Bigg Boss Malayalam Season 4 : ബിഗ് ബോസിന് ഇത്തവണയും ചിരിക്കാം, കുട്ടി അഖില്‍ എത്തി
കോമഡി സ്റ്റാഴ്‍സിലൂടെ പ്രിയം നേടിയ കുട്ടി അഖില്‍ ബിഗ് ബോസില്‍ (Bigg Boss Malayalam Season 4).
ബിഗ് ബോസില്‍ ഇത്തവണയും ചിരിക്കിലുക്കമുണ്ടാകും. ബിഗ് ബോസിലെ സഹ മത്സരാര്‍ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിക്കാൻ എത്തുന്നത് കുട്ടി അഖിലാണ്. വെറും ചിരിത്താരം മാത്രമല്ലാതെ ഒരു ഗംഭീര മത്സരാര്‍ഥിയാകാനാകും കുട്ടി അഖിലിന്റെ ശ്രമം. കുട്ടി അഖിലിന്റെ കോമഡി തന്ത്രങ്ങള്‍ ബിഗ് ബോസ് പ്രേക്ഷകരെയും ആകര്‍ഷിക്കുമോ എന്ന് കണ്ടറിയാം.
കുട്ടി അഖില്‍ എന്ന അഖില്‍ ബി എസ് നായര്‍ 'പ്രീമിയര്‍ പദ്‍മിനി' വെബ്‍ സീരിസിലൂടെയാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്. കോമഡി എക്സ്‍പ്രസ് ഷോയിലൂടെയായിരുന്നു അഖില്‍ മിനി സ്‍ക്രീനിലെത്തുന്നത്. ഏഷ്യാനെറ്റ് സപ്രേഷണം ചെയ്‍ത കോമഡി സ്റ്റാഴ്‍സ് സീസണ്‍ ടു അഖിലിനെ താരമാക്കി. നെയ്യാറ്റിൻകര പോളിടെക്നിക് കോളേജില്‍ നിന്ന് തുടങ്ങിയ അഖിലിന്റെ കലാപ്രവര്‍ത്തനം ഇന്ന് സിനിമയിലും എത്തിനില്‍ക്കുന്നു.
കോളേജ് പഠന കാലത്തെ സൗഹൃദങ്ങളാണ് തന്നെ കലാരംഗത്ത് എത്തിച്ചതെന്നാണ് കുട്ടി അഖില്‍ തന്നെ പറയുന്നത്. സ്‍മൈല്‍ പ്ലീസ് ചെയ്‍തിരുന്ന അഖില്‍ ഭദ്രൻ എന്ന സുഹൃത്താണ് കുട്ടി അഖിലിനെ സ്‍കിറ്റില്‍ ഒപ്പം കൂട്ടുന്നത്. ടെലിവിഷൻ സ്‍ക്രീനുകളിലേക്കും സിനിമയിലേക്കും എത്താൻ തന്നെ സഹായിക്കുന്നതും സ്‍കിറ്റ് ചെയ്‍തുള്ള പരിചയമാണെന്ന് അഖില്‍ അഭിമുഖങ്ങളില്‍ പറയുന്നു.
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ കുട്ടി അഖില്‍ സിനിമയിലും അരങ്ങേറി. 'മുന്തിരി മൊഞ്ചൻ', 'വെര്‍ജിൻ' എന്നീ സിനിമകളിലാണ് കുട്ടി അഖില്‍ അഭിനയിച്ചിട്ടുള്ളത്. സ്‍കിറ്റുകളിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ അഖില്‍ ബിഗ് ബോസിലും മികച്ച താരമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ബിഗ് ബോസിലെ കുട്ടി അഖിലിനെ കാണാനായി ഇനി കാത്തിരിക്കാം.