Bigg Boss 4 : 'ട്വല്‍ത്ത് മാന്‍' കണ്ട് ബിഗ് ബോസ് മത്സരാര്‍ഥികള്‍
ചിത്രം തങ്ങളെ കാണിക്കണമെന്ന് മത്സരാര്‍ഥികള്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നു
പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ, ടാസ്‍കുകളിലും ഗെയിമുകളിലുമൊക്കെ വിജയിച്ച്, പ്രേക്ഷകരുടെ വോട്ടുകള്‍ നേടി 100 ദിവസം പിന്നിടുന്നതില്‍ വിജയിക്കുന്ന ഒരാള്‍ക്കാണ് ബിഗ് ബോസ് (Bigg Boss 4) ടൈറ്റില്‍ വിജയി ആവാന്‍ കഴിയുക. മൊബൈല്‍ ഫോണോ ഇന്‍റര്‍നെറ്റോ
ടെലിവിഷനോ എന്തിന് ഒരു ക്ലോക്ക് പോലും ബിഗ് ബോസ് ഹൌസില്‍ കാണാനാവില്ല. സമയം പോലും കൃത്യമായി അറിയാനാവാത്ത ബിഗ് ബോസില്‍ എല്ലാ സീസണുകളിലും ഒരു സിനിമാ പ്രദര്‍ശനം ഉണ്ടാവാറുണ്ട്. ഇക്കുറി അത് മോഹന്‍ലാല്‍ (Mohanlal) നായകനായ ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാന്‍ (12th Man) ആയിരുന്നു.
ഞായറാഴ്ച വൈകിട്ട് 5.30യ്ക്കാണ് മത്സരാര്‍ഥികള്‍ക്കായി ബിഗ് ബോസ് സിനിമാ പ്രദര്‍ശനം സംഘടിപ്പിച്ചത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ പ്രചരണാര്‍ഥം കഴിഞ്ഞ വാരം ബിഗ് ബോസ് വേദിയില്‍ സംവിധായകന്‍ ജീത്തു ജോസഫും എത്തുകയും മത്സരാര്‍ഥികളുമായി സംവദിക്കുകയും ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ച് ഒരു പ്രത്യേക ടാസ്കും ബിഗ് ബോസ് നല്‍കിയിരുന്നു. ചിത്രത്തിന്‍റെ റിലീസിനു മുന്‍പ് ബിഗ് ബോസ് വേദിയില്‍ എത്തിയ ജീത്തു ട്വല്‍ത്ത് മാനെ ദൃശ്യവുമായി താരതമ്യം ചെയ്യരുതെന്ന് പ്രേക്ഷകരോടും അഭ്യര്‍ഥിച്ചിരുന്നു- തീര്‍ച്ഛയായിട്ടും നല്ല ഒരു മിസ്റ്ററി മര്‍ഡര്‍ എന്‍റര്‍ടെയ്‍നര്‍ ആയിരിക്കും ട്വല്‍ത്ത് മാന്‍. 20-ാം തീയതിയാണ് ഇത് റിലീസ് ചെയ്യുന്നത്. ഹോട്ട്സ്റ്റാറിലാണ്. എല്ലാവരും കാണണം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കണം. പിന്നെ ഒരു അപേക്ഷയുണ്ട്, ദൃശ്യവുമായി താരതമ്യം ചെയ്‍ത് ഈ സിനിമ കാണരുത്. ഇത് തികച്ചും വ്യത്യസ്തമായ ഒരു സിനിമയാണ്. കണ്ടിട്ട് നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങള്‍ അറിയിക്കണം, ജീത്തു ജോസഫ് പറഞ്ഞിരുന്നു.
അതേസമയം ചിത്രം കാണാന്‍ ബിഗ് ബോസ് ഹൌസില്‍ തങ്ങള്‍ക്ക് സൌകര്യം ചെയ്‍തു തരാമോയെന്ന് മത്സരാര്‍ഥികള്‍ മോഹന്‍ലാലിനോട് ചോദിച്ചിരുന്നു. അതിന് അവസരം ഉണ്ടാക്കിത്തരാമെന്ന് മോഹന്‍ലാല്‍ വാക്ക് കൊടുക്കുകയും ചെയ്‍തിരുന്നു. അതനുസരിച്ചാണ് സിനിമാപ്രദര്‍ശനം നടന്നത്. അന്‍പത് ദിനങ്ങള്‍ക്കു ശേഷം ആദ്യമായി ഒരു സിനിമ കാണുന്നതിന്‍റെ ആവേശത്തിലായിരുന്നു മത്സരാര്‍ഥികള്‍. ഏറെ ആവേശത്തോടെ, കൈയടിച്ച് വിസില്‍ മുഴക്കിയാണ് എല്ലാവരും സിനിമ കാണാനിരുന്നത്.
മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ദൃശ്യം 2നു ശേഷം ജീത്തു ജോസഫ്- മോഹന്‍ലാല്‍ ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രവുമാണിത്. നവാഗതനായ കെ ആര്‍ കൃഷ്‍ണകുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രവുമാണ് ട്വല്‍ത്ത് മാന്‍. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ, അനു സിത്താര, രാഹുല്‍ മാധവ്, അനു മോഹന്‍, ചന്ദുനാഥ്, നന്ദു, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇടുക്കിയിലെ കുളമാവ് ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.