Bigg Boss 4 Episode 48 Highlights : ജയിലിലും പോരടിച്ച് റോബിനും റിയാസും
എത്തി ഒരാഴ്ചയ്ക്കുള്ളില്‍ ബിഗ് ബോസിലെ ശ്രദ്ധാകേന്ദ്രമായി റിയാസ് സലിം
അവസാനമായി എത്തിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ബിഗ് ബോസ് (Bigg Boss 4) മത്സരാര്‍ഥികള്‍ ഇനിയും മുക്തരായിട്ടില്ല. വിനയ് മാധവ്, റിയാസ് സലിം എന്നിവരാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ പുതുതായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. ആറ് ആഴ്ചത്തെ ഷോ വീട്ടിലിരുന്ന് കണ്ട്, മത്സരാര്‍ഥികളെയും മത്സരത്തെയുമൊക്കെക്കുറിച്ച് വ്യക്തമായ ധാരണയോടെ എത്തിയ ഇരുവരും ഷോയെ കഴിഞ്ഞ ദിവസങ്ങളില്‍ അക്ഷരാര്‍ഥത്തില്‍ ചൂടുപിടിപ്പിച്ചു. രണ്ടുപേരും ഇംപാക്റ്റ് സൃഷ്ടിച്ചെങ്കിലും റിയാസ് ആണ് കൂട്ടത്തിലെ തീപ്പൊരി. ഷോയിലേക്ക് എത്തിയപ്പോള്‍ത്തന്നെ മത്സരാര്‍ഥികളില്‍ തനിക്ക് താല്‍പര്യമുള്ളവരും താല്‍പര്യമില്ലാത്തവരും ആരൊക്കെയെന്ന് റിയാസ് വെളിപ്പെടുത്തിയിരുന്നു. ജാസ്‍മിന്‍ മൂസ മാത്രമാണ് തനിക്ക് യോജിപ്പ് തോന്നിയ മത്സരാര്‍ഥിയായി ഷോയിലേക്ക് എത്തിയ സമയത്ത് മോഹന്‍ലാലിന്‍റെ ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞത്. റോബിന്‍ ഉള്‍പ്പെടെയുള്ള പലരെയും താന്‍ ടാര്‍ഗറ്റ് ചെയ്യുമെന്നും റിയാസ് പറഞ്ഞിരുന്നു. ആ വാക്കുകളെ സാധൂകരിക്കുന്ന തരത്തിലായിരുന്നു ഹൗസിനുള്ളില്‍ അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള പ്രകടനവും.
വീക്കിലി ടാസ്‍കിലടക്കം വലിയ സംഘര്‍ഷത്തിന് വഴിമരുന്നിട്ടത് റിയാസിന്‍റെ ഇടപെടലുകളായിരുന്നു. ഒപ്പമെത്തിയ വിനയ്‍യ്ക്കും റിയാസിനുമിടയില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും പ്രേക്ഷകര്‍ക്ക് കൗതുകമായി.
വീക്കിലി ടാസ്‍ക് നന്നായി, പക്ഷേ..
ഇത്തവണത്തെ വീക്കിലി ടാസ്കില് മത്സരാര്‍ഥികളൊക്കെ മികച്ച പ്രകടനം നടത്തിയതിനാല്‍ ആകെയുള്ള 2800 പോയിന്‍റുകളും നല്‍കുകയാണെന്ന് ബിഗ് ബോസ്. അതേസമയം പ്രഖ്യാപിച്ചയുടന്‍ തന്നെ അതില്‍ ഒരു കുറവും ബിഗ് ബോസ് നടത്തി. മത്സരങ്ങള്‍ക്കിടയില്‍ ചിലര്‍ തെറിപ്രയോഗങ്ങള്‍ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇത്. 300 പോയിന്‍റുകളാണ് കുറച്ചത്.
മറ്റുള്ളവര്‍ക്ക് പുറത്തുനില്‍ക്കാം!
വ്യക്തിഗത പോയിൻറുകൾ ലഭിച്ചവർക്കു മാത്രമാണ് ലക്ഷ്വറി വസ്തുക്കൾ തെരഞ്ഞെടുക്കാൻ അവസരം ലഭിക്കുകയെന്നും ബിഗ് ബോസ് പിന്നാലെ അറിയിച്ചു. നിമിഷ, ജാസ്‍മിൻ, സുചിത്ര, ദിൽഷ, അഖിൽ, ലക്ഷ്മിപ്രിയ, സൂരജ്, റോൺസൺ എന്നിവർക്കാണ് വീക്കിലി ടാസ്കിൽ വ്യക്തിഗത പോയിൻറുകൾ ലഭിച്ചത്. ഇവർ ലക്ഷ്വറി വസ്തുക്കളുടെ തെരഞ്ഞെടുപ്പ് നടത്തുന്ന സമയത്ത് മറ്റു മത്സരാർഥികൾ വീടിന് പുറത്തേക്ക് ഇറങ്ങി നിൽക്കണമെന്നും ബിഗ് ബോസ് അറിയിച്ചു.
ജയില്‍ നോമിനേഷന്‍
ബിഗ് ബോസില്‍ ഓരോ വീക്കിലി ടാസ്‍കിനു ശേഷവും ഉയരുന്ന ഒരു ചോദ്യമാണ് ഇത്തവണ ആരാണ് ജയിലിലേക്ക് പോകുന്നത് എന്നത്. ഇത്തവണത്തെ വോട്ടിംഗില്‍ ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത് റോബിനാണ്. വോട്ടുകളുടെ എണ്ണത്തില്‍ തൊട്ടുപിന്നില്‍ റിയാസും അതിനും പിന്നില്‍ ജാസ്‍മിനും ഇടംപിടിച്ചു.
ശത്രുക്കൾ ഒരുമിച്ച് ജയിലിൽ!
ജയില്‍ ടാസ്കില്‍ വീണ്ടും ജാസ്മിന്‍റെ അത്യുഗ്രന്‍ പ്രകടനം. രസകരമായ ടാസ്കില്‍ 170 പോയിന്‍റുകളാണ് ജാസ്മിന്‍ നേടിയത്. ഇതോടെ ജാസ്മിന്‍ ജയില്‍ ശിക്ഷയില്‍ നിന്നും ഒഴിവായി. 99 പോയിന്‍റുകളുമായി ടാസ്കില്‍ രണ്ടാമതെത്തിയ റിയാസും 23 പോയിന്‍റുകളുമായി മൂന്നാമതെത്തിയ റോബിനുമാണ് ഇക്കുറി ജയിലില്‍. രണ്ട് മുഖ്യശത്രുക്കള്‍ ഒരുമിച്ച് ജയിലില്‍ കഴിയുന്നതിന്‍റെ കൌതുകത്തിലാണ് പ്രേക്ഷകരും മറ്റു മത്സരാര്‍ഥികളും.
50 ദിവസം പൂര്‍ത്തിയാക്കുന്നതില്‍ സന്തോഷമെന്ന് റോബിന്‍
വന്ന് ആദ്യ രണ്ടോ മൂന്നോ ആഴ്ചകളില്‍ പുറത്താവരുതെന്നേ തനിക്ക് ഉണ്ടായിരുന്നുള്ളൂവെന്ന് റോബിന്‍. ജയിലില്‍ കഴിയുന്ന സമയത്ത് റിയാസിനോടാണ് റോബിന്‍ തന്‍റെ കാഴ്ചപ്പാട് പറഞ്ഞത്. 50 ദിവസങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും റോബിന്‍ പറഞ്ഞു. വിജയകരമായി നടപ്പാക്കിയ ഗെയിം പ്ലാന്‍ തുടരേണ്ട ആവശ്യമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് റിയാസ് വന്നത്. ഒരു പുതിയ എതിരാളിയെ കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്, റോബിന്‍ പറഞ്ഞു.
സ്പെഷല്‍ ടാസ്‍ക്: 12ത്ത് മാന്‍
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 12ത്ത് മാനിന്‍റെ പേരിലുള്ള ഒരു പ്രത്യേക ടാസ്‍കും ഇന്ന് ബിഗ് ബോസില്‍ നടന്നു. ഒരു റിസോര്‍ട്ടില്‍ ഒരുമിച്ച് കൂടുന്നവര്‍ക്കിടയില്‍ ഒരാള്‍ കൊല്ലപ്പെടുന്നതും അത് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുന്നതുമായിരുന്നു ടാസ്ക്. അഖിലിനെയാണ് ബിഗ് ബോസ് കൊലപാതകിയുടെ റോള്‍ ഏല്‍പ്പിച്ചത്.
ശത്രുക്കള്‍ ജയിലിലും ശത്രുക്കള്‍ തന്നെ
ബിഗ് ബോസ് വീട്ടിലെ പ്രധാന ശത്രുക്കള്‍ ഒരുമിച്ച് ജയിലിലേക്ക് പോയതിന്‍റെ കൌതുകം പ്രേക്ഷകര്‍ക്കൊപ്പം മറ്റു മത്സരാര്‍ഥികള്‍ക്കും ഉണ്ടായിരുന്നു. ആദ്യം പ്രശ്നങ്ങളില്ലാതെ സംസാരിച്ച് ഇരുന്നെങ്കിലും ബിഗ് ബോസ് ഒരു ജോലി ഏല്‍പ്പിച്ചതോടെ രണ്ടുപേര്‍ക്കുമിടയില്‍ പ്രശ്നങ്ങളും ആരംഭിച്ചു. പതിവുപോലെ രൂക്ഷമായ വാഗ്വാദത്തിനിടയില്‍ അസഭ്യവാക്കുകളും ഇരുവരും ഉപയോഗിച്ചു.