Bigg Boss 4 : പ്രതീക്ഷിക്കാമോ ഒരു ക്ലൈമാക്സ് ട്വിസ്റ്റ്? ആകാംക്ഷയില്‍ ബ്ലെസ്‍ലി ആരാധകര്‍
സീസണ്‍ 4ലെ ഏറ്റവും വ്യത്യസ്‍തതയുള്ള മത്സരാര്‍ഥികളില്‍ ഒരാള്‍
ചിന്തയിലും അതില്‍ നിന്നുണ്ടാവുന്ന അഭിപ്രായങ്ങളിലും അതിന്‍റെ പ്രകടനങ്ങളിലുമൊക്കെ മറ്റുള്ളവരില്‍ നിന്ന് തികച്ചും വേറിട്ടു നില്‍ക്കുന്ന ചില മനുഷ്യര്‍ ഉണ്ടാവും. ബിഗ് ബോസ് മത്സരാര്‍ഥികളുടെ കാര്യമെടുത്താലും അത് അങ്ങനെതന്നെ. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) മറ്റു 19 മത്സരാര്‍ഥികളില്‍ നിന്നും പല കാരണങ്ങളാല്‍ വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വമാണ് മുഹമ്മദ് ഡിലിജെന്‍ഡ് ബ്ലെസ്‍ലിയെന്ന ബ്ലെസ്‍ലി. ആദ്യ വാരങ്ങളിലെ പ്രകടനത്തിന്‍റെ പേരില്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച മത്സരാര്‍ഥിയായിരുന്നു ബ്ലെസ്‍ലി. എന്നാല്‍ 100-ാം ദിനം വരെയുള്ള ആഴ്ചകളില്‍ ഉയര്‍ന്നും താഴ്ന്നും ആയിരുന്നു ബ്ലെസ്‍ലിയുടെ പെര്‍ഫോമന്‍സ് ഗ്രാഫ്, ഒപ്പം പ്രേക്ഷകസ്വീകാര്യതയും.
മികച്ച തുടക്കം
ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ അറിയപ്പെട്ടുതുടങ്ങിയ ആള്‍ എന്നതായിരുന്നു ബിഗ് ബോസില്‍ എത്തുമ്പോള്‍ ബ്ലെസ്‍ലിയുടെ മേല്‍വിലാസം. മത്സരാര്‍ഥികള്‍ക്കിടയിലെ അഭിപ്രായ സംഘര്‍ഷങ്ങള്‍ ആദ്യവാരം മുതല്‍ ആരംഭിച്ച സീസണ്‍ ആയിരുന്നു ഇത്. റോബിന്‍, ജാസ്മിന്‍, ലക്ഷ്മിപ്രിയ, ഡെയ്സി എന്നിവരുടെയൊക്കെയൊപ്പം ആ സംഘര്‍ഷങ്ങളുടെ ഭാഗഭാക്കായിരുന്നു ബ്ലെസ്‍ലിയും. നിലപാടുകളുള്ള, അത് തുറന്നു പ്രകടിപ്പിക്കാന്‍ ലവലേശം അധൈര്യമില്ലാത്ത ജാസ്മിനെപ്പോലെയുള്ള മത്സരാര്‍ഥികള്‍ ഉണ്ടായ സീസണ്‍ ആണ് ഇത്. എന്നാല്‍ മലയാള ഭാഷയില്‍ വഴക്കമുള്ളവര്‍ അക്കൂട്ടത്തില്‍ കുറവായിരുന്നു. ഭാഷാസ്വാധീനമുള്ള, വേറിട്ട കാഴ്ചപ്പാടുകളുള്ള ഒരു ചെറുപ്പക്കാരന്‍ എന്ന ഇമേജ് ആണ് ബിഗ് ബോസില്‍ ബ്ലെസ്‍ലിക്ക് ആദ്യം ലഭിച്ചത്.
ദില്‍ഷയെന്ന സ്വാധീനം
ബ്ലെസ്‍ലി എന്ന മത്സരാര്‍ഥിയെ സംബന്ധിച്ച് അയാളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ സഹമത്സരാര്‍ഥി ദില്‍ഷ പ്രസന്നന്‍ ആണ്. ബ്ലെസ്‍ലിയുടെ തന്നെ വാക്കുകളില്‍ ഷോ തുടങ്ങി 14-ാമത്തെ ദിവസം ബ്ലെസ്‍ലി ദില്‍ഷയോടുള്ള തന്റെ പ്രണയം പറഞ്ഞതാണ്. ആദ്യ സീസണിലെ പേളി മാണി- ശ്രീനിഷ് അരവിന്ദ് ബന്ധത്തിനു ശേഷം ഓരോ സീസണുകളിലും ഒരു പ്രണയം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുവെന്നാണ് വെയ്പ്പ്. ആയതിനാല്‍ കൂടുതല്‍ സ്ക്രീന്‍ ടൈം കിട്ടാന്‍ വേണ്ടി ബിഗ് ബോസിലെ ബന്ധങ്ങളെ, വിശേഷിച്ചും പ്രണയ ബന്ധങ്ങളെ മത്സരാര്‍ഥികളും പ്രേക്ഷകരില്‍ ഒരു വിഭാഗവുമൊക്കെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ഇവിടെ പ്രണയം എന്നത് ഒറ്റ ദിശയില്‍ മാത്രം ഉള്ളതായിരുന്നു. ബ്ലെസ്‍ലിയോട് തനിക്ക് പ്രണയമല്ലെന്നും മറിച്ച് ഒരു സഹോദരനെപ്പോലെയാണ് കാണുന്നതെന്നും ദില്‍ഷ ആദ്യം മുതലേ പറയുന്നുണ്ട്.
റോബിന്‍- ദില്‍ഷ- ബ്ലെസ്‍ലി
ബ്ലെസ്‍ലിയെപ്പോലെ അഥവാ അതിലും കൂടുതലായി ബിഗ് ബോസ് ഹൗസില്‍ ദില്‍ഷയ്ക്ക് അടുപ്പമുണ്ടായിരുന്ന മറ്റൊരു മത്സരാര്‍ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. പിന്നീട് ഇവര്‍ മൂവര്‍ക്കുമിടയില്‍ ഒരു സൗഹൃദാന്തരീക്ഷവും രൂപപ്പെട്ടു. എന്നാല്‍ ബിഗ് ബോസ് ഹൗസിനുള്ളിലെയും പുറത്തെയും വിമര്‍ശകര്‍ വെറുതെയിരുന്നില്ല. സ്ക്രീന്‍ ടൈം കൂടുതല്‍ ലഭിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ഒരു ത്രികോണ പ്രണയമാണ് ഇതെന്നായിരുന്നു പ്രധാന വിമര്‍ശനം. ബിഗ് ബോസ് ഹൗസില്‍ ഈ ആരോപണം ഏറ്റവുമധികം തവണ ഉയര്‍ത്തിയത് റിയാസ് ആയിരുന്നു. എന്നാല്‍ ഷോയുടെ അന്ത്യത്തോടടുക്കെ ഇതിന്‍റെ പേരില്‍ ദില്‍ഷയെ വേദനിപ്പിച്ചതില്‍ റിയാസ് മാപ്പ് ചോദിച്ചിരുന്നു.
ബിഗ് ബോസ് ഹൗസിലെ ഏകാകി
വൈകാരികതയുടെയും വ്യക്തിബന്ധങ്ങളുടെയുമൊക്കെ തലങ്ങളിലും മറ്റു മത്സരാര്‍ഥികളില്‍ നിന്ന് വേറിട്ടുനിന്ന ഒരാളാണ് ബ്ലെസ്‍ലി. ബിഗ് ബോസ് ഹൗസിലേക്ക് വന്നപ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നുവെന്നും പോകുമ്പോഴും അങ്ങനെതന്നെ ആയിരിക്കുമെന്നും ബ്ലെസ്‍ലി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരാളുമായി അടുപ്പമുണ്ടായാല്‍ അയാളില്‍ നിന്ന് ഉണ്ടാകാവുന്ന ചെറിയ വേദന പോലും താങ്ങാനാവാത്ത ഒരാളാണ് താനെന്നും ആയതിനാല്‍ ഏത് ബന്ധത്തെയും, അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് എപ്പോഴും സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന ഒരാള്‍ തനിക്കുള്ളിലുണ്ടെന്നും ബ്ലെസ്‍ലി പറഞ്ഞിട്ടുണ്ട്. പ്രേക്ഷകരില്‍ ഒരു വിഭാഗവുമായി ബ്ലെസ്‍ലിക്ക് കണക്ട് ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍ മറ്റൊരു വിഭാഗം ബ്ലെസ്‍ലിയുടെ വിമര്‍ശകരുമായി.
അന്വേഷി, സംശയാലു
അവനവനിലുള്ള സംശയം (SELF DOUBT) വെളിവാക്കാന്‍ മടിയൊന്നുമില്ലാത്ത വ്യക്തിയാണ് ബ്ലെസ്‍ലി. ഒരു നിരന്തര അന്വേഷകനും സ്വയം പുതുക്കാനും മെച്ചപ്പെടാനും ശ്രമിക്കുന്ന ഒരാളും അയാളിലുണ്ട്. ഭാഷാസ്വാധീനം ഉള്ളപ്പോള്‍ തന്നെ തന്‍റെ ആശയങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നതില്‍ ബ്ലെസ്‍ലി പലപ്പോഴും പരാജയമായിരുന്നു. സഹമത്സരാര്‍ഥികളെ സംബന്ധിച്ചും പ്രേക്ഷകരെ സംബന്ധിച്ചും അത് അങ്ങനെതന്നെ. അതേസമയം സാന്ദര്‍ഭികമായി പറയാറുള്ള ചില തഗ്ഗ് ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ബ്ലെസ്‍ലിയെ ജനപ്രിയനായും നിര്‍ത്തി.
റിയാസ് ഫാക്ടര്‍
ദില്‍ഷയുടെ രീതിയില്‍ അല്ലെങ്കിലും ഒരു മത്സരാര്‍ഥിയെന്ന നിലയില്‍ ബിഗ് ബോസ് വീട്ടിലെ ബ്ലെസ്‍ലിയുടെ അസ്തിത്വത്തെ ഏറ്റവുമധികം സ്വാധീനിച്ച സഹമത്സരാര്‍ഥി റിയാസ് ആയിരുന്നു. ഏറ്റവുമധികം വാക്ചാതുരിയോടെ തന്‍റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചയാള്‍ ഈ സീസണില്‍ റിയാസ് ആണ്. ബ്ലെസ്‍ലിയുടെ ബിഗ് ബോസ് വീട്ടിലെ അതിജീവനത്തെ റിയാസിന്‍റെ കടന്നുവരവിന് മുന്‍പും അതിന് ശേഷവും എന്ന് കരുതുന്നതില്‍ തെറ്റില്ല. റിയാസ് വരുന്നതിനു മുന്‍പ് ബ്ലെസ്‍ലിയുടെ ആശയങ്ങള്‍ക്ക് പൊതുവെ ബിഗ് ബോസ് വീട്ടില്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നതെങ്കില്‍ റിയാസിന്റെ വരവിനു ശേഷം അതില്‍ വ്യത്യാസം വന്നു. സ്വന്തം അന്വേഷണത്വരയും സംശയശീലവുമൊക്കെ കൊണ്ട് ബ്ലെസ്‍ലി പലപ്പോഴും ഉറപ്പോടെയല്ലാതെ പറയുന്ന അഭിപ്രായങ്ങളെ റിയാസ് ഖണ്ഡിക്കാനും ചോദ്യം ചെയ്യാനും തുടങ്ങി. റിയാസിന് ഹേറ്റേഴ്സ് കൂടുതലായിരുന്ന കാലത്ത് ഈ പോരില്‍ ബ്ലെസ്‍ലിക്ക് അതിന്‍റെ ഗുണം ലഭിച്ചുവെങ്കിലും റിയാസ് സ്വീകാര്യത നേടിത്തുടങ്ങിയതോടെ അതിന് വ്യത്യാസമുണ്ടായി. റോബിന്‍, ജാസ്മിന്‍ എന്നിവരുടെ പുറത്താവലോടെ റിയാസ് ലൈം ലൈറ്റ് അപഹരിച്ചത് ബ്ലെസ്‍ലിയുടെ മുന്നോട്ടുപോക്കിനെ ദുര്‍ഘടമാക്കിയ ഒരു ഘടകമാണ്.
ക്ലൈമാക്സില്‍ ട്വിസ്റ്റ്?
റിയാസ് ഗ്രാഫ് ഉയര്‍ത്തിയതോടെ മങ്ങിത്തുടങ്ങിയിരുന്ന ബ്ലെസ്‍ലിക്ക് പക്ഷേ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കാര്യങ്ങള്‍ ഗുണമായി ഭവിച്ചിട്ടുണ്ട്. ഫിനാലെയ്ക്ക് മുന്‍പ് പുറത്തായ മുഴുവന്‍ മത്സരാര്‍ഥികളെയും ബിഗ് ബോസ് ഹൌസിലേക്ക് തിരികെയെത്തിച്ചതോടെയായിരുന്നു ഇത്. ബ്ലെസ്‍ലിയോട് അകലം പാലിക്കണമെന്ന് ദില്‍ഷയോട് പറയുന്ന റോബിന്‍, ഇനി മേലാല്‍ ഇങ്ങനെ കാണിക്കരുതെന്ന് ബ്ലെസ്‍ലിയോട് പറയുന്ന ജാസ്മിന്‍ തുടങ്ങി ഈ രണ്ട് ദിനങ്ങളില്‍ ബിഗ് ബോസ് ഷോയുടെ ഫോക്കസ് പോയിന്‍റില്‍ ബ്ലെസ്‍ലി ഉണ്ട്. ഫിനാലെ അടുത്തിരിക്കെ തങ്ങളുടെ പ്രിയ മത്സരാര്‍ഥിയെ മാനസികമായി തകര്‍ക്കാന്‍ എതിരാളികള്‍ കരുതിക്കൂട്ടി പറഞ്ഞ അഭിപ്രായങ്ങളാണ് കഴിഞ്ഞ ദിനങ്ങളില്‍ കേട്ട പലതുമെന്ന് ബ്ലെസ്‍ലിയെ പിന്തുണയ്ക്കുന്നവര്‍ വിശ്വസിക്കുന്നു. ഒരിടവേളയ്ക്കു ശേഷം ബ്ലെസ്‍ലിക്കുവേണ്ടി സോഷ്യല്‍ മീഡിയയില്‍ ശക്തമായ ക്യാംപെയ്ന്‍ നടന്നതും ഈ രണ്ട് ദിനങ്ങളിലാണ്. ക്ലൈമാക്സില്‍ ഒരു ട്വിസ്റ്റ് ആണ് ബ്ലെസ്‍ലി ആരാധകര്‍ കാത്തിരിക്കുന്നത്.