Bigg Boss : കയ്പ്പറിഞ്ഞ ഭൂതകാലത്തിന്റെ കരുത്തിൽ പടുത്തുയർത്തിയ മാന്ത്രിക ജീവിതം; അശ്വിൻ 'മാജിക്' ബിഗ് ബോസിൽ
അതിജീനത്തിന്റെ മാന്ത്രികതയുമായി ബിഗ് ബോസ് വീട്ടില്‍ അശ്വിൻ വിജയ് (Bigg Boss Malayalam Season 4).
അശ്വിൻ വിജയ് എന്ന പേര് കേട്ടാൽ പലർക്കും തിരിച്ചറിയാൻ സാധിച്ചേക്കും. ചെറുപ്പത്തിൽ തന്നെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ, ഇരുണ്ട ഭൂതകാലത്തെ വകഞ്ഞ് മാറ്റി കരുത്തുറ്റ പോരാട്ടത്തിലൂടെ വെളിച്ചത്തിലേക്ക് നടന്നടുത്ത പ്രതിഭ. അങ്ങനെയറിയണം അശ്വിനെ. ജാലവിദ്യകളുടെ ലോകത്ത് അസാമാന്യ പാടവമുള്ള അശ്വിൻ, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‍സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് (Bigg Boss Malayalam Season 4 ).
ഒരു മിനിറ്റിൽ ഏറ്റവുമധികം മാജിക് ചെയ്‍തുകൊണ്ടാണ് അശ്വിൻ ഈ അപൂർവ നേട്ടം സ്വന്തം പേരിൽ കുറിച്ചത്. പ്രതിസന്ധികൾ നിറഞ്ഞ ക്രൂരമായ കഴിഞ്ഞ കാലം അതിജീവിച്ചതിന്റെ വലിയ കഥപറയാനുണ്ട് അശ്വിന്. ഇപ്പോഴിതാ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്‍റെ സീസണ്‍ നാലിലെ ഒരു പ്രധാന മത്സരാര്‍ഥിയായി എത്തുകയാണ് അശ്വിൻ.
തിരുവനന്തപുരത്തെ മലയോര ഗ്രാമമായ വിതുരയിലെ ആനപ്പെട്ടിയിൽ 1998 മാർച്ച് എട്ടിനാണ് വിജയൻ- ലത ദമ്പതികൾക്ക് അശ്വിൻ ജനിക്കുന്നത്. അശ്വിന് അഞ്ചു വയസുള്ളപ്പോൾ അമ്മ ഉപേക്ഷിച്ചുപോയി. മനംനൊന്ത് അച്ഛൻ ജീവനൊടുക്കി. നൊടി നേരം കൊണ്ട് അമ്മയേയും അച്ഛനെയും നഷ്ടപെട്ട അശ്വിനെ വളർത്തിയത് അച്ഛന്റെ അമ്മയായിരുന്നു. സാമ്പത്തിക പരാധീനതകൾ ഏറെ അലട്ടിയ അച്ഛമ്മയ്ക്ക് ബന്ധുക്കളും സഹായത്തിനെത്തിയിരുന്നു. തൊഴിലുറപ്പ് ജോലിക്കും മറ്റ് ജോലികൾക്കും പോയി അച്ഛമ്മ അശ്വിനെ വളർത്തി.
കലാരംഗത്തേക്ക് ഉയർത്തെഴുന്നേൽപ്പിച്ചത് അരവിന്ദാക്ഷൻ എന്നയാളായിരുന്നു. അരവിന്ദാക്ഷൻ അശ്വിന്റെ സ്പോൺസറായി. അദ്ദേഹത്തിന്റെ സഹായത്തിൽ കലോത്സവ വേദികളിൽ നിറ സാന്നിധ്യമായി അശ്വിൻ. പിന്നീട് സ്വന്തമായി നൃത്തം പഠിച്ചു. ഇതിനിടയിൽ ഉത്സവപ്പറമ്പുകളിലെ മാജിക് ഷോയോട് തോന്നിയ കൌതുകം അശ്വിനെ മുന്നോട്ടു നയിച്ചു. ബാലരമയിലും മാഗസിനുകളിലും വന്ന മാജിക് ട്രിക്കുകൾ പഠിച്ചുതുടങ്ങി. ക്ഷേത്രങ്ങളിലും മറ്റുമായി ചെറു പരിപാടികൾ അവതരിപ്പിച്ചു പോന്ന അശ്വിൻ മജിഷ്യൻ സേനന്റെ അടുത്തെത്തി. പിന്നീടങ്ങോട്ട് മത്സരങ്ങളിലെല്ലാം വിജയിയായി മുന്നേറി. പിൽക്കാലത്ത് മാജിക് പ്ലാനറ്റിൽ ജോലിക്കാരനായ അശ്വിനെ വെല്ലുവിളികൾ വേട്ടയാടിക്കൊണ്ടേയിരുന്നു. അതിജീനത്തിന്റെ മാന്ത്രികതയുമായി ബിഗ് ബോസ് വീട്ടിലെത്തി നിൽക്കുന്ന അശ്വിന്റെ കയ്യിൽ, ഇതുവരെ ഒരു വേദിയിലും വെളിച്ചം കാണിച്ചിട്ടില്ലാത്ത, ആരും കേൾക്കാത്ത മാജിക്കുകൾ ഏറെയുണ്ടാകും എന്ന് പ്രതീക്ഷിക്കാം.
മോഹൻലാലിന്റെ വാക്കുകൾ
ഒരുപാട് സന്തോഷം. ബിഗ് ബോസ് സീസൺ 4 തുടങ്ങുകയാണ്. എല്ലാത്തവണത്തെയും പോലെയല്ല, ഒരുപാട് പ്രത്യേകതകളുള്ള ബിഗ് ബോസ് വീടായിരിക്കും ഇത്തവണത്തേത്. ഞങ്ങൾ ഷോ ഷൂട്ട് ചെയ്യുന്നത് മുംബൈയിലാണ്. ആ വീട് തന്നെ വളരെയധികം പ്രത്യേകതകളുള്ള വീടാണ്. മത്സരാർത്ഥികളും അതുപോലെ തന്നെയാണ്. കൊവിഡ് പ്രോട്ടോക്കോളുകളും കാര്യങ്ങളുമൊക്കെ ആയിട്ടും ഒരുപാട് കാര്യങ്ങൾ നോക്കിയാണ് മത്സരാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും വളരെയധികം എന്റർടെയ്ൻമെന്റ് ആയിരിക്കും ബിഗ് ബോസ്. അതിന്റെ ഒരു ത്രില്ലിൽ തന്നെയാണ് ഞങ്ങൾ എല്ലാവരും. എല്ലാം ഭംഗിയായി നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എന്തായാലും ഒരു വിഷ്വർ ട്രീറ്റായിരിക്കും ഷോ. ഒരുപാട് പ്രത്യേകതകൾ ഷോയിൽ നിന്നും നിങ്ങൾക്ക് പ്രതീക്ഷിക്കാം.
മത്സരാർത്ഥികൾക്ക് ഓരോ നിമിഷവും പുതിയ നിമിഷങ്ങളാണ്. കുറച്ചു നാൾ കഴിയുമ്പോൾ അവർ വേറൊരു ലോകത്തേക്ക് എത്തിപ്പെടും. അവർ എന്താ പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ലായിരിക്കും. അതിനൊക്കെ അവർക്കൊപ്പം നിന്ന് അവരെ സഹായിക്കുന്ന രീതിയിലായിരിക്കണം നമ്മൾ നിൽക്കേണ്ടത്. ഒന്നും പ്ലാൻ ചെയ്തുകൊണ്ട് നമുക്ക് സ്റ്റേജിലേക്ക് പോകാൻ പറ്റില്ല. വളരെ സൗമ്യമായ രീതിയിൽ മാത്രമെ നമുക്കിത് മുന്നോട്ട് കൊണ്ടു പോകാൻ പറ്റുള്ളു. അതിന്റെ ത്രില്ലിലാണ് ഞാനും.
24 മണിക്കൂറും നടക്കുന്ന പ്രധാന സംഭവങ്ങളെല്ലാം കാണാറുണ്ട്. ഓരോരുത്തരോടും എന്ത് പറയണം എന്ന ധാരണയോടെയാണ് സ്റ്റേജിലേക്ക് പോകുന്നത്. ചിലപ്പോൾ അവരുടെ ഒരു ചോദ്യം കൊണ്ട് ആ ധാരണകളെല്ലാം തകിടം മറിഞ്ഞ് പോകും. മത്സരാർത്ഥികളുടെയും ബിഗ് ബോസിന്റെയും ഇടയിലുള്ള ഒരു ലിങ്ക് ആണ് ഞാൻ. അത് പൊട്ടിപ്പോകാതെ ഞാൻ നോക്കണം. രണ്ട് പേരോടും നമ്മൾ സൗമ്യമായ രീതിയിൽ തന്നെ പോകണമെന്നും മോഹൻലാല്‍ പറയുന്നു.
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.