ തങ്ങളുടെ വളയങ്ങൾക്ക് അടുത്തെത്തി തിരികെ പ്രതലത്തിൽ ടവർ ഉണ്ടാക്കുക എന്നതാണ് ടാസ്ക്. ആരാണോ വേഗത്തലും കൃത്യമായും ടവർ ഉണ്ടാക്കിയത് അവരാകും ടാസ്കിലെ വിജയി. പിന്നാലെ നടന്നത് വാശിയേറിയ മത്സരമായിരുന്നു. ബ്ലെസ്ലി വിജയിക്കുകയും ലക്ഷ്മി പ്രിയ, റിയാസ് എന്നിവർ ജയിലിലേക്ക് പോകുകയും ചെയ്തു.