Bigg Boss 4 : 'എന്‍റെ പ്രണയത്തിന്‍റെ മാനദണ്ഡം ഒരാളുടെ സൗന്ദര്യമല്ല'; ഡോ. റോബിനോട് ദില്‍ഷ
ക്യാപ്റ്റന്‍സി ടാസ്കിലേക്ക് മത്സരാര്‍ഥികളെ തെരഞ്ഞെടുത്തു
മുന്‍ സീസണുകളിലേതു പോലെ ഒരു പ്രണയജോഡി ഇല്ലാത്ത സീസണാണ് ഇത്തവണത്തെ ബിഗ് ബോസ് മലയാളം. എന്നാല്‍ രണ്ട് മത്സരാര്‍ഥികള്‍ക്കിടയിലെ രസകരമായ ഒരു ബന്ധം പ്രേക്ഷകര്‍ക്ക് കൌതുകം പകരുന്ന ഒന്നാണ്. ദില്‍ഷ പ്രസന്നനും ഡോ. റോബിനും ഇടയിലാണ് ഈ അടുപ്പം.
ആദ്യ വാരങ്ങളില്‍ തന്നെ തങ്ങള്‍ക്കിടയിലെ ബന്ധത്തെക്കുറിച്ച് ഇരുവര്‍ക്കുമിടയില്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. നമുക്കിടയിലുള്ളത് നല്ല സൌഹൃദം മാത്രമാണെന്നും മറ്റു മത്സരാര്‍ഥികള്‍ ഒരുപക്ഷേ ഇത് പ്രണയമായി തെറ്റിദ്ധരിച്ചേക്കാമെന്നും റോബിനോട് ആദ്യം അഭിപ്രായം പ്രകടിപ്പിച്ചത് ദില്‍ഷയായിരുന്നു. ബിഗ് ബോസ് ഹൌസില്‍ ഒരുപക്ഷേ ഏറ്റവുമധികം ഹേറ്റേഴ്സ് ഉള്ള മത്സരാര്‍ഥിയായി മാറി പിന്നീട് റോബിന്‍. എന്നാല്‍ ദില്‍ഷ മിക്കപ്പോഴും റോബിന് പിന്തുണയുമായി അവിടെയുണ്ടായിരുന്നു. തങ്ങള്‍ക്കിടയിലുള്ളത് പ്രണയമല്ലെന്ന് റോബിനും ദില്‍ഷയും ചര്‍ച്ച ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. ഇവരെത്തന്നെ വിശ്വസിപ്പിക്കാനാണോ ഇതെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല. അതേസമയം ഇതു സംബന്ധിച്ച് ഇവര്‍ക്കിടയിലുള്ള സംസാരം ഇന്നും തുടര്‍ന്നു.
ഇത്തവണത്തെ ജയില്‍ നോമിനേഷന്‍ പതിവിനു വിപരീതമായി ഒരാള്‍ക്ക് മാത്രമായിരുന്നു. ഡോ. റോബിനായിരുന്നു ഒരേയൊരു ജയില്‍വാസി. ജയിലില്‍ നിന്ന് പുറത്തിറങ്ങി ദില്‍ഷയോട് സംസാരിക്കുന്ന റോബിന്‍ തനിക്ക് പ്രണയമില്ലെന്ന് സ്ഥാപിക്കാനുള്ള തിടുക്കത്തിലായിരുന്നു. താന്‍ ഐശ്വര്യ റായ് അല്ലെന്നും തനിക്ക് പിറകെ നടക്കാനുള്ള ഗുണങ്ങളൊന്നും ദില്‍ഷയിലില്ലെന്നും റോബിന്‍ പറഞ്ഞു. പിറകെ നടക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും റോബിന്‍ ഇനിയും അങ്ങനെ നടക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ദില്‍ഷയും മറുപടി പറഞ്ഞു. ഇരുവര്‍ക്കമിടയില്‍ ഇതേച്ചൊല്ലിയുള്ള സംസാരം കുറച്ചുനേരം നീണ്ടു.
മൂന്നു പേരെയാണ് ജയില്‍ ടാസ്‍കിനായി മറ്റു മത്സരാര്‍ഥികള്‍ ഇത്തവണ തെരഞ്ഞെടുത്തിരുന്നത്. ലക്ഷ്മിപ്രിയ, ഡോ. റോബിന്‍, ബ്ലെസ്‍ലി എന്നിവര്‍ക്കാണ് നോമിനേഷന്‍ ലഭിച്ചത്. രസകരമായ ഒരു ടാസ്‍ക് ആണ് ബിഗ് ബോസ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ലക്ഷ്മിപ്രിയയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ അവര്‍ക്ക് മാനസികോര്‍ജ്ജം പകരാനായി താന്‍ ഒപ്പം ജയിലില്‍ പൊക്കോളാമെന്ന് മത്സരം ആരംഭിക്കുന്നതിനു മുന്‍പ് ബ്ലെസ്‍ലിയോട് റോബിന്‍ പറഞ്ഞിരുന്നു. ജയിലില്‍ പോകാനായി മത്സരിക്കരുതെന്നും നന്നായി കളിക്കണമെന്നും റോബിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ എപ്പോഴത്തെയുംപോലെ മികച്ച രീതിയില്‍ മത്സരിക്കുമെന്നും അത് പ്രത്യേകം പറയേണ്ടതില്ലെന്നുമായിരുന്നു ബ്ലെസ്‍ലിയുടെ മറുപടി. അതേസമയം ലക്ഷ്മിക്കൊപ്പം ജയിലില്‍ പോകാന്‍, തോല്‍ക്കാന്‍വേണ്ടി മനപ്പൂര്‍വ്വം കളിക്കുന്ന റോബിനെയാണ് ഗെയിമില്‍ കണ്ടത്. ഫലം ഫൈനല്‍ വിസിലിനു ശേഷം പതിവില്‍ നിന്ന് വിപരീതമായി റോബിനെ മാത്രം ജയിലിലേക്ക് അയക്കാന്‍ ബിഗ് ബോസ് നിര്‍ദേശിക്കുകയായിരുന്നു.