Bigg Boss 4 Episode 52 Highlights : അള്‍ട്ടിമേറ്റ് സര്‍വൈവല്‍! ഇതുവരെ കാണാത്ത വീക്കിലി ടാസ്‍കുമായി ബിഗ് ബോസ്
നിമിഷയാണ് ഈ വാരാന്ത്യത്തില്‍ പുറത്തായത്
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) അതിന്‍റെ പകുതി ദിനങ്ങള്‍ ഇതിനകം പിന്നിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ എത്തിയ ഇക്കഴിഞ്ഞ ഞായറാഴ്ച എപ്പിസോഡിലായിരുന്നു 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷം. മുന്‍ സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൌതുകകരമായ പല പ്രത്യേകതകളും ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തിനുണ്ട്. മുന്‍ സീസണുകളിലെ ചില മത്സരാര്‍ഥികള്‍ സോഷ്യല്‍ മീഡിയയിലും മറ്റും താരപദവിയിലേക്ക് ഉയര്‍ന്നിട്ടുണ്ടെങ്കില്‍ ഇത്തവണ അത് അത്രയുമില്ല. അതേസമയം ഗെയിമുകളുടെയും ടാസ്കുകളുടെയും കാര്യത്തില്‍ ഈ സീസണ്‍ മുന്‍ സീസണുകളേക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് ബിഗ് ബോസ് കാണുന്ന ഏതൊരാളും സമ്മതിക്കും.
മുന്‍ സീസണുകളെ അപേക്ഷിച്ച് ആദ്യ വാരം തന്നെ മത്സരാര്‍ഥികള്‍ക്കിടയില്‍ വന്‍ അഭിപ്രായ വ്യത്യാസങ്ങളും സംഘര്‍ഷങ്ങളുമൊക്കെ ഇത്തവണ ഉണ്ടായിരുന്നു. തങ്ങളുടേതായ വ്യക്തിത്വം കൊണ്ടും കളിരീതിയുടെ പ്രത്യേകത കൊണ്ടുമൊക്കെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയവരുണ്ട്. ജാസ്മിന്‍, ഡോ. റോബിന്‍, റോണ്‍സണ്‍, ബ്ലെസ്‍ലി എന്നിവര്‍ക്കൊക്കെ അവരുടേതായ ആരാധക കൂട്ടങ്ങളുണ്ട്. അതേസമയം ശക്തയായ മത്സരാര്‍ഥി നിമിഷയാണ് ഏറ്റവുമൊടുവില്‍ ഷോയില്‍ നിന്ന് എവിക്റ്റ് ആയത്. ജാസ്മിന്‍റെ ഏറ്റവുമടുത്ത സുഹൃത്ത് ആയിരുന്നു നിമിഷ എന്നതിനാല്‍ ബിഗ് ബോസ് ഹൌസിലെ സൌഹൃദബന്ധങ്ങളുടെ ബലതന്ത്രത്തില്‍ പല വ്യത്യാസങ്ങളും ഈ പുറത്താകല്‍ സൃഷ്ടിച്ചേക്കാം. അപ്രതീക്ഷിതത്വങ്ങള്‍ നിറഞ്ഞ ഒരു എട്ടാം വാരമാണ് മത്സരാര്‍ഥികളെ കാത്തിരിക്കുന്നത്.
ഗ്യാസില്ല, വെള്ളമില്ല, ഭക്ഷണമില്ല; അമ്പരന്ന് മത്സരാര്‍ഥികള്‍
എട്ടാം വാരത്തില്‍ മത്സരാര്‍ഥികളെ അമ്പരപ്പിച്ച് ബിഗ് ബോസ്. 52-ാം ദിനം മോണിംഗ് സോംഗ് കേട്ട് ഉറക്കമുണര്‍ന്ന മത്സരാര്‍ഥികള്‍ കണ്ണു തിരുമ്മി എണീറ്റ് വന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ഇന്നലെ വരെ അവര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സൌകര്യങ്ങളൊന്നും കാണാനില്ല! വെള്ളം, ഗ്യാസ്, ഫര്‍ണിച്ചര്‍, ഭക്ഷവസ്തുക്കള്‍ ഇവയൊന്നും!
വെറുതെയല്ല, ഇത് വീക്കിലി ടാസ്‍ക്!
ഈ വാരത്തിലെ വീക്കിലി ടാസ്‍കിനായുള്ള വട്ടം കൂട്ടലായിരുന്നു ഇതെല്ലാമെന്ന് ഉച്ചയോടെയാണ് ബിഗ് ബോസ് മത്സരാര്‍ഥികളെ അറിയിച്ചത്. എടുത്തുമാറ്റിയ അവശ്യവസ്തുക്കളും സേവനങ്ങളുമൊക്കെ നേടിയെടുക്കാന്‍ ബുദ്ധിശക്തിയും സാമര്‍ഥ്യവും ഒരുപോലെ ഉപയോഗിക്കേണ്ട ഗെയിമുകളില്‍ വിജയം നേടുകയാണ് മത്സരാര്‍ഥികള്‍ ചെയ്യേണ്ടത്. ഈ സര്‍വൈവല്‍ ഗെയിം വ്യക്തികള്‍ എന്ന നിലയില്‍ പുറത്തിറങ്ങിയാലും നിങ്ങള്‍ക്ക് ഗുണമേ ചെയ്യൂവെന്ന് ബിഗ് ബോസ് മത്സരാര്‍ഥികളെ പ്രചോദിപ്പിച്ചു.
വെള്ളം നേടിയെടുത്ത് ബ്ലെസ്‍ലിയും റോണ്‍സണും
അവശ്യവസ്തുക്കളില്‍ ആദ്യം വെള്ളം നേടിയെടുക്കാനുള്ള ഗെയിം ആണ് മത്സരാര്‍ഥികള്‍ ചേര്‍ന്ന് തെരഞ്ഞെടുത്തത്. അതില്‍ പങ്കെടുക്കാനായി ബ്ലെസ്‍ലിയെയും റോണ്‍സനെയും തെരഞ്ഞെടുത്തു. കടങ്കഥകളും ഓര്‍മ്മശക്തി പരീക്ഷണവുമായിരുന്നു അവര്‍ക്ക് ബിഗ് ബോസ് കൊടുത്ത ടാസ്‍കുകള്‍. ടാസ്കുകള്‍ സംയമനത്തോടെ യഥാസമയം പൂര്‍ത്തിയാക്കി ഇരുവരും വെള്ളം നേടിയെടുത്തു. മറ്റു മത്സരാര്‍ഥികള്‍ കൈയടികളോടെയാണ് ഇരുവരെയും ആക്റ്റിവിറ്റി ഏരിയയില്‍ നിന്ന് സ്വീകരിച്ചത്.
അഖില്‍ ഒഴിവാക്കി, പരിഭവം പങ്കുവച്ച് ലക്ഷ്‍മിപ്രിയ
സര്‍വൈവല്‍ വീക്കിലി ടാസ്‍കില്‍ ബിഗ് ബോസ് തടഞ്ഞുവെച്ച ഓരോ സൌകര്യവും നേടിയെടുക്കാന്‍ ഓരോ ഗെയിമിലും രണ്ട് മത്സരാര്‍ഥികള്‍ വീതമാണ് പോകേണ്ടിയിരുന്നത്. ഇതില്‍ കിടപ്പുമുറിക്കുവേണ്ടി രംഗത്തിറങ്ങിയത് അഖിലും ജാസ്മിനുമായിരുന്നു. ആരൊക്കെ പോകണമെന്ന ആലോചന നടക്കുമ്പോള്‍ അഖില്‍ തന്നെ കൂട്ടിയില്ലെന്ന് ധന്യയോട് പരിഭവം പറയുന്ന ലക്ഷ്മിപ്രിയയെ പ്രേക്ഷകര്‍ കണ്ടു. അഖിലിനൊപ്പം താന്‍ പോകുന്ന കാര്യം നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് ലക്ഷ്മി പറഞ്ഞു, പിന്നീടാണ് അത് മാറിയതെന്നും.
കിടപ്പുമുറി നേടിയെടുത്ത് അഖില്‍, ജാസ്‍മിന്‍
വെള്ളം കഴിഞ്ഞാല്‍ പിന്നെ തങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി മത്സരാര്‍ഥികള്‍ തെരഞ്ഞെടുത്തത് കിടപ്പുമുറി ഉപയോഗിക്കാനുള്ള അവകാശം ആയിരുന്നു. അഖിലും ജാസ്മിനുമാണ് അതിനായുള്ള ടാസ്കില്‍ പങ്കെടുക്കാനായി പോയത്. കുസൃതിച്ചോദ്യങ്ങളും സിനിമാ സംഭാഷണങ്ങളെ അധികരിച്ചുള്ള ചോദ്യങ്ങളുമാണ് ഇരുവര്‍ക്കും നേരിടേണ്ടിവന്നത്. ശരിയുത്തരം പറഞ്ഞതോടെ ഒരു ഇടവേളയ്ക്കു ശേഷം കിടപ്പുമുറി മത്സരാര്‍ഥികള്‍ക്ക് തുറന്നുകൊടുത്തു.