Bigg Boss 4 : 'ക്രഷ്‍ലി'; ബ്ലെസ്‍ലിയുടെ പ്രണയത്തെക്കുറിച്ച് ചോദിച്ച് മോഹന്‍ലാല്‍
ദില്‍ഷയോടുള്ള പ്രണയത്തെക്കുറിച്ച് മോഹന്‍ലാലിന്‍റെ ചോദ്യം
പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ, മറ്റു മത്സരാര്‍ഥികള്‍ക്കൊപ്പം അടച്ചിട്ട ഒരു വീട്ടില്‍ 100 ദിവസം ചിലവഴിക്കുക എന്നതാണ് ബിഗ് ബോസ് (Bigg Boss) എന്ന റിയാലിറ്റി ഷോ ഒരു മത്സരാര്‍ഥിക്കു മുന്നില്‍ വെക്കുന്ന ചാലഞ്ച്. പുറമെ നിന്ന് എത്രത്തോളം പദ്ധതിയിട്ട് വന്നാലും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒരു സവിശേഷ അവസ്ഥയാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് ഒരുക്കിക്കൊടുക്കുന്നത്. അതിനാല്‍ത്തന്നെ മത്സരാര്‍ഥികള്‍ക്കിടയിലുള്ള സൗഹൃദവും ശത്രുതയും പ്രണയവുമൊക്ക ബിഗ് ബോസ് സീസണുകളില്‍ സാധാരണമാണ്. ഈ വികാരങ്ങളെല്ലാം മത്സരാര്‍ഥികള്‍ക്കിടയില്‍ ഇതിനകം പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. ഒരു പ്രണയം പൂര്‍ണാര്‍ഥത്തില്‍ മൊട്ടിട്ടിട്ടില്ലെങ്കിലും ഒരാള്‍ പ്രണയാഭ്യര്‍ഥന ഇതിനകം നടത്തിയിട്ടുണ്ട്.
ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥികളില്‍ ഒരാളായ ബ്ലെസ്‍ലിയാണ് ഒരു സഹമത്സരാര്‍ഥിയോട് പ്രണയം തുറന്നു പറഞ്ഞത്. ഇത്തവണത്തെ ക്യാപ്റ്റനായ ദില്‍ഷ പ്രസന്നനോടാണ് ബ്ലെസ്‍ലി തന്‍റെ ഹൃദയവികാരം പ്രകടിപ്പിച്ചത്. പ്രേക്ഷകര്‍ക്ക് ഏറെ കൗതുകം പകര്‍ന്ന എപ്പിസോഡ് ആയിരുന്നു അത്. ഇന്നത്തെ എപ്പിസോഡില്‍ അവതാരകന്‍ മോഹന്‍ലാല്‍ ഏറ്റവുമാദ്യം സംസാരിച്ചത് പ്രണയത്തെക്കുറിച്ചായിരുന്നു. ഇതില്‍ത്തന്നെ ബ്ലെസ്‍ലിയോടാണ് മോഹന്‍ലാല്‍ അതേക്കുറിച്ച് ആദ്യം ചോദിച്ചത്. ദില്‍ഷയോടുള്ള തന്‍റെ ക്രഷ് തുറന്നു പറഞ്ഞ ബ്ലെസ്‍ലിക്ക് സഹ മത്സരാര്‍ഥികള്‍ ഒരു അരുമപ്പേര് ഇട്ടിട്ടുണ്ട്. ക്രഷ്‍ലി എന്നതാണ് അത്. ഈ പേരിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഈ വിഷയം ബ്ലെസ്‍ലിയോട് സംസാരിക്കാന്‍ ആരംഭിച്ചത്.
ജീവിതത്തിലെ ആദ്യ ക്രഷ് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നു പറഞ്ഞ ബ്ലെസ്‍ലി പൂര്‍ണ്ണാര്‍ഥത്തില്‍ ഉള്ള പ്രണയം തനിക്ക് ഒറ്റ തവണയേ ഉണ്ടായിട്ടുള്ളൂവെന്നും പറഞ്ഞു. ക്രഷ് എന്നതിന്‍റെ മലയാളം എന്താണെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ബ്ലെസ്‍ലിയുടെ മറുപടി. പൊടുന്നനെ ഒരാളോട് തോന്നുന്ന അനുരാഗമെന്ന് മോഹന്‍ലാല്‍ തന്നെ ആ ചോദ്യത്തിന് മറുപടിയും പറഞ്ഞു. ഇങ്ങനെ പെട്ടെന്ന് തോന്നുന്ന വികാരം പെട്ടെന്നുതന്നെ പോകില്ലേയെന്ന ചോദ്യത്തിന് ഒരു ഏഴ് മാസം വരെ പോകുമെന്നായിരുന്നു ബ്ലെസ്‌ലിയുടെ മറുപടി. ദില്‍ഷയോട് അങ്ങനെ പറയാനുള്ള കാരണം എന്തെന്ന ചോദ്യത്തിന് അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ ദൈവം അതേക്കുറിച്ച് ചോദിക്കില്ലേ എന്നായിരുന്നു ബ്ലെസ്‍ലിയുടെ പ്രതികരണം. "അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമ്പോള്‍ ദൈവം ചോദിക്കില്ലേ ലാലേട്ടാ. ഇത്ര നല്ല ഒരു കുട്ടിയെ മുന്നില്‍ നിര്‍ത്തി തന്നിട്ട് നിനക്ക് അതൊന്നു പറഞ്ഞുകൂടായിരുന്നോ എന്ന്..", ബ്ലെസ്‍ലി മോഹന്‍ലാലിനോട് പറഞ്ഞു.
തുടര്‍ന്ന് മറ്റു മത്സരാര്‍ഥികളോടും മോഹന്‍ലാല്‍ പ്രണയത്തെക്കുറിച്ചുള്ള അവരവരുടെ അഭിപ്രായങ്ങള്‍ ചോദിച്ചു. ജാസ്‍മിന്‍, ഡെയ്‍സി, സൂരജ്, സുചിത്ര എന്നിവരൊക്കെ പ്രണയത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചു. അതേസമയം ഈ വാരം ആരാണ് പുറത്താവുക എന്ന ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍.