Bigg Boss Malayalam 4 : പ്രേക്ഷകരുടെ സ്വന്തം 'പദ്‍മിനി' ഇനി ബിഗ് ബോസിൽ; മത്സരാര്‍ഥിയായി സുചിത്ര നായര്‍
വാനമ്പാടിയിലെ ജനപ്രിയ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിനേത്രി
ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥികളില്‍ ഒരാളായി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം സുചിത്ര നായര്‍. സ്വന്തം പേരിനേക്കാള്‍ അവതരിപ്പിച്ച ഹിറ്റ് കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന അഭിനേത്രി കൂടിയാണ് സുചിത്ര. നടിമാരില്‍ ചിലര്‍ക്കു മാത്രം ലഭിക്കുന്ന ആ ഭാഗ്യം സുചിത്രയ്ക്ക് സമ്മാനിച്ചത് വാനമ്പാടി എന്ന പരമ്പരയാണ്. ഏഷ്യാനെറ്റിന്‍റെ ജനപ്രിയ പരമ്പരയായിരുന്നു വാനമ്പാടിയില്‍ പദ്മിനി (പപ്പി) എന്ന കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചിരുന്നത്. വാനമ്പാടി സംപ്രേഷണം അവസാനിപ്പിച്ചതിനു ശേഷവും പ്രേക്ഷകരുടെ മനസില്‍ നിന്ന് മായാത്ത കഥാപാത്രമായി ഇത്.
വാനമ്പാടിക്കു മുന്‍പ് സുചിത്ര അവതരിപ്പിച്ച മറ്റൊരു കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കൃഷ്ണകൃപാ സാഗരം എന്ന പരമ്പരയിലെ കഥാപാത്രമായിരുന്നു അത്. ദുര്‍ഗ്ഗാ ദേവിയായാണ് സുചിത്ര ഈ പരമ്പരയില്‍ എത്തിയത്. എന്നാല്‍ സുചിത്രയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് വാനമ്പാടിയിലെ പപ്പി ആയിരുന്നു.
തിരുവനന്തപുരം സ്വദേശിയായ സുചിത്ര മാർ ഇവാനിയസ് കോളേജിലാണ് പഠിച്ചത്. ബിഎ കൊമേഴ്‌സ് പൂർത്തിയാക്കിയതിനു ശേഷമാണ് അഭിനയമേഖലയിലേക്ക് എത്തുന്നത്. അഭിനേത്രി എന്നതിനു പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് സുചിത്ര. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ആക്ടീവ് ആയ സുചിത്ര ചെയ്തിരുന്ന ടിക്ക് ടോക്ക് വീഡിയോകള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ക്യാമറയ്ക്കു പിന്നിലെ പെണ്‍ നോട്ടം; ബിഗ് ബോസിലേക്ക് ഡെയ്‍സി ഡേവിഡ്
സ്ത്രീകള്‍ മുന്‍പ് കാര്യമായി എത്തിപ്പെടാത്ത മേഖലകളില്‍ ഒന്നായിരുന്നു ഫോട്ടോഗ്രഫി. പുതിയ കാലത്ത് അതിന് മാറ്റമുണ്ടെങ്കിലും വനിതാ ഫോട്ടോഗ്രാഫര്‍മാര്‍ എന്നത് ഇപ്പോഴും എണ്ണത്തില്‍ കുറവാണ്, ആ മേഖലയിലെ പുരുഷന്മാരെ അപേക്ഷിച്ച്. അതേസമയം ഫോട്ടോഗ്രഫിയില്‍ തന്‍റേതായ അടയാളം സൃഷ്‍ടിച്ച സ്ത്രീകളും ഉണ്ട്. പുതുതലമുറയില്‍ നിന്നുള്ള അത്തരത്തിലെ ഒരാള്‍ ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥിയായി ഉണ്ട്. ഡെയ്‍സി ഡേവിഡ് ആണത്.
വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷന്‍ ഫോട്ടോഗ്രഫിയിലും ഇതിനകം തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡെയ്‍സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ്. സെലിബ്രിറ്റി ഫോട്ടോഗ്രഫിയില്‍ ഡെയ്‍സിയെപ്പോലെ പേരെടുത്ത അധികം വനിതകള്‍ ഇല്ല. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയില്‍ എപ്പോഴും തന്‍റേതായ പരീക്ഷണങ്ങള്‍ നടത്താറുള്ള ഡെയ്‍സി നാരീസ് വെഡ്ഡിംഗ്സ് എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട്. വിവാഹ ഫോട്ടോഗ്രഫിയില്‍ വനിതാ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു സംഘത്തെയാണ് ഡെയ്‍സി നയിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളെ ഏറ്റവും സജീവമായി ഉപയോഗിക്കാറുള്ള ഡെയ്‍സിക്ക് ഇന്‍സ്റ്റയില്‍ 54,000ല്‍ അധികം ഫോളോവേഴ്സ് ഉണ്ട്. ഇന്‍വൈറ്റ്സ് ബൈ നാരീസ് എന്ന പേരില്‍ ഗിഫ്റ്റ് കാര്‍ഡുകളും ഗിഫ്റ്റ് ബോക്സുകളുമൊക്കെ പുറത്തിറക്കുന്ന ഒരു പ്രോഡക്റ്റ് സര്‍വ്വീസും ഡെയ്‍സി നടത്തുന്നുണ്ട്. ബിഗ് ബോസ് മലയാളം സീസണുകളില്‍ ആദ്യമായാണ് ഒരു ഫോട്ടോഗ്രാഫര്‍ മത്സരാര്‍ഥിയായി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട് ഡെയ്‍സിയുടെ സാന്നിധ്യത്തിന്.