Bigg Boss 4 Episode 53 Highlights : സ്‍കൂളിലേക്കുള്ള വഴി തെറ്റിയ 'രാമു'; ഹൗസിലെ കുളിമുറി ഇപ്പോഴും അടഞ്ഞുതന്നെ!
കഴിഞ്ഞ വാരം ജയില്‍ശിക്ഷാ നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ റിയാസിന്‍റെയും റോബിന്‍റെയും ശിക്ഷ നീളുകയാണ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) അതിന്‍റെ എട്ടാം വാരത്തിലാണ്. മുന്‍ സീസണുകള്‍ അന്ത്യത്തോടടുക്കുമ്പോഴുള്ള ആവേശം ഈ സീസണിന് പകുതി യാത്ര പിന്നിട്ടപ്പോള്‍ത്തന്നെയുണ്ട്. പകുതി പിന്നിട്ടപ്പോള്‍ ആവേശത്തിന്‍റെ ഗിയര്‍ പൊടുന്നനെ കൂട്ടിയതുപോലെയാണ് ഇത്തവണത്തെ വീക്കിലി ടാസ്‍ക്. ബിഗ് ബോസ് ഒരു സര്‍വൈവല്‍ ഗെയിം ആണെന്ന് അക്ഷരാര്‍ഥത്തില്‍ ഓര്‍മ്മിപ്പിച്ച ടാസ്ക് രണ്ടാം ദിവസം തുടരുകയാണ്. ഹൌസില്‍ മത്സരാര്‍ഥികള്‍ അനുഭവിച്ചുകൊണ്ടിരുന്ന സൌകര്യങ്ങളൊക്കെയും ഒറ്റ രാത്രി കൊണ്ട് റദ്ദ് ചെയ്‍താണ് ബിഗ് ബോസ് വീക്കിലി ടാസ്കിന് തുടക്കമിട്ടത്. ചൊവ്വ എപ്പിസോഡില്‍ വേക്കപ്പ് സോംഗ് കേട്ട് ഉണര്‍ന്ന മത്സരാര്‍ഥികള്‍ കണ്ടത് ശൂന്യതയായിരുന്നു. വെള്ളം, ഗ്യാസ്, ഫര്‍ണിച്ചറുകള്‍, ഭക്ഷ്യവസ്തുക്കള്‍ ഇവയൊക്കെ ബിഗ് ബോസ് രാത്രി അവിടെനിന്ന് മാറ്റിയിരുന്നു. അന്തംവിട്ടുനിന്ന മത്സരാര്‍ഥികളോട് ഉച്ചയോടെയാണ് ഇത് വീക്കിലി ടാസ്കിന്‍റെ ഭാഗമായുള്ള തയ്യാറെടുപ്പുകളാണെന്ന് ബിഗ് ബോസ് അറിയിച്ചത്. എടുത്തുമാറ്റപ്പെട്ട ഓരോ സൌകര്യങ്ങളും നേടിയെടുക്കാനുള്ള ഓരോ ടാസ്കുകളാണ് മത്സരാര്‍ഥികള്‍ ഈ വീക്കിലി ടാസ്കില്‍ കളിക്കേണ്ടത്, അതും രണ്ട് പേര്‍ വീതമുള്ള ടീമുകളായി. ഇന്നും തുടരുകയാണ് ഈ ടാസ്ക്.
ഏത് പൂവാണ് നിങ്ങള്‍?
മത്സരാര്‍ഥികളെ രാവിലെ തന്നെ ചലനാത്മകമാക്കാന്‍ ബിഗ് ബോസ് നല്‍കുന്ന ഒന്നാണ് മോണിംഗ് ആക്റ്റിവിറ്റി. ലളിതവും രസകരവുമായ ടാസ്കുകളാണ് മോണിംഗ് ആക്റ്റിവിറ്റിയായി മിക്കപ്പോഴും നല്‍കുന്നത്. ഓരോ മത്സരാര്‍ഥികള്‍ക്കാണ് ഇത് ഓരോ ദിവസം ലഭിക്കുക. വിനയ് മാധവിനാണ് ഇന്നത്തെ മോണിംഗ് ആക്റ്റിവിറ്റി ലഭിച്ചത്. ബിഗ് ബോസിലെ മത്സരാര്‍ഥികളെ അവരുടെ സ്വഭാവവിശേഷങ്ങള്‍ അനുസരിച്ച് ഓരോ പൂക്കളായി സങ്കല്‍പ്പിച്ച് വിശദീകരിക്കാനായിരുന്നു ടാസ്ക്. വിനയ് അത് നന്നായി പൂര്‍ത്തിയാക്കുകയും ചെയ്‍തു.
ഒരു ബിഗ് ബോസ് കഥ
മത്സരാര്‍ഥികളുടെ ഓര്‍മ്മശക്തിയും ആശയവിനിമയ പാടവവും പരീക്ഷിക്കുന്ന ടാസ്കുമായി ബിഗ് ബോസ്. വീക്കിലി ടാസ്‍കില്‍ കുളിമുറി സൌകര്യം നേടിയെടുക്കാന്‍ എല്ലാ മത്സരാര്‍ഥികളുടെയും പങ്കാളിത്തത്തോടെ പൂര്‍ത്തീകരിക്കേണ്ട ടാസ്ക് ആയിരുന്നു ഇത്. ബിഗ് ബോസ് പറയുന്ന ഒരു കഥ ഒന്നില്‍ നിന്ന് മറ്റൊരു മത്സരാര്‍ഥിയിലേക്ക് പറഞ്ഞു പകര്‍ന്ന് അവസാനമെത്തുന്ന മത്സരാര്‍ഥി ബിഗ് ബോസിനോട് ആവര്‍ത്തിക്കുന്ന രീതിയിലായിരുന്നു ടാസ്ക്. ആദ്യം ബിഗ് ബോസ് പറഞ്ഞ രീതിയോട് എത്രയും അടുത്തുനില്‍ക്കുന്ന രീതിയില്‍ പറയാനാവും എന്നതായിരുന്നു ചാലഞ്ച്.
സ്‍കൂളിലേക്ക് പോകുന്ന 'രാമു'
ബിഗ് ബോസ് പറഞ്ഞ കഥ ഇങ്ങനെ- "രാമു വലതുവശത്ത് നാല് പൈൻ മരങ്ങളും ഇടതുവശത്ത് എട്ട് കാറ്റാടി മരങ്ങളുമുള്ള ഒരു റോഡിലൂടെ രാവിലെ 8.45ന് സ്കൂളിലേക്ക് പോവുകയായിരുന്നു. വഴിവക്കിൽ അഞ്ച് പക്ഷികൾ വീതമുള്ള മൂന്ന് കൂട്ടങ്ങൾ നീലാകാശത്തിലൂടെ പറന്നുപോയത് കണ്ടപ്പോൾ രാമുവിൻറെ മനം കുളിർന്നു. പഞ്ചാക്ഷരി എന്നു പേരുള്ള വായനശാലയുടെ മുന്നിലെത്തിയപ്പോൾ പെട്ടെന്ന് മഴ പെയ്‍തത് മൂലം അവനൊരു ചായക്കടയിൽ കയറിനിന്നു".
'പഞ്ചാദിശി'യായ 'പഞ്ചാക്ഷരി'
ഏറ്റവുമൊടുവില്‍ കഥ കേള്‍ക്കാന്‍ എത്തിയത് ബ്ലെസ്‍ലി ആയിരുന്നു. ബ്ലെസ്‍ലിക്ക് കഥ പറഞ്ഞുകൊടുത്തത് അപര്‍ണ ആയിരുന്നു. താന്‍ കേട്ട കഥ ബ്ലെസ്‍ലി ബിഗ് ബോസിന് പറഞ്ഞുകൊടുത്തു. ആ കഥ ഇപ്രകാരമായിരുന്നു- "നാല് പൈൻ മരവും എട്ട് ഫാൻ പോലെയുള്ള വലിയ മരവുമുള്ള റോഡിൽക്കൂടി രാവിലെ 8.45ന് രാമു നടന്നുപോവുകയായിരുന്നു. പഞ്ചാദിശി എന്നുപറയുന്ന ഒരു വായനശാലയിലോട്ടാണ് പോയത്. പക്ഷേ മഴ പെയ്തതു കാരണം ആള് ചായക്കടയിൽ കയറി ചായ കുടിച്ചു".
സ്കിറ്റില്‍ പിണക്കം
ബിഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം അഖിലും സുചിത്രയും ഒപ്പം സൂരജും ചേര്‍ന്ന് അവതരിപ്പിച്ച സ്കിറ്റില്‍ തങ്ങളെ മോശമായി അവതരിപ്പിച്ചെന്ന് ലക്ഷ്മിപ്രിയയും റിയാസും. എന്നാല്‍ വിനയ് അഖിലിനെയും സുചിത്രയെയും പിന്തുണച്ചു. ഒരു സ്കിറ്റിനെ അതായി കാണണമെന്നായിരുന്നു വിനയ്‍യുടെ പക്ഷം. വിനയ്‍യെയും അവര്‍ സ്കിറ്റില്‍ അവതരിപ്പിച്ചിരുന്നു.