അപ്പോൾ എങ്ങനാ തുടങ്ങുവല്ലേ, കച്ചമുറുക്കി 'ലാലേട്ടന്‍'; 'ആറാം തമ്പുരാനൊ'പ്പം ആറാം സീസണിൽ പിള്ളേരെത്തി !
ബിഗ് ബോസ് മലയാളം സീസണ്‍ 6 നാളെ തുടങ്ങും.
ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ എത്തിയിട്ട് അധികം ആയില്ലെങ്കിലും ഇന്ത്യയിലെ ഭൂരിഭാഗം ഭാഷകളിലും ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാളത്തിൽ അഞ്ച് സീസണുകളാണ് ഇതുവരെ പിന്നിട്ടത്. ഇനി വരാനിരിക്കുന്നത് സീസൺ ആറാണ്. ഇനി മണിക്കൂറുകൾ മാത്രമാണ് ഷോ തുടങ്ങാൻ ബാക്കിയുള്ളത്. അവാസന നിമിഷത്തിലും മത്സരാർത്ഥികളെ സംബന്ധിച്ച ചർച്ചകൾ തകൃതിയായി നടക്കുകയാണ്. പ്രേക്ഷകർക്കായി മികച്ച ദൃശ്യവിരുന്നും ഉദ്ഘാടന വേദിയിൽ ബിഗ് ബോസ് ഒരുക്കിയിട്ടുണ്ട്.
ഈ അവസരത്തിൽ മോഹൻലാലിനൊപ്പമുള്ള ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് ജുനൈസും റിനോഷ് ജോർജും. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മികച്ച മത്സരാർത്ഥികൾ ആയിരുന്നു ഇരുവരും. ഇനാഗുറേഷൻ പരിപാടിയിൽ പങ്കെടുക്കാനാണ് ഇവർ എത്തിച്ചേർന്നത്. "ആറാം സീസൺ ആറാം തമ്പുരാനോടൊപ്പം", എന്ന ക്യാപ്ഷനോടെയാണ് മോഹൻലാലിനൊപ്പമുള്ള ഫോട്ടോ ഇവർ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയ മത്സരാര്‍ത്ഥികളെ മോഹന്‍ലാലിനൊപ്പം കണ്ട സന്തോഷത്തിലാണ് ബിബി പ്രേക്ഷകരും.
മാര്‍ച്ച് പത്ത് ഞായറാഴ്ചയാണ് ബിഗ് ബോസ് സീസണ്‍ ആറ് തുടങ്ങുന്നത്. വൈകുന്നേരം ആറ് മണിയോടെ ഇനാഗുറേഷന്‍ എപ്പിസോഡുകള്‍ തുടങ്ങും. ശേഷം ഓരോരോ മത്സരാര്‍ത്ഥികളെയായി മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയും ബിഗ് ബോസ് വീടിനകത്തേക്ക് കയറ്റി വിടുകയും ചെയ്യും. ഇരുപതോളം മത്സരാര്‍ത്ഥികളാണ് ഇത്തവണ മാറ്റുരയ്ക്കാന്‍ പോകുന്നത്. ഇവരില്‍ ആര് വീഴും ആര് വാഴും എന്നത് കാത്തിരുന്ന് തന്നെ കാണേണ്ട കാര്യമാണ്.
എന്താണ് ബിഗ് ബോസ് ഷോ ?
വിവിധ മേഖകളില്‍ പ്രശസ്തരായ മത്സരാര്‍ത്ഥികളെ ഒരു വീട്ടില്‍ 100 ദിവസത്തോളം താമസിപ്പിച്ചാണ് ഷോ നടത്തുന്നത്. ഈ വീടിനെ ബിഗ് ബോസ് ഹൗസ് എന്ന് വിളിക്കുന്നു. ഈ ദിവസങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറം ലോകവുമായിട്ടുള്ള എല്ലാ ബന്ധങ്ങളും പൂര്‍ണമായും ഒഴിവാക്കിയിരിക്കും. ഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, പത്രം, ക്ലോക് എന്നിവയൊന്നും ഈ ദിവസങ്ങളില്‍ ഇവരിലേക്ക് എത്തില്ല. എല്ലാ ജോലികളും ഇവര്‍ തന്നെ ചെയ്യണം. കൂടാതെ ടാസ്കുകളും വീക്കിലി ടാസ്കുകളും ക്യാപ്റ്റന്‍സി മത്സരങ്ങളുമെല്ലാം ഉണ്ടാകും. ഇവയെല്ലാം ജയിച്ച് കയറി നൂറ് ദിവസം വീട്ടില്‍ പൂര്‍ത്തിയാക്കുന്നവര്‍ ഷോയില്‍ ടൈറ്റില്‍ വിന്നറാകും. ഓരോ ആഴ്ചയും എലിമിനേഷന്‍ ഉണ്ടാകും. പ്രേക്ഷകരാകും ആരെ പുറത്താക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..