Bigg Boss 4 : വീക്കിലി ടാസ്‍കിനിടെ നാടകീയ രംഗങ്ങള്‍, പൊട്ടിക്കരഞ്ഞ് ജാസ്‍മിന്‍

ജാസ്‍മിന്‍റെ പോയിന്‍റുകളില്‍ പകുതി സൂരജ് നേടിയെടുത്തതോടെയാണ് പ്രശ്‍നങ്ങളുടെ തുടക്കം

bigg boss malayalam season 4 dramatic scenes in weekly task jasmine m moosa

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) പുതിയ വീക്കിലി ടാസ്‍കിനിടെ മത്സരാര്‍ഥികള്‍ക്കിടയില്‍ കൈയ്യാങ്കളിയും നാടകീയ രംഗങ്ങളും. ബിഗ് ബോസ് എറിഞ്ഞുകൊടുക്കുന്ന കോയിനുകള്‍ സ്വന്തമാക്കി, മോഷ്ടിക്കപ്പെടാതെ സംരക്ഷിക്കാനുള്ള ടാസ്ക് ആയിരുന്നു ഇത്തവണത്തേത്. ശാരീരികവും അതേസമയം ബുദ്ധി ഉപയോഗിക്കേണ്ടതുമായ ടാസ്ക്. പല റൌണ്ടുകളായി മുന്നോട്ടുപോകുന്ന ടാസ്കിലെ ഓരോ റൌണ്ടിനുശേഷവും ആ സമയത്ത് കൂടുതല്‍ പോയിന്‍റുകള്‍ നേടുന്നവര്‍ക്ക് മറ്റൊരു മത്സരാര്‍ഥിയെ പുറത്താക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. കോയിനുകള്‍ക്കൊപ്പം ഭാഗ്യപ്പന്തുകള്‍ ലഭിക്കുന്നവര്‍ക്ക് മറ്റു ചില സവിശേഷ അവസരങ്ങളും ലഭിക്കുമായിരുന്നു.

ഇതുപ്രകാരം ഇന്നത്തെ ആദ്യ റൌണ്ടില്‍ ഭാഗ്യപ്പന്ത് ലഭിച്ചത് സൂരജിനായിരുന്നു. ഏതെങ്കിലും ഒരു മത്സരാര്‍ഥിയുടെ പോയിന്‍റുകളില്‍ പകുതി നേടാനാവും എന്നായിരുന്നു ഭാഗ്യപ്പന്തിലെ കുറിപ്പ്. ഇതുപ്രകാരം സൂരജ് ജാസ്മിനെയാണ് തെരഞ്ഞെടുത്തത്. 1200ല്‍ ഏറെ പോയിന്‍റുകള്‍ കൈയിലുണ്ടായിരുന്ന ജാസ്മിന്‍റെ പകുതി കോയിനുകളും ഇതോടെ ജാസ്മിന് സ്വന്തമായി. ഇതില്‍ തനിക്കുള്ള നീരസം ജാസ്മിന്‍ അപ്പോള്‍ത്തന്നെ പ്രകടിപ്പിച്ചു. വൈകാതെ സൂരജിന്‍റെ മേശയ്ക്കരുകില്‍ ചെന്ന് അവിടെ വച്ചിരുന്ന കോയിനുകളില്‍ ഒരു പങ്ക് ജാസ്മിന്‍ എടുത്ത് തന്‍റെ മേശപ്പുറത്ത് വെക്കുകയും ചെയ്‍തു. ഇത് മറ്റു മത്സരാര്‍ഥികളുടെ അതൃപ്തിക്ക് കാരണമായി. സുഹൃത്ത് പ്രതികരിക്കാത്തതുകണ്ട് അഖില്‍ ചെന്ന് ജാസ്മിന്‍റെ മേശ മറിച്ചിട്ടു. കോയിനുകള്‍ എമ്പാടും ചിതറി. 

ജാസ്മിന്‍ ചെയ്തതില്‍ തങ്ങള്‍ക്കുള്ള അനിഷ്ടം മിക്കവരും തുറന്നു പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഒപ്പം ധന്യ, സുചിത്ര, ലക്ഷ്മിപ്രിയ എന്നിവരൊക്കെ തങ്ങളുടെ കോയിനുകള്‍ സൂരജിന് കൊണ്ടുക്കൊടുക്കുകയും ചെയ്‍തു. മറ്റുള്ളവരുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ചുതുടങ്ങിയ ജാസ്മിന്‍റെ ശബ്ദം ഇടറുന്നതാണ് പിന്നീട് കണ്ടത്. അഖില്‍ അടക്കമുള്ളവര്‍ തന്നെ മനസിലാക്കിയില്ലെന്നു പറഞ്ഞ് ജാസ്മിന്‍ കരയാനും തുടങ്ങി. ഇതോടെ മറ്റു മത്സരാര്‍ഥികള്‍ ജാസ്മിനെ ആശ്വസിപ്പിക്കാനായി എത്തി. സൂരജിനെ പുറത്താക്കാന്‍ മുന്‍പ് അവസരം ലഭിച്ചിട്ടും താന്‍ അത് ചെയ്തില്ലെന്നും ഒറ്റയ്ക്ക് കളിച്ചുവന്ന തന്‍റെ കോയിനുകളില്‍ പകുതി സ്വന്തമാക്കിയ സൂരജിന്‍റെ തീരുമാനം തനിക്ക് അം​ഗീകരിക്കാനാവില്ലെന്നും ജാസ്മിന്‍ പറയുന്നുണ്ടായിരുന്നു.

എനിക്ക് അര്‍ഹതയില്ലാത്തതൊന്നും ഞാന്‍ എടുക്കില്ല. ഒരുപാട് കോയിനുകള്‍ വാരിക്കൊണ്ടുവന്നെങ്കിലും അത് മുഴുവനും ഞാന്‍ എടുക്കുമായിരുന്നില്ല. എന്‍റെ കൈയില്‍ നിന്ന് കൊണ്ടുപോയ കോയിനുകള്‍ എടുത്തിട്ട് ബാക്കി ഞാന്‍ തിരിച്ച് കൊടുക്കുമായിരുന്നു. 60 ദിവസം ഒരുമിച്ച് കഴിഞ്ഞിട്ടും നിങ്ങള്‍ക്ക് എന്നെ മനസിലായില്ലല്ലോ, തെറ്റിദ്ധരിച്ചില്ലേ, ജാസ്മിന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. അഖിലും സൂരജും ദില്‍ഷയും ധന്യയും ക്യാപ്റ്റന്‍ ബ്ലെസ്ലിയും അടക്കമുള്ളവര്‍ ജാസ്മിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അവസാനം സൂരജും വിതുമ്പിത്തുടങ്ങി. മത്സരാവേശമുള്ള വീക്കിലി ടാസ്കുകളില്‍ സാധാരണ കാണാനാവാത്ത രം​ഗങ്ങള്‍ക്കാണ് ഇന്ന് ബി​ഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios