Asianet News MalayalamAsianet News Malayalam

Bigg Boss Malayalam Season 4 : മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ താരം; ലക്ഷ്‍മി പ്രിയ ബിഗ് ബോസിൽ

പ്രേക്ഷകര്‍ കാത്തിരുന്നതു പോലെ  ലക്ഷ്‍മി പ്രിയ ബിഗ് ബോസില്‍ (Bigg Boss Malayalam Season 4).

Bigg Boss Malayalam Season 4 contestant Lakshmi Priya profile
Author
Kochi, First Published Mar 27, 2022, 7:42 PM IST | Last Updated Mar 27, 2022, 7:42 PM IST


ടെലിവിഷന്‍ മേഖലയില്‍ നിന്നും മലയാള ചലച്ചിത്ര ലോകത്തിലേക്ക് കടന്ന് വന്ന താരമാണ് ലക്ഷ്‍മി പ്രിയ. വളരെ ചുരുക്കം ചിത്രങ്ങള്‍കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാന്‍ ലക്ഷ്‍മി പ്രിയക്ക് സാധിച്ചു. മോഹന്‍ലാല്‍ നായകനായ 'നരനാ'യിരുന്നു ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ലക്ഷ്‍മി പ്രിയ പ്രേക്ഷകർക്ക് സമ്മാനിച്ചു. ഒരിടവേളക്ക് ശേഷം അഭിനയ രംഗത്ത് സജീവമായി തുടരുന്ന ലക്ഷ്‍മി പ്രിയ ഇനി മുതൽ ബിഗ് ബോസിൽ ഉണ്ടാകും. ഇന്ന് മുതൽ ആരംഭിക്കുന്ന ബിഗ് ബോസ് സീസൺ 4ലെ മത്സരാർത്ഥികൾ ഒരാളാണ് ലക്ഷ്‍മി പ്രിയ (Bigg Boss Malayalam Season 4).

നാടക കലാകാരിയായാണ് ലക്ഷ്‍മി പ്രിയ തന്റെ കരിയർ ആരംഭിച്ചത്. ജനപ്രിയ നാടകങ്ങളിൽ ഒന്നിൽ 'ഹിഡുംബി' എന്ന താരത്തിന്റെ കഥാപാത്രം നാടക മേഖലയിൽ ലക്ഷ്‍മിക്ക് വലിയ വഴിത്തിരിവ് സമ്മാനിച്ചിരുന്നു. ശേഷം മിനിസ്ക്രീൻ പരിപാടികളിൽ ലക്ഷ്‍മി തന്റെ സാന്നിധ്യം അറിയിച്ചു. 2005- ൽ ജോഷി - മോഹൻലാൽ ചിത്രമായ ‘നരൻ’എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ടാണ് ലക്ഷ്മി പ്രിയ സിനിമയിലേയ്ക്കെത്തിയത്.  2010-ൽ സത്യൻ അന്തിക്കാട് ‌- ജയറാം ചിത്രമായ 'കഥ തുടരുന്നു' എന്ന സിനിമയിലെ വേഷം ലക്ഷ്മി പ്രിയയ്ക്ക് പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. തുടർന്ന് എൺപതോളം സിനിമകളിൽ ലക്ഷ്‍മി പ്രിയ അഭിനയിച്ചു. അഭിനയിച്ച വേഷങ്ങളിൽ ഭൂരിഭാഗവും കോമഡി വേഷങ്ങളാണ് നടിയെ തേടിയെത്തിയത്.

വിവിധ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്ന് പറയാനും ലക്ഷ്‍മി പ്രിയ മടിക്കാറില്ല. ഇത് പലപ്പോഴും താരത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുമുണ്ട്. അടുത്തിടെ നടന്ന വിനായകന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ലക്ഷ്‍മി നടത്തിയ പ്രിതികരണം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

പ്രമുഖ സംഗീതജ്ഞ‍ൻ പട്ടണക്കാട് പുരുഷോത്തമന്റെ മകൻ  ജയേഷ് ആണ് ലക്ഷ്‍മി  പ്രിയയുടെ ഭർത്താവ്. മാതംഗി എന്ന ഒരു മകളുമുണ്ട് ഇവർക്കുണ്ട്.

'പളുങ്ക്' എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെയാണ് ലക്ഷ്‍മിയുടെ ബിഗ് ബോസിലേക്കുള്ള പ്രവേശനം. നാലാം സീസണിന്റെ പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ ഉയർന്നു കേട്ട പേര് കൂടിയാണ് ലക്ഷ്‍മി പ്രിയയുടേത്. വർഷങ്ങളായി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന ലക്ഷ്‍മി പ്രിയയുടെ പ്രകടനം എങ്ങനെയാകും എന്നറിയാൻ വരും ദിവസങ്ങളിലെ ബിഗ് ബോസ് എപ്പിസോഡുകൾ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

മോഹൻലാലിന്റെ വാക്കുകൾ

ഒരുപാട് സന്തോഷം. ബി​ഗ് ബോസ് സീസൺ 4 തുടങ്ങുകയാണ്. എല്ലാത്തവണത്തെയും പോലെയല്ല, ഒരുപാട് പ്രത്യേകതകളുള്ള ബി​ഗ് ബോസ് വീടായിരിക്കും ഇത്തവണത്തേത്. ഞങ്ങൾ ഷോ ഷൂട്ട് ചെയ്യുന്നത് മുംബൈയിലാണ്. ആ വീട് തന്നെ വളരെയധികം പ്രത്യേകതകളുള്ള വീടാണ്. മത്സരാർത്ഥികളും അതുപോലെ തന്നെയാണ്. കൊവിഡ് പ്രോട്ടോക്കോളുകളും കാര്യങ്ങളുമൊക്കെ ആയിട്ടും ഒരുപാട് കാര്യങ്ങൾ നോക്കിയാണ് മത്സരാർത്ഥികളെ തെര‍ഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും വളരെയധികം എന്റർടെയ്ൻമെന്റ് ആയിരിക്കും ബി​ഗ് ബോസ്. അതിന്റെ ഒരു ത്രില്ലിൽ തന്നെയാണ് ഞങ്ങൾ എല്ലാവരും. എല്ലാം ഭം​ഗിയായി നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എന്തായാലും ഒരു വിഷ്വർ ട്രീറ്റായിരിക്കും ഷോ. ഒരുപാട് പ്രത്യേകതകൾ ഷോയിൽ നിന്നും നിങ്ങൾക്ക് പ്രതീക്ഷിക്കാം.

മത്സരാർത്ഥികൾക്ക് ഓരോ നിമിഷവും പുതിയ നിമിഷങ്ങളാണ്. കുറച്ചു നാൾ കഴിയുമ്പോൾ അവർ വേറൊരു ലോകത്തേക്ക് എത്തിപ്പെടും. അവർ എന്താ പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ലായിരിക്കും. അതിനൊക്കെ അവർക്കൊപ്പം നിന്ന് അവരെ സഹായിക്കുന്ന രീതിയിലായിരിക്കണം നമ്മൾ നിൽക്കേണ്ടത്. ഒന്നും പ്ലാൻ ചെയ്തുകൊണ്ട് നമുക്ക് സ്റ്റേജിലേക്ക് പോകാൻ പറ്റില്ല. വളരെ സൗമ്യമായ രീതിയിൽ മാത്രമെ നമുക്കിത് മുന്നോട്ട് കൊണ്ടു പോകാൻ പറ്റുള്ളു. അതിന്റെ ത്രില്ലിലാണ് ഞാനും.

24 മണിക്കൂറും നടക്കുന്ന പ്രധാന സംഭവങ്ങളെല്ലാം കാണാറുണ്ട്. ഓരോരുത്തരോടും എന്ത് പറയണം എന്ന ധാരണയോടെയാണ് സ്റ്റേജിലേക്ക് പോകുന്നത്. ചിലപ്പോൾ അവരുടെ ഒരു ചോദ്യം കൊണ്ട് ആ ധാരണകളെല്ലാം തകിടം മറിഞ്ഞ് പോകും. മത്സരാർത്ഥികളുടെയും ബി​ഗ് ബോസിന്റെയും ഇടയിലുള്ള ഒരു ലിങ്ക് ആണ് ഞാൻ. അത് പൊട്ടിപ്പോകാതെ ഞാൻ നോക്കണം. രണ്ട് പേരോടും നമ്മൾ സൗമ്യമായ രീതിയിൽ തന്നെ പോകണമെന്നും മോഹൻലാല്‍ പറയുന്നു.

ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്‍ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios